മനസ്സൊന്ന് പിടിവിടുന്ന സമയത്ത് ഭക്ഷണങ്ങളിൽ അഭയം തേടുകയും അതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ചിലതരം ഭക്ഷണങ്ങൾ മാനസികാവസ്ഥ തകരാറിലാക്കുകയും ചെയ്യും. ഭക്ഷണവും മാനസികാരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ചിലതരം ഭക്ഷണങ്ങൾ പാടേ ഒഴിവാക്കുന്നത് മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
അമിതമായി സംസ്കരിച്ച ഭക്ഷണം ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ മെറ്റബോളിക് സൈക്യാട്രിയില്‍ വിദഗ്ധനായ ഡോ. ക്രിസ് പാമര്‍ ഹുബര്ലാബ് പോഡ്കാസ്റ്റിനു നല്കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നു.
ഭക്ഷണരീതിയിൽ സംസ്കരിച്ച ഭക്ഷണത്തിന്റെ അളവ് കൂടുംതോറും ശാരീരിക- മാനസികാരോഗ്യം വഷളാകുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ന്യൂറോബയോളജി പ്രൊഫസറായ അന്‍ഡ്ര്യൂ ഹുബര്മാനുമായുളള അഭിമുഖത്തില്‍ ഡോ. ക്രിസ് പറയുന്നത്. ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, അര്‍ബുദം തുടങ്ങി ശാരീരിക അസുഖങ്ങള്‍ക്കു പുറമേ മാനസികാരോഗ്യത്തേയും സംസ്കരിച്ച ഭക്ഷണം മോശമായ രീതിയിൽ ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
300,000 പേരില്‍ നടത്തിയ പഠനത്തിലാണ് സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപഭോഗവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം വ്യക്തമായത്. ദിവസവും സംസ്കരിച്ച ഭക്ഷണം അമിതമായി കഴിച്ചവരില്‍ 58% പേരും മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനത്തില്‍ കണ്ടെത്തി.
അനാരോഗ്യകരമായ ഭക്ഷണശീലം, തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന മൈറ്റോകോണ്ട്രിയയുടെ പ്രവർത്തനത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഇത് മാനസികനിലയിലെ വ്യതിയാനങ്ങൾ ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.
എന്താണ് യു.പി.എഫ് ( അൾട്രാ പ്രൊസെസ്ഡ് ഫുഡ്)
പാക്കറ്റിലാക്കി വിൽപനയ്ക്കെത്തുന്ന ബ്രെയ്ക്ക്ഫാസ്റ്റ് സിരിയലുകൾ, കൃത്രിമ മധുരപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ടെട്രാപാക് ജ്യൂസുകൾ, ഇൻസ്റ്റന്റ് സൂപ്പ്, സ്നാക്സ്, ചിക്കൻ നഗ്ഗറ്റ്സ്, സംസ്കരിച്ച മാംസം, പാചകം ചെയ്യാതെ കഴിക്കാവുന്ന പലതരം റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവയൊക്കെ ഇതിൽപ്പെടും.
വ്യവസായശാലകളിൽ അമിതമായി സംസ്കരിച്ചെടുക്കുന്നതാണവ. സംസ്കരിച്ച അന്നജമാണ് പലതിലെയും പ്രധാന ഘടകം. അതിൽ രുചി വർധിപ്പിക്കുന്ന വസ്തുക്കൾ, ചീത്തയാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകൾ, കൃത്രിമമധുരം, നിറങ്ങൾ, പൂരിത കൊഴുപ്പ്, ഉപ്പ് തുടങ്ങി പല വസ്തുക്കൾ ചേർക്കുന്നു. ഒടുവിൽ യഥാർഥ ഭക്ഷണത്തിന്റെ അടിസ്ഥാനസ്വഭാവം മാറിയാണ് കൈകളിലെത്തുന്നത്.
Content Highlights: Discover the alarming connection between ultra-processed foods and mental health issues.
Published: 20 Apr 2025, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented