മട്ടാഞ്ചേരി: സാമ്പത്തിക പരാധീനതയുള്ളതിനാല്‍ പെണ്‍മക്കളുടെ വിവാഹച്ചടങ്ങുകള്‍ നടത്താന്‍കഴിയാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് അത്താണിയാകുകയാണ് ഷമീറും കൂട്ടരും. 'മഹാത്മാ സ്‌നേഹ അടുക്കള' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഷമീറിന്റെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ വിവാഹവിരുന്നുകള്‍ ഏറ്റെടുത്ത് നടത്തും.

To advertise here,

തീര്‍ത്തും സൗജന്യമായാണ് ഇവര്‍ വിരുന്നിനുള്ള ഭക്ഷണമെത്തിക്കുന്നത്. ഇതുവരെ 101 വിവാഹവീടുകളിലാണ് ഇവര്‍ വിവാഹവിരുന്ന് സൗജന്യമായൊരുക്കിയത്. വിവാഹം നിശ്ചയിക്കുന്നവര്‍ മുന്‍കൂട്ടി ഈ സംഘടനയ്ക്ക് അപേക്ഷ നില്‍കിയാല്‍, അവര്‍ അത് പരിഗണിക്കും. അര്‍ഹത സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച ശേഷം വിരുന്നിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. മിക്കവാറും വീടുകളില്‍ ബിരിയാണിയാണ് നല്‍കുക. എത്രപേര്‍ക്കാണ് വിരുന്ന് നല്‍കേണ്ടതെന്ന് വീട്ടുകാര്‍ക്ക് നിശ്ചയിക്കാം. അതിനുള്ള വിഭവങ്ങളൊക്കെ മഹാത്മാ സ്‌നേഹ അടുക്കളയുടെ പ്രവര്‍ത്തകര്‍ എത്തിക്കും. മാത്രമല്ല, അത് പാകംചെയ്യുന്നതിനുള്ള ആളുകളെയും കൊണ്ടുവരും. സുമനസ്സുകളുടെ സഹായത്തോടെയാണ് വിരുന്ന് ഒരുക്കുന്നതെന്ന് കൂട്ടായ്മയുടെ നേതാവായ ഷമീര്‍ വളവത്ത് പറയുന്നു.

ബിരിയാണിയാണെങ്കില്‍, അതിനുവേണ്ട അരി, ഇറച്ചി മറ്റ് സാധനങ്ങള്‍ എന്നിവയെല്ലാം സംഭാവനയായി സംഘടിപ്പിക്കും. സ്ഥിരമായി ഈ സാധനങ്ങള്‍ സൗജന്യമായി നല്‍കാന്‍ തയ്യാറാകുന്നവരുണ്ട്. ഭക്ഷണം പാകംചെയ്യുന്ന തൊഴിലാളികള്‍ അത് സൗജന്യമായാണ് ചെയ്യുന്നത്.

പാകംചെയ്യുന്നതിനുള്ള പാത്രങ്ങള്‍പോലും സൗജന്യമായി നല്‍കാന്‍ ആളുകളുണ്ട്. വിവാഹവിരുന്ന് സൗജന്യമായാണ് നല്‍കുന്നതെന്ന് ഇവര്‍ ആരോടും പറയില്ല. ഇക്കാര്യം വീട്ടുകാര്‍ മാത്രമേ അറിയുന്നുള്ളൂ.

ഞായറാഴ്ച മട്ടാഞ്ചേരിയില്‍ നൂറ്റിയൊന്നാമത്തെ വിവാഹത്തിന് ഇവര്‍ വിരുന്നൊരുക്കി. ചലച്ചിത്ര നടി തെസ്നി ഖാനാണ് 101-ാം സൗജന്യ സത്കാരത്തിനുള്ള ബിരിയാണിച്ചെമ്പ് പൊട്ടിച്ച് ഭക്ഷണം വിളമ്പിയത്. 500 പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്. നസിര്‍ ബഷീര്‍ സേട്ടു, നസിര്‍ ഇസ്മായില്‍ സേട്ട്, കോ-ഓര്‍ഡിനേറ്റര്‍ അസിസ് ഇസാഖ് സേട്ട്, മീന ആന്റണി, അബ്ദുല്‍ അസിസ്, സുനിത ഷമീര്‍, ജസ്മീന്‍ റഫീഖ്, സൈദ സെയ്ദ്, അനീറ, ഹാരിസ്, മുജിബ് കൊച്ചങ്ങാടി, നജീബ് പള്ളുരുത്തി എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ഹതപ്പെട്ട കുടുംബങ്ങളില്‍ ഇനിയും സൗജന്യമായി വിരുന്നൊരുക്കുമെന്ന് ഷമീര്‍ വളവത്ത് പറയുന്നു.