ഇന്ത്യൻ രുചികളിൽ പ്രധാനിയായ പപ്പടത്തിന് 'ഏഷ്യന്‍ നാച്ചോസ്' എന്ന് പേരിട്ട് വെട്ടിലായിരിക്കുകയാണ് മലേഷ്യന്‍ റെസ്റ്റൊറന്റ്. സാമന്ത എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റെസ്‌റ്റൊറന്റിലെ മെനുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്' എന്ന കാപ്ഷനോടെയാണ് സാമന്ത ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

To advertise here,

ഒരു പാത്രത്തില്‍ നിറയെ പപ്പടവും അരികില്‍ സോസുമടങ്ങുന്ന ചിത്രമാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. പപ്പടം, അവക്കാഡോ, ടാമരിന്‍ഡ് സല്‍സ, ക്രിസ്പി ഷാലറ്റ്‌സ് എന്നിവ അടങ്ങുന്നതാണ് ഏഷ്യന്‍ നാച്ചോസ് എന്ന് മെനുവില്‍ വ്യക്തമാക്കുന്നു. 

ഈ ട്വീറ്റ് പങ്കുവെച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലായി. 4.37 ലക്ഷം പേരാണ് ട്വീറ്റ് കണ്ടത്. 89,000 പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തു. ഏകദേശം അഞ്ഞൂറ് രൂപയാണ് ഈ വിഭവത്തിന്റെ വില. വിഭവത്തിന് ഈടാക്കുന്ന ഉയര്‍ന്നവിലയെയും പപ്പടത്തിന് നല്‍കിയ പേരിനെയും ട്രോളി ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

ടോര്‍ട്ടില്ല ചിപ്‌സ്, ചീസ് സോസ് എന്നിവയും വെജ് അല്ലെങ്കില്‍ നോണ്‍ വെജ് ടോപ്പിങ്‌സും സല്‍സ അല്ലെങ്കില്‍ പുളിരുചിയുള്ള ക്രീമും അടങ്ങിയ മെക്‌സിക്കന്‍ വിഭവമാണ് നാച്ചോസ്. 

പപ്പടത്തോട് ഇത്രയും ക്രൂരത വേണ്ടിയിരുന്നില്ലെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.