ബെംഗളൂരുവിലെ ഒരു റസ്റ്ററന്റിലെ ഭക്ഷണ വിലയെ കുറിച്ചുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഒരു ഇഡ്ഡലി ഓർഡർ ചെയ്യുന്നതിനെ രസകരമായി നിരുത്സാഹപ്പെടുത്തുന്ന തരത്തിലാണ് ഈ പോസ്റ്റർ. നാല് ഇഡ്ഡലിക്ക് 50 രൂപയും ഒരു ഇഡ്ഡലിക്ക് 100 രൂപ എന്നുമാണ് വിലയായി എഴുതിയിരിക്കുന്നത്. അതായത് എട്ട് ഇഡ്ഡലി അടങ്ങിയ രണ്ട് പ്‌ളേറ്റുകളുടെ വിലയ്ക്ക് തുല്ല്യമാണ് ഒരു ഇഡ്ഡലിയുടെ വില.

To advertise here,

ബെംഗളൂരു വീരപ്പിള്ളൈ സ്ട്രീറ്റിലെ കൊമേഴ്‌സ്യൽ സ്ട്രീറ്റിന് സമാന്തരമായുള്ള റസ്റ്ററന്റായ നവീൻ ബട്ടർ ദോശയിലാണ് ഈ രസകരമായ പോസ്റ്റർ വെച്ചിരിക്കുന്നത്. ബെംഗളൂരു എന്ന് പേരുള്ള റെഡ്ഡിറ്റ് അക്കൗണ്ടിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിന് താഴെ ഒട്ടേറെപ്പേർ കമന്റും ചെയ്തു.

'50 രൂപയ്ക്ക് നാല് ഇഡ്ലി വാങ്ങുക. ഒറ്റ ഇഡ്ലി 25 രൂപയ്ക്ക് വിൽക്കുക. 50 രൂപ ലാഭം നേടുക.' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. 'നാല് ഇഡ്ലി - 100 ഗ്രാം 50 രൂപയ്ക്ക്; ഒറ്റ ഇഡ്ലി - 200 ഗ്രാം 100 രൂപയ്ക്ക്. നമ്മളെ വിഡ്ഢികളാക്കുകയാണ് ഇവർ.' എന്ന് ഒരാൾ കുറിച്ചു. 'അവർ ഒരുപക്ഷേ നാല് ഇഡ്ലി ഒരുമിച്ച് ഉണ്ടാക്കുന്നതാകാം, അതിനാൽ ആരെങ്കിലും ഒന്ന് മാത്രം വാങ്ങുകയാണെങ്കിൽ, ബാക്കിയുള്ള മൂന്നെണ്ണം തണുത്തുപോകും.' എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ കമന്റ്. ചെറിയ വിലയ്ക്ക് ഒരു ഇഡ്ഡലി വിൽക്കാൻ തുടങ്ങിയാൽ എല്ലാവരും അത് വാങ്ങുമെന്നും അവർക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും കച്ചവടം കുറയുമെന്നും മറ്റൊരാൾ കുറിച്ചു.