കോഴിക്കോട്: ബീച്ചിലെത്തുന്നവര്‍ക്ക് കടലിനോട് മിണ്ടിപ്പറഞ്ഞ്, കാറ്റിനോട് കൂട്ടുകൂടി വൃത്തിയുള്ള ഭക്ഷണം രുചിക്കാം, ഇതിനായി ആധുനികസൗകര്യങ്ങളോടെ ബീച്ചില്‍ ഒരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഒരു മാസത്തിനുള്ളില്‍ തുറക്കും. 

To advertise here,

ഒരേ മാതൃകയില്‍ ഒരുക്കുന്ന പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഉന്തുവണ്ടികളാണ് (ബങ്ക്) ബീച്ചില്‍ ഇനിയുണ്ടാവുക. സ്ട്രീറ്റിന്റെ പണിയുടെ ഭാഗമായി രണ്ട് ഉന്തുവണ്ടികള്‍ ഇപ്പോഴൊരുക്കുന്ന സ്ഥലത്ത് എടുത്തുവെച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15-നുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ശ്രമം.

ഭക്ഷ്യസുരക്ഷാവകുപ്പ്, ദേശീയ ആരോഗ്യദൗത്യം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍), കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വൃത്തിയുള്ള, ഗുണമേന്മയുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് ഉറപ്പാക്കാന്‍പറ്റുന്ന രീതിയിലാണ് സൗകര്യമൊരുക്കുന്നത്.

തിങ്കളാഴ്ച മുതല്‍ ട്രാന്‍സ്ഫോര്‍മറിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ഭക്ഷണത്തെരുവ് മേഖലയില്‍ മുഴുവന്‍ പ്രത്യേക ലൈറ്റുകളും ഒരുക്കും.

രുചിവൈവിധ്യവുമായി 90 ഉന്തുവണ്ടികള്‍
ബീച്ചില്‍ 240 മീറ്റര്‍ നീളത്തിലുള്ള സ്ഥലത്താണ് ഭക്ഷണത്തെരുവ് ഒരുങ്ങുന്നത്. പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കി അവിടെ ഉന്തുവണ്ടികള്‍ വെക്കും. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. പലനാടുകളില്‍നിന്നുള്ള ഭക്ഷണം ഉന്തുവണ്ടികളിലുണ്ടാവും. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയുമെല്ലാം ഭക്ഷണം വിളമ്പുമെന്ന് കോര്‍പ്പറേഷന്‍ ക്ഷേമകാര്യസമിതി അധ്യക്ഷന്‍ പി. ദിവാകരന്‍ പറഞ്ഞു.

ഭക്ഷണവും വെള്ളവുമെല്ലാം ചൂടോടെ സൂക്ഷിക്കാനുള്ള സൗകര്യം ഉന്തുവണ്ടികളിലുണ്ട്. ഡി എര്‍ത്താണ് ഇവ ഡിസൈന്‍ ചെയ്തിട്ടുള്ളത്. പൊതുമേഖലാസ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസാണ് വണ്ടികളുണ്ടാക്കുന്നത്. കടല്‍ക്കാറ്റേറ്റ് തുരുമ്പെടുക്കാതിരിക്കാന്‍ പ്രത്യേകമായ സ്റ്റീല്‍ സ്ട്രക്ചറിലാണ് നിര്‍മാണം. മലിനജലം സംസ്‌കരിക്കാനും സംവിധാനമുണ്ട്.

മുലയൂട്ടാനും സൗകര്യം
ഭക്ഷണത്തെരുവിനോട് ചേര്‍ന്ന് മുലയൂട്ടാനുള്ള സൗകര്യവുമൊരുക്കും. അതുപോലെ നിലവിലുള്ള പോലീസ് എയ്ഡ് പോ സ്റ്റും പുതുക്കുന്നുണ്ട്. ഭക്ഷണത്തെരുവിന് 4.06 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 2.41 കോടി രൂപ ദേശീയനഗര ഉപ ജീവനദൗത്യം വഴിയും ഒരു കോടി രൂപ ഭക്ഷ്യസുരക്ഷാ വകുപ്പുമാണ് ചെലവഴിക്കുന്നത്. 

ശേഷിക്കുന്ന തുക കോര്‍പ്പറേഷനാണ് വഹിക്കുന്നത്. ഉന്തുവണ്ടിയൊരുക്കാന്‍ കച്ചവടക്കാര്‍ക്ക് മൂന്നുലക്ഷം രൂപ ബാങ്ക് വായ്പ നല്‍കുന്നുണ്ട്. സംസ്ഥാനത്ത് നാലിടത്താണ് ഇത്തരത്തിലുള്ള ഭക്ഷണത്തെരുവ് യാഥാര്‍ഥ്യമാകുന്നത്.