ചായ പ്രേമികൾ ഏറെയാണെങ്കിലും ഓരോരുത്തരുടെയും രുചികൾ വ്യത്യസ്തമായിരിക്കും. ഇഞ്ചി, ഏലയ്ക്ക, മസാലകൾ എന്നിവ ചേർത്ത നല്ല കടുപ്പമേറിയ ചായ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ മസാലകളില്ലാത്ത ലളിതമായ ചായയുടെ വിശേഷവുമായി എത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസറും നടിയുമായ പ്രാജക്ത കോലി.

To advertise here,

മസാലകളില്ലാത്ത ചായ തയ്യാറാക്കുന്ന തന്റെ വ്യത്യസ്തമായ രീതി ട്വീക്ക് ഇന്ത്യ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രാജക്ത വിവരിച്ചത്. ചായയുടെ യഥാർത്ഥ രുചി ആസ്വദിക്കാനാണ് താൻ ഇത്തരം ചേരുവകൾ ഒഴിവാക്കുന്നതെന്ന് താരം പറയുന്നു. താൻ തയ്യാറാക്കുന്ന ചായയുടെ റെസിപ്പിയും പ്രാജക്ത പങ്കുവെക്കുന്നുണ്ട്. 

ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാലുടൻ തീ അണയ്ക്കണം. ഇതിലേക്ക് ചായപ്പൊടിയിട്ട് ഏകദേശം 30 സെക്കൻഡ് നേരത്തേക്ക് പാത്രം അടച്ചു വെക്കുക. ഇതിനുശേഷം ചായ അരിച്ചെടുത്ത് ആവശ്യത്തിന് പാലും പഞ്ചസാരയും ചേർക്കാം. ഇഞ്ചി, ഏലയ്ക്കയോ മറ്റു മസാലകളോ തനിക്ക് ചായയിൽ താല്പര്യമില്ലെന്നും താരം വ്യക്തമാക്കി.

"എനിക്ക് ചായയുടെ യഥാർത്ഥ രുചി അറിയാനാണ് ഇഷ്ടം. മസാല ചായ പലർക്കും വലിയ ഇഷ്ടമാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ ഞാൻ ഉണ്ടാക്കുന്ന ഈ ചായ ഒട്ടും ഇഷ്ടമല്ല. ആരും എന്നോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെടാറില്ല എന്നത് എന്റെ ഭാഗ്യം"- പ്രാജക്ത തമാശയായി പറഞ്ഞു.

മസാലകളൊന്നുമില്ലാത്ത ചായ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് പ്രാജക്തയുടെ ഈ 'നോ മസാല ചായ'.