പ്രിയപ്പെട്ട പാനീയങ്ങള്‍ ആരോഗ്യകാരണങ്ങള്‍കൊണ്ട് ഒഴിവാക്കുന്നവര്‍ അനവധിയാണ്. എന്നാല്‍ കാപ്പി മധ്യവയസ്കരായ സ്ത്രീകളുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് സൂചിപ്പിക്കുകയാണ് അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂട്രീഷന്‍ പുറത്തുവിട്ട പഠനം. 50,000 സ്ത്രീകളെയാണ് 30 വര്‍ഷം നീണ്ട പഠനത്തിന് വിധേയമാക്കിയത്. 

To advertise here,

കാപ്പി കുടിക്കുന്ന സ്ത്രീകളില്‍ മാനസികമായ വ്യക്തതയും ശാരീരിക ശക്തിയും വര്‍ധിക്കുന്നതായി കണ്ടെത്തി. 40 മുതല്‍ 50 വയസ്സിനിടയില്‍ കാപ്പി കുടിച്ചിരുന്ന സ്ത്രീകളുടെ വാര്‍ധക്യം ആരോഗ്യകരമാണെന്നും പഠനത്തില്‍ കണ്ടെത്തി. എഴുപത്  വയസു പിന്നിട്ടിട്ടും ഓര്‍മ്മക്കുറവ്, അര്‍ബുദം, ഹൃദ്രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഇല്ലാത്തവരെയാണ് ആരോഗ്യകരമായി വാര്‍ധക്യത്തിലേക്ക് കടന്നവരായി പറയാറുള്ളത്. 

ആരോഗ്യകരമായി വാര്‍ധക്യത്തിലേക്ക് കടന്നവര്‍ 315 മില്ലിഗ്രാം കഫീന്‍ ഒരു ദിവസം കുടിച്ചിരുന്നതായാണ് പഠനത്തിലെ കണ്ടെത്തല്‍. ഏകദേശം മൂന്ന് ചെറിയ കപ്പ് കാപ്പിയിലെ അളവാണിത്. കഫീന്റെ സാന്നിധ്യം ഏറ്റവും കുറവ് അളവ് കാപ്പികുടിച്ചവരിലും ചായ കുടിച്ചവരിലും ഗവേഷകര്‍ക്ക് കണ്ടെത്താനായില്ല. കഫീന്റെ മറ്റൊരു സ്രോതസായ കോളയ്ക്കും ഈ ഗുണം നല്‍കാനായില്ല. 

കാപ്പിയിലെ ആൻ്റിഓക്സിഡൻ്റുകളും കഫിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിന്റെ ഊര്‍ജ്ജനിലവാരം നിലനിര്‍ത്തുകയും ചെയ്യുന്നതായി ഗവേഷകര്‍ വ്യക്തമാക്കി.കാപ്പി പ്രേമികള്‍ക്ക് ഈ പഠനം ഒരു സന്തോഷവാര്‍ത്തയാണ്, എന്നാല്‍ മിതമായ അളവില്‍ കാപ്പി കുടിക്കുന്നതാണ് ഗുണകരമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.