
കണ്ണൂർ: റംസാൻ നോമ്പുകാലത്ത് പഴവിപണി ഉണരുന്നു. അതിൽ പ്രധാനമാണ് ഈത്തപ്പഴ വിപണി. ഈത്തപ്പഴങ്ങളുടെ രാജാവായ മെഡ്‌ജൂൾ മുതൽ കാരയ്ക്കവരെ പല രാജ്യങ്ങളിൽനിന്നായി കടകളിലെത്തിയിട്ടുണ്ട്. കിലോയ്ക്ക് 150 മുതൽ 1100 രൂപ വരെ വില വരുന്ന വിദേശികളാണ് വിപണി അടക്കിവാഴുന്നത്.
മെഡ്‌ജൂളാണ് വിലകൂടിയ ഇനം. ജോർദാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വലിപ്പമേറിയ ഈത്തപ്പഴമാണിവ. കിലോയ്ക്ക് 1,100 രൂപയാണ് വില. പാകിസ്താനിൽനിന്നും ഇസ്രയേലിൽനിന്നും ഇവയെത്തുന്നുണ്ട്. വലിപ്പവും ഗുണവും കൂടുന്നതിനനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. ഔഷധഗുണമുണ്ടെന്ന് കരുതപ്പെടുന്ന അജ്‌വയ്ക്ക് 600 രൂപ മുതലാണ് വില. ഇറാനിൽനിന്ന് ഇറക്കുമതിചെയ്ത മസാഫാത്തി മൃദുവായ ഈന്തപ്പഴയിനമാണ്.
150 മുതലാണ് വില. സൗദിയിൽനിന്നുള്ളവയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഗുണമേന്മയും വിലക്കുറവുമാണ് ഇതിന്റെ ആകർഷണം. സൗദിയിൽനിന്നുള്ള സഫാവിയാണ് അക്കൂട്ടത്തിലെ പ്രധാനി. കിലോയ്ക്ക് 350 രൂപ മുതലാണ് വില. 150 മുതൽ 350 രൂപവരെയാണ് കാരയ്ക്കയുടെ വില.
'മുൻപ് കാരയ്ക്ക കൂടുതൽ ചെലവായിരുന്നു. ഇന്ന് മൃദുവായ ഈന്തപ്പഴമാണ് ആളുകൾക്ക് കൂടുതലിഷ്ടം. റംസാൻകാലത്ത് കച്ചവടം ഇരട്ടിയലധികമാകാറുണ്ട്. കൂടുതൽ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി വിതരണം ചെയ്യാൻ നിരവധിപേർ ഡ്രൈഫ്രൂട്ട്‌സ് വാങ്ങാനെത്താറുണ്ട്' -ഗോപാൽ സ്ട്രീറ്റിലെ സ്വദേശി ഡ്രൈ ഫ്രൂട്ട്‌സ് ഇംപെക്സ് ഉടമ കെ.മുഹമ്മദ് റിയാസ് പറഞ്ഞു.
ബദാം, അത്തിപ്പഴം, വാൽനട്ട് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. ടാൻസാനിയയിൽനിന്ന് ഇറക്കുമതിചെയ്ത കിലോയ്ക്ക് 3,000 രൂപ വരുന്ന മാമ്പ്രയാണ് ബദാമിലെ വിലയേറിയ താരം. 1,500 രൂപ വരെയാണ് അത്തിപ്പഴത്തിന്റെ വില. ഡ്രൈഫ്രൂട്ട്‌സിന് കഴിഞ്ഞ റംസാൻകാലത്തെ അപേക്ഷിച്ച് വിലയിൽ കുതിച്ചുകയറ്റമുണ്ടായിട്ടില്ല.
മുന്നിൽ തണ്ണിമത്തൻ
വിദേശികൾ നിരന്നാലും നോമ്പുകാലത്ത് പ്രിയം ജലാംശം ഏറെയുള്ള തണ്ണിമത്തനോടുതന്നെയാണ്. കിലോയ്ക്ക് 28 രൂപയാണ് വില. മാൻഡറിൻ ഓറഞ്ചാണ് പഴവിപണിയിലെ ന്യൂജെൻ. ചൈന, മൊറോക്കോ എന്നിവിടങ്ങളിൽനിന്നെത്തുന്ന ഇവ കാഴ്ചയിൽ കുഞ്ഞൻ ഓറഞ്ചാണ്. നല്ല മധുരമുള്ള കുരുവില്ലാത്ത ഇനമാണിത്. കിലോയ്ക്ക് 200 രൂപയാണ്. 80 മുതൽ 100 രൂപവരെയുള്ള ഓറഞ്ചുകളുണ്ട്. 120 രൂപയ്ക്ക് ഒരുകിലോ സിട്രസ് ഓറഞ്ചും വാങ്ങാം.
പഴവിപണിയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിലക്കുറവാണ്. എന്നാലും നോമ്പുകാലത്ത് തുടക്കത്തിൽ കാണാറുള്ള കച്ചവടം ഇത്തവണ നടന്നിട്ടില്ലെന്ന് രാജീവ് ഗാന്ധി റോഡിലെ ജെ.ടി.എസ്. കടയിലെ പി.സജീർ പറഞ്ഞു. ആപ്പിളുകളിൽ പല ഇനങ്ങളുണ്ട്.
220 മുതൽ 300 രൂപവരെയാണ് വില. ഗാല ആപ്പിളിന് കിലോയ്ക്ക് 280 രൂപ നൽകണം. മഹാരാഷ്ട്രയിൽനിന്നാണ് ഉറുമാമ്പഴം കൂടുതലായും എത്തുന്നത്. 220 രൂപയാണ് കിലോയ്ക്ക്. ടാൻസാനിയയിൽനിന്നുള്ള അവക്കാഡോ കിലോയ്ക്ക് 600 രൂപയാണ്. സ്‌ട്രോബറിയും വിപണിയിലെത്തിയിട്ടുണ്ട്. ചെറിക്ക് കിലോയ്ക്ക് 2000 രൂപയാണ്.
Published: 24 Feb 2026, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented