ഇന്ത്യാ- പാക് സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി രാജസ്ഥാനിലെ ജയ്പൂരിലെ കടയുടമകള്‍. മധുരപലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തതായും കടയുടമകള്‍ പറയുന്നു. 

To advertise here,

മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നും പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കി.

പാക്ക് എന്ന പേരിന് പാക്കിസ്താനുമായി ഒരു ബന്ധവുമില്ല. കന്നഡയില്‍ മധുരത്തിന് പാക്ക് എന്നാണ് അര്‍ഥമാക്കുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. 

ദീപാവലിയടക്കമുള്ള ആഘോഷങ്ങളിൽ മുൻപന്തിയിലുള്ള മൈസൂര്‍ പാക്ക് കര്‍ണാടകക്കാരുടെ ഇഷ്ടപലഹാരമാണ്. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഇതുണ്ടാക്കാനായി ആവശ്യമുള്ളു.

ആവശ്യമുള്ള സാധനങ്ങൾ

  • കടലമാവ് - 100 ഗ്രാം
  • നെയ്യ് - 400 മില്ലി
  • പഞ്ചസാര - 600 ഗ്രാം
  • വെള്ളം - 200 മില്ലി
  • ഏലയ്ക്കാപ്പൊടി - ഒരു ഗ്രാം

തയ്യാറാക്കുന്ന വിധം

കടലമാവ് ചെറുതീയില്‍ റോസ്റ്റ് ചെയ്തശേഷം അരിച്ചെടുക്കണം. അല്പം വെള്ളത്തില്‍ പഞ്ചസാരയിട്ട് നന്നായി കുറുക്കുക. ഇതിലേക്ക് അല്പം നെയ്യ് ഒഴിക്കുക. ശേഷം അരിച്ചുവെച്ച മാവ് ചേര്‍ത്ത് കുമിളകള്‍ വരുന്നതുവരെ നന്നായി ഇളക്കുക. ഇതിലേക്ക് ചൂടാക്കിയ നെയ്യ് അല്പാല്പമായി ഒഴിക്കാം. ശേഷം ഈ മാവ് മിശ്രിതം നെയ്യ് പുരട്ടിയ ട്രേയിലേക്ക് മാറ്റി തണുപ്പിച്ച ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.