ന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളുടെ ചൂട് കുറഞ്ഞുവരുന്നതിനിടയ്ക്കാണ് മൈസൂര്‍പാക്കിന്റെ പേര് മാറ്റുകയാണെന്ന് പറഞ്ഞ് ജയ്പുരിലെ ചില കടയുടമകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേരില്‍നിന്നും പാക്ക് എന്ന് മാറ്റി പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നായിരുന്നു കടയുടമകളുടെ പക്ഷം. 

To advertise here,

മൈസൂര്‍ പാകിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബത്തിലെ അംഗം. കൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പയുടെ പിന്‍ഗാമിയാണ് എസ്. നടരാജ് എന്ന് പേരുള്ള ഇയാള്‍. ഇപ്പോഴും മൈസൂര്‍ പാക്കുണ്ടാക്കി വില്‍ക്കുന്ന ഇവര്‍ക്ക് തങ്ങളുടെ മുൻഗാമികൾ കണ്ടുപിടിച്ച പലഹാരത്തിന്റെ പേര് മാറ്റിയതിനോട് കടുത്ത അതൃപ്തിയാണുള്ളതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 

'എല്ലാ പാരമ്പര്യങ്ങള്‍ക്കും അതിന്റേതായ പേരുള്ളതുപോലെ മൈസൂര്‍ പാകിനുമുണ്ട്. അതില്‍ മാറ്റം വരുത്തുകയോ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്'- നടരാജ് പറയുന്നു.

'പഞ്ചസാര സിറപ്പ് എന്നര്‍ഥമുള്ള പാക്ക എന്ന കന്നഡ വാക്കില്‍നിന്നാണ് പാക്ക്  ഉണ്ടായത്. മൈസൂരിലുണ്ടാക്കിയ ഭക്ഷണമായതിനാലാണ് മൈസൂര്‍ പാക്ക് എന്ന് വന്നത്. ഇതല്ലാതെ ആ പലഹാരത്തെ മറ്റൊന്നും വിളിക്കുന്നതില്‍ അര്‍ഥമില്ല. ലോകത്ത് ആരെവിടെ പോയാലും ഈ പലഹാരം കണ്ടാല്‍ അത് മൈസൂര്‍ പാക്കാണെന്ന് തിരിച്ചറിയാനും ആ പേര് വിളിക്കാനും കഴിയണം. ആ പേര് മാറ്റാന്‍ ആര്‍ക്കും ഒരവകാശവുമില്ല.'- അദ്ദേഹം പറഞ്ഞു. 

'ഗുരു സ്വീറ്റ്‌സ്' എന്ന പേരില്‍ മൈസൂരുവില്‍ കട നടത്തിവരികയാണ് നടരാജന്റെ കുടുംബം. രാജകീയ പലഹാരമായിരുന്ന മൈസൂര്‍ പാക്ക് കൊട്ടാരത്തിനകത്തും പുറത്തും ജനപ്രിയമാക്കിയ കുടുംബം ഇപ്പോള്‍ അഞ്ചാം തലമുറയിലേക്ക് കടന്നിരിക്കുകയാണ്.

കര്‍ണാടകയിലെ ജനപ്രിയ മധുരപലഹാരമായ മൈസൂര്‍പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതോടെ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ച സജീവമായിരുന്നു.  മൈസൂര്‍ കൊട്ടാരത്തിലെ അടുക്കളയിലാണ് മൈസൂര്‍ പാക്ക് ആദ്യമായി പാചകം ചെയ്തത്. രാജാവായ കൃഷ്ണരാജ വൊഡയാര്‍ നാലാമന്റെ ഭരണകാലത്താണ് ഈ പലഹാരം ആദ്യമായുണ്ടാക്കിയത്.