പഴങ്ങൾ കഴിക്കുക, പാൽ കുടിക്കുക, ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുക തുടങ്ങി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദിവസവും കേൾക്കുന്നവരാണ് നമ്മൾ. പോഷകങ്ങളടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് മാത്രം നാം വിവരങ്ങളറിയാറുണ്ട്. എന്നാൽ അധികമറിയപ്പെടാത്ത ചില ഭക്ഷണങ്ങൾ കൂടുതൽ പോഷകങ്ങൾ നൽകുന്നുണ്ടെന്നതാണ് സത്യം.
പലപ്പോഴും നമ്മൾ അവഗണിക്കുന്ന ചില ഭക്ഷണങ്ങളായിരിക്കാം ഏറ്റവും നല്ലത്. ചെറിയ വിത്തുകൾ, നാട്ടിൽ തന്നെ ലഭ്യമായ ചില പഴങ്ങൾ, പരമ്പരാഗത ചേരുവകൾ എന്നിവയെല്ലാം ആഘോഷിക്കപ്പെടുന്ന പല ഭക്ഷണങ്ങളെക്കാളും കൂടുതൽ പോഷകങ്ങൾ നൽകുന്നു.
പോഷകാഹാരവിദഗ്ധയായ നമമി അഗർവാൾ ഇതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. സാധാരണയായി കഴിക്കുന്നവയുമായി താരതമ്യപ്പെടുത്തുമ്പോൾ ചില ഭക്ഷണങ്ങൾ യഥാർത്ഥത്തിൽ കൂടുതൽ പോഷകങ്ങൾ നൽകുന്നുണ്ടെന്ന് അവർ വിശദീകരിക്കുന്നു. ‘ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്, എന്നാൽ സ്മാർട്ടായി ഭക്ഷണം കഴിക്കുന്നത് തീർത്തും വ്യത്യസ്തമായ കാര്യമാണെ’ന്ന് അവർ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. നമമി അഗർവാൾ പോസ്റ്റിൽ പറയുന്ന മൂന്ന് ഭക്ഷണ മാറ്റങ്ങൾ താഴെക്കൊടുക്കുന്നു.
കാൽസ്യത്തിന് എള്ളോ അതോ പാലോ
ശരീരത്തിന് കാൽസ്യം കിട്ടാനായി പലപ്പോഴും പാൽ കുടിച്ചാൽ മതിയെന്നാണ് പറയപ്പെടുന്നത്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ താരതമ്യം ചെയ്യുമ്പോൾ എള്ളിന് വളരെ കൂടുതൽ കാൽസ്യം നൽകാൻ കഴിയുമെന്നാണ് ന്യൂട്രീഷനിസ്റ്റ് വ്യക്തമാക്കുന്നത്.
അഗർവാളിന്റെ പോസ്റ്റിൽ പങ്കുവെച്ച താരതമ്യത്തിനനുസരിച്ച്, ഏകദേശം 100 ഗ്രാം പാലിൽ ഏകദേശം 118 മി.ഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു. അതേസമയം, ഇത്രയും അളവ് എള്ളിൽ ഏകദേശം 1283 മി.ഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നുവെന്ന് കാണാം.
എള്ളിൽ ആരോഗ്യകരമായ കൊഴുപ്പുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് എല്ലുകൾക്ക് ബലം നൽകുന്നു. സാലഡുകളിലോ ചട്നികളിലോ പോലും ഒരു ചെറിയ അളവ് ചേർക്കുന്നത് കാൽസ്യം വർധിപ്പിക്കാൻ സഹായിക്കും.
ഇരുമ്പിന് ചീരയോ ഗാർഡൻ ക്രെസ്സ് വിത്തുകളോ
ചീര കഴിച്ചാൽ അയൺ കിട്ടുമെന്നത് വളരെക്കാലമായി നാം കേൾക്കുന്ന കാര്യമാണ്. എന്നാൽ ഗാർഡൻ ക്രെസ്സ് വിത്തുകളിൽ അതിശയകരമാംവിധം ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചീരയിൽ ഏകദേശം 2.7 മി.ഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുമ്പോൾ, ഗാർഡൻ ക്രെസ്സ് വിത്തുകളിൽ ഏകദേശം 17 മി.ഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നതായി ന്യൂട്രീഷ്‌നിസ്റ്റ് പറയുന്നു.
വിറ്റാമിൻ സി- ഓറഞ്ചോ പേരക്കയോ
ഓറഞ്ച് കഴിക്കുന്നത് വിറ്റാമിൻ സി ലഭിക്കാൻ നല്ലതാണെന്ന് കേട്ടിട്ടില്ലേ. പ്രതിരോധശേഷി വർധിപ്പിക്കാൻ പലരും ഓറഞ്ച് തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ മറ്റൊരു പഴത്തിൽ ഈ പോഷകത്തിന്റെ അളവ് വളരെ കൂടുതലാണ്. പേരക്ക വിറ്റാമിൻ സിയുടെ ഒരു വലിയ ഉറവിടമായി കണക്കാക്കുന്നു.
പോസ്റ്റിൽ പറയുന്നതനുസരിച്ച്, 100 ഗ്രാം ഓറഞ്ചിൽ ഏകദേശം 53 മി.ഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. അതേസമയം പേരക്കയിൽ ഏകദേശം 228 മി.ഗ്രാം ആണ് അടങ്ങിയതെന്ന് വ്യക്തമാക്കുന്നു.
വിറ്റാമിൻ സി കൂടാതെ, പേരക്കയിൽ നാരുകളും പോളിഫെനോൾസ് എന്നറിയപ്പെടുന്ന സസ്യസംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷിക്ക് ഉത്തമമാണ്.
സ്മാർട്ടായി ഭക്ഷണം കഴിക്കാം
ആരോഗ്യകരമായ ഭക്ഷണങ്ങളെ പൂർണമായി മാറ്റേണ്ടതില്ലെന്നും മറിച്ച് ചില സാധാരണ ഭക്ഷണങ്ങളിൽ അസാധാരണമായ പോഷക മൂല്യമുണ്ടെന്നും ന്യൂട്രീഷനിസ്റ്റ് വിശദീകരിക്കുന്നു.
പാൽ, ചീര, ഓറഞ്ചുകൾ എന്നിവ ഇപ്പോഴും ആരോഗ്യകരമായ ഓപ്ഷനുകളാണ്. എന്നാൽ എള്ള്, ഗാർഡൻ ക്രെസ്സ് വിത്തുകൾ, പേരക്ക തുടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുന്നത് ഭക്ഷണത്തെ കൂടുതൽ പോഷകസമൃദ്ധമാക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: Sesame seeds contain significantly more calcium than milk., Garden cress seeds provide higher iron content compared to spinach. Smart eating involves identifying nutrient-dense alternatives to common foods.
Published: 07 Mar 2026, 08:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented