കോഴിക്കോട്: കേരളത്തിന്റെ ഭക്ഷണ തലസ്ഥാനമായ കോഴിക്കോട് ഇനി ഹോട്ടലുകളിൽ ഭക്ഷണം പാഴാവില്ല. ഹോട്ടലുകളിൽ ബാക്കിവരുന്ന ഭക്ഷണം കുറഞ്ഞ ചെലവിൽ ആളുകളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘കയ്ക്ക’ എന്ന ആപ്പുമായി എത്തിയിരിക്കുകയാണ് കുറ്റിക്കാട്ടൂർ സ്വദേശിയായ വി. മുഹമ്മദ് നിഹാലും ആരാമ്പ്രം സ്വദേശിനി കെ.പി. ഹിബ നൗറിനും. ഉടൻ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന ആപ്പ് വൈകാതെ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാകും.

To advertise here,

ഇറ്റലിയിൽ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ നിഹാലും ഹിബയും അവിടെ ഇത്തരം ആപ്പ് കണ്ടും ഉപയോഗിച്ചും ശീലിച്ചിരുന്നു. സ്വന്തംനാട്ടിൽ എന്തുകൊണ്ട് ഇങ്ങനെയൊരു സംരംഭം ആരംഭിച്ചുകൂടാ എന്ന ചിന്തയാണ് ‘കയ്ക്ക’യിലേക്കെത്തിയത്. കോഴിക്കോട്ടെ 40-ഓളം പ്രമുഖ ഹോട്ടലുകൾ ഇതിനോടകം ആപ്പിന്റെ ഭാഗമായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആപ്പിൽ ഹോട്ടലുകളിൽ ഭക്ഷണസമയം കഴിയാറാകുന്നതിനനുസരിച്ച് ലഭ്യതയെക്കുറിച്ച് വിവരം ലഭിക്കും. സാധാരണവിലയെക്കാൾ 60 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഭക്ഷണം ലഭിക്കുക.

മാജിക്ക് പാക്കുകളായിട്ടായിരിക്കും ഭക്ഷണത്തിന്റെ ലഭ്യത ആപ്പിൽ കാണിക്കുക. പാക്കുകളിൽ എന്തായിരിക്കുമെന്ന് നേരത്തേയറിയാൻ സാധിക്കില്ല. സ്മോൾ, മീഡിയം, ലാർജ് തുടങ്ങിയ അളവിലുള്ള മാജിക്ക് പാക്കുകളുടെ ലഭ്യതയുണ്ടെന്നാണ് ആപ്പിൽ കാണിക്കുക. ഇതിൽ ആ ഹോട്ടലിലെ മെനുവിലുള്ള ഏത് ഭക്ഷണവും ലഭിച്ചെന്നുവരും. നൽകുന്ന പണത്തെക്കാൾ മൂല്യമുള്ള ഭക്ഷണം ലഭിക്കുമെന്നതാണ് ആപ്പ് നൽകുന്ന ഉറപ്പ്.

ഭക്ഷണം ബുക്കുചെയ്താൽ നിശ്ചിതസമയത്തിനുള്ളിൽ ഹോട്ടലിലെത്തി അതുവാങ്ങണം. വീട്ടിൽനിന്നുമാറി കോഴിക്കോട്ടുതാമസിക്കുന്ന വിദ്യാർഥികളെയും ജോലിക്കാരെയും ലക്ഷ്യമിട്ടാണ് ആപ്പ് പുറത്തിറക്കുന്നത്. മാജിക്ക് ബോക്സിനുമുകളിൽ ഭക്ഷണംപാക്കുചെയ്ത സമയം, കഴിക്കേണ്ട സമയം എന്നിവയും രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.

നിഹാലിന്റെ സഹോദരൻ വി. സനൂജ് റഹ്‌മാനാണ് ആപ്പിന്റെ പാർട്ണർമാരിൽ ഒരാൾ. കെ. റനിയ നസ്റീൻ, അതുൽ നൗഷാദ്, മൂസ തുടങ്ങിയവരടങ്ങിയ സംഘവുമുണ്ട് ആപ്പിനുപുറകിൽ.