ചിക്കന്‍-മട്ടണ്‍ ബിരിയാണി മാത്രമല്ല ടേസ്റ്റിയാണ് ഫിഷ് ബിരിയാണിയും. കുടുംബാംഗങ്ങള്‍ മാത്രമുള്ള ചെറിയ ആഘോഷങ്ങള്‍ക്കൊക്കെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്‌പെഷ്യല്‍ വിഭവമാണ് ഫിഷ് ബിരിയാണി. ഇഷ്ടത്തിനനുസരിച്ച് ഏത് മീന്‍ ഉപയോഗിച്ചും ഫിഷ് ബിരിയാണി തയ്യാറാക്കാം.  

To advertise here,

ചേരുവകള്‍
നെയ്മീന്‍ കഷ്ണങ്ങളാക്കിയത്: 250 ഗ്രാം
അരി: ഒരു കപ്പ്
കറുവാപ്പട്ട: ഒരെണ്ണം
പച്ച ഏലയ്ക്കായ: മൂന്നെണ്ണം
ബേ ലീഫ്: ഒരെണ്ണം
ഇഞ്ചി പേസ്റ്റ്: ഒരു ടീസ്പൂണ്‍
തേങ്ങ: അരക്കപ്പ്
കശുവണ്ടി: അരക്കപ്പ്
നെയ്യ്: കാല്‍കപ്പ്
വെളുത്തുള്ളി: അഞ്ചെണ്ണം
ഉണങ്ങിയ ഏലക്കായ: ഒരെണ്ണം
പച്ചമുളക്: ഒരെണ്ണം
വെളുത്തുള്ളി പേസ്റ്റ്: ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍ 
ഗരംമസാലപ്പൊടി: ഒരു ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരി നന്നായി വേവിക്കുക. വേവ് കൂടിപ്പോവരുത്. ആവശ്യത്തിന് വെന്തുകഴിഞ്ഞാല്‍ വെള്ളം വാര്‍ത്ത് ഒരു പ്ലേറ്റിലേക്കാക്കി മാറ്റിവെക്കുക. 

ഇനി മീന്‍ എടുക്കുക. ഇവ ആവശ്യമായ വലുപ്പത്തിലും കനത്തിലും മുറിച്ചെടുത്ത് മാറ്റിവെക്കുക. അല്പം വലുപ്പമുള്ള കഷ്ണങ്ങളാക്കുന്നതാണ് നല്ലത്. 

ഇനി അടി കനവും വലുപ്പവുമുള്ള ഒരു പാന്‍ എടുക്കുക. ഇതിലേക്ക് നെയ്യ് ചേര്‍ക്കുക. ഇത് ചൂടാക്കി അതിലേക്ക് പച്ച ഏലക്കായകളും ബേ ലീഫും പച്ചമുളകും വെളുത്തുള്ളിയും കറുവാപ്പട്ടയും കശുവണ്ടിയും ചേര്‍ക്കുക. ഇവ നന്നായി വഴറ്റുക. 
രണ്ടോ മൂന്നോ മിനിറ്റിന് ശേഷം ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് കൂടി വഴറ്റുക. കുറഞ്ഞ തീയില്‍ വഴറ്റിയാല്‍ മതി. സുഗന്ധം വരുന്നതു വരെ വഴറ്റണം. ഇനി ഇതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് മീനിന്റെ ഇരുവശങ്ങളും ബ്രൗണ്‍ നിറമാകുന്നതു വരെ വേവിക്കണം. 

ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചോറ് ചേര്‍ക്കുക. ഒപ്പം തേങ്ങ ചിരവിയതും കൂടി ചേര്‍ത്ത് ചോറ് ഉടയാതെ ഇളക്കുക. ഇനി ഇതിലേക്ക് ഗരം മസാല പൊടി ചേര്‍ക്കുക. ഇതിന് മുകളില്‍ അല്പം വെള്ളം തളിക്കുക. പാത്രം മൂടി വെച്ച് കുറഞ്ഞ തീയില്‍ പത്ത് മിനിറ്റ് പാകം ചെയ്യുക. ഫിഷ് ബിരിയാണി റെഡി. ഇനി ചൂടോടെ വിളമ്പാം.

Content Highlights: How to make Fish Biryani, Food, Kerala Recipe