ഇന്ന് ലോകമുട്ട ദിനം. 1996-ല്‍ വിയന്നയില്‍ നടന്ന ഇന്റര്‍നാഷണല്‍ എഗ്ഗ് കമ്മീഷന്റെ സമ്മേളനത്തിലാണ് മുട്ടയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോക മുട്ടദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ശരീരത്തിന് ആവശ്യമായ പോഷകം തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണിത്. ഈ വര്‍ഷത്തെ ലോക മുട്ട ദിനത്തിന്റെ പ്രമേയം 'ആരോഗ്യകരമായ ഭാവിക്ക് മുട്ട ' എന്നതാണ്.

To advertise here,

പൊതുവേ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഭക്ഷണം കൂടിയാണിത്. മുട്ട കഴിക്കുന്നതിന്റെ ആരോഗ്യഗുണളറിഞ്ഞിരിക്കാം. ആരോഗ്യമുള്ള ഒരാള്‍ക്ക് ദിവസം കുറഞ്ഞത് ഒരു മുട്ട കഴിക്കാം. ഇതിലൂടെ നമുക്ക് വേണ്ടത്ര ഊര്‍ജം ലഭിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ല്യൂട്ടീന്‍, സിയാക്‌സാന്തിന്‍ എന്നീ ആന്റി ഓക്‌സിഡന്റുകള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. റെറ്റിനയ്ക്ക് നാശം സംഭവിക്കാതെ സംരക്ഷിക്കാന്‍ ഇവ സഹായിക്കുന്നു.

രക്തത്തിലെ കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കാനും മുട്ടയ്ക്ക് കഴിയും. രക്തത്തിലെ നല്ല കൊളസ്‌ട്രോള്‍ നില ഉയര്‍ത്താനും മുട്ട സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നുകൂടിയാണ്‌. വിശപ്പ്  കുറയ്ക്കാനും അധികം കലോറി ഉപഭോഗം കുറയ്ക്കാനും മുട്ട സഹായിക്കും.മുട്ടയുടെ വെള്ളയെക്കാള്‍ മുഴുവന്‍ മുട്ട കഴിക്കുന്നത് പേശി വളര്‍ച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും.

വിറ്റാമിന്‍ ഡി കുറയുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മുട്ട കഴിക്കുന്നത് വളരെ ഗുണം ചെയ്യും. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ന്റെ മികച്ച സ്രോതസ് കൂടിയാണിത്. ഒമേഗ-3 ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം സംരംക്ഷിക്കാന്‍ സഹായിക്കും. സള്‍ഫര്‍ സമൃദ്ധമായുള്ള ഭക്ഷണം കൂടിയാണിത്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്.

ഗര്‍ഭിണികള്‍ക്കു അത്യന്തം ആവശ്യമായ ഒന്നാണ് മുട്ടയിലടങ്ങിയിരിക്കുന്ന കോളിന്‍. ഗര്‍ഭസ്ഥശിശുവിന്റെ നട്ടെല്ലിന്റെ വളര്‍ച്ചയ്ക്കും, മസ്തിഷ്‌ക വികസനത്തിനും, ജനന വൈകല്യങ്ങളുടെ എണ്ണം കുറയ്ക്കുവാനും ഇത് സഹായിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.