നമ്മുടെ രാജ്യത്ത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് റാഗി. കാത്സ്യം, നാരുകള്‍, അവശ്യ അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് റാഗി.

To advertise here,

2023-ല്‍ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ധാന്യ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ധാന്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. ശേഷം റാഗിയടക്കമുള്ള ധാന്യങ്ങളുടെ പോഷകഗുണങ്ങള്‍ക്ക് ശ്രദ്ധ ലഭിക്കുകയുണ്ടായി.

ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന കണക്കുകള്‍ പ്രകാരം, 100 ഗ്രാം റാഗിയില്‍ ഏകദേശം 344 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അരിയിലും ഗോതമ്പിലും ഉള്ളതിനേക്കാള്‍ വളരെ കൂടുതലാണിത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും എല്ലുകളുടെ ബലത്തിന് വളരെ പ്രയോജനകരമാണ് റാഗി.

ദിവസവും റാഗി കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം.

കുട്ടികളില്‍ തലച്ചോറിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു
കുട്ടികള്‍ റാഗി കഴിക്കുന്നത് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. റാഗിയിലെ ഇരുമ്പ്, ട്രിപ്‌റ്റോഫാന്‍, ആന്റിഓക്‌സിഡന്റ് എന്നിവ ഓര്‍മശക്തി, മാനസികാവസ്ഥ, ഉറക്കത്തിന്റെ ഗുണമേന്മ എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.

റാഗികൊണ്ടുള്ള ലഘുഭക്ഷണങ്ങള്‍ ഇപ്പോള്‍ ധാരാളം കടകളില്‍ ലഭ്യമാണ്. എന്നാല്‍ അവ വാങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വാങ്ങുന്നതിനുമുമ്പ് ലഘുഭക്ഷണങ്ങളുടെ ലേബലുകള്‍ പരിശോധിക്കുക, കാരണം റാഗികൊണ്ടുള്ള സംസ്‌കരിച്ച ലഘുഭക്ഷണങ്ങളില്‍ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്ന രാസവസ്തുക്കള്‍, പ്രിസര്‍വേറ്റീവുകള്‍, ഫ്‌ളേവര്‍ എന്‍ഹാന്‍സറുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടാകാം.

എല്ലുകളുടെ ആരോഗ്യം
100 ഗ്രാം റാഗിയില്‍ 344-360 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടെന്നാണ് ന്യൂട്രീഷണല്‍ സയന്‍സ് ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള എല്ലുരോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരും പ്രായമായവരും റാഗി ഉപയോഗിക്കുന്നത് നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു
റാഗിയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു നല്ല തിരഞ്ഞെടുപ്പാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് റാഗി രക്തത്തിലേക്ക് സാവധാനത്തിലാണ് പഞ്ചസാര പുറത്തുവിടുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കുന്നു. പരമാവധി ആരോഗ്യ ഗുണം ലഭിക്കുന്നതിന്, ദിവസേന റാഗി റൊട്ടി, റാഗി ദോശ, റാഗി കഞ്ഞിയുമായി എന്നിവയെല്ലാം തയ്യാറാക്കി കഴിക്കാം.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഡയറ്ററി ഫൈബര്‍കൊണ്ട് സമ്പന്നമാണ് റാഗി. ഇത് ദഹനത്തിന് നല്ലതാണ്. റാഗിയിലെ റെസിസ്റ്റന്‍ഡ് സ്റ്റാര്‍ച്ച് ഒരു പ്രിബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. മെച്ചപ്പെട്ട രോഗപ്രതിരോധം, മാനസികാവസ്ഥ, ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കല്‍ എന്നിവയ്ക്ക് റാഗി സഹായിക്കും.

റാഗിയില്‍ ഓക്‌സലേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ അല്ലെങ്കില്‍ ഓക്‌സലേറ്റ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നവര്‍ ഡോക്ടറെ സമീപിച്ച ശേഷം മാത്രമേ റാഗി കഴിക്കാവൂ എന്നാണ് പഠനങ്ങള്‍ നിര്‍ദേശിക്കുന്നത്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)