പഞ്ചസാര ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റ് ശീലിക്കുന്നവരാണ് മിക്കവരും. ദൃഢനിശ്ചയത്തോടെ ഒരുപാട് നാളുകള്‍കൊണ്ടു വളര്‍ത്തിയെടുക്കുന്ന ശീലമാണത്. എന്നാല്‍ പലപ്പോഴും വൈകാരികമായ ചില കാരണങ്ങളാല്‍ നമ്മളില്‍ പലര്‍ക്കും മധുരം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടി വന്നേക്കാം.

To advertise here,

പ്രിയപ്പെട്ടവരുമായി ഭക്ഷണം പങ്കുവെക്കുമ്പോഴാണ് പലപ്പോഴും അതു സംഭവിക്കാറുള്ളത്. തന്റെ ജീവിതത്തിലും അത് അങ്ങനെത്തന്നെ ആണെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന പറയുന്നത്.

തന്റെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുന്നതിലുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി സംസാരിച്ചത്.

'ഞാന്‍ വളരെ മോശം ഭക്ഷണം കഴിച്ചിരുന്നു എന്നല്ല, പക്ഷെ മധുരം എനിക്ക് തീര്‍ത്തും ഒഴിവാക്കാന്‍ കഴിയില്ല. എനിക്കത് കഴിക്കണമെന്ന ആഗ്രഹമൊന്നുമില്ല. പക്ഷേ അതെന്റെ അമ്മയുടെ സന്തോഷത്തിനു വേണ്ടി മാത്രമാണ്', ജതിന്‍ സപ്രവുമായുള്ള അഭിമുഖത്തില്‍ സ്മൃതി പറഞ്ഞതിങ്ങനെ.

സാങ്‌ലിയിലെ വീട്ടില്‍ ആയിരിക്കുമ്പോള്‍, വിശേഷ ദിവസങ്ങളില്‍ മാത്രം എനിക്കാഗ്രഹമില്ലെങ്കിലും അമ്മയുടെ സന്തോഷത്തിനുവേണ്ടി ഞാന്‍ മധുരം കഴിക്കും. സ്‌നേഹത്തോടെ അമ്മ തനിക്കുവേണ്ടി മധുരപലഹാരങ്ങള്‍ തയ്യാറാക്കിയ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് സ്മൃതി പറഞ്ഞു. 'മോളെ, ഞാന്‍ പുതിയ മധുര പലഹാരം ഉണ്ടാക്കിയിട്ടുണ്ട്' എന്നു പറഞ്ഞാണത് തരാറുള്ളത്. അപ്പോള്‍, അവരുടെ സന്തോഷത്തിനുവേണ്ടി ഞാന്‍ കഴിക്കും', സ്മൃതി തുറന്നുപറഞ്ഞു.

തന്റെ ഡയറ്റിനെ കുറിച്ചും സ്മൃതി അഭിമുഖത്തില്‍ സൂചിപ്പിച്ചു. താനൊരു വെജിറ്റേറിയന്‍ ആണെന്നും ഹോട്ടലിലെ ഭക്ഷണം തനിക്ക് ചേരുന്നതല്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് സ്വന്തമായി പാചകക്കാരുണ്ടെന്നും സ്മൃതി വ്യക്തമാക്കി. അവരെല്ലാം പ്രോട്ടീന്‍, പോഷകങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ബോധവാന്മാരാണ്. അതേക്കുറിച്ച് അവരെല്ലാം എനിക്ക് പറഞ്ഞുതരാറുണ്ട്, താരം പറഞ്ഞു.

ഡയറ്റില്‍നിന്ന് പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ? പരിശോധിക്കാം. 

പഞ്ചസാരയുടെ അമിതമായ ഉപയോഗം ശരീരഭാരം വര്‍ധിപ്പിക്കല്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യസംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു.

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും യുവത്വം നിലനിര്‍ത്താനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കുന്നതിലൂടെ പ്രമേഹ സാധ്യത കുറയുന്നു.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും നല്ലതാണ്. മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിനും അത് സഹായകമാകുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)