ഫ്‌ളാക്‌സ് സീഡ്, ചിയാ സീഡ്, ബേസിൽ സീഡ് തുടങ്ങിയ ഒരുപാട് വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നവരാണ് നമ്മൾ. എന്നാൽ ഈ വിത്തുകളെക്കുറിച്ച് കാര്യമായ അറിവില്ലാതെയാണോ നിങ്ങൾ അവ ഡയറ്റിന്റെ ഭാഗമാക്കിയത്? എങ്കിൽ അത് പല അപകടങ്ങളും ഉണ്ടാക്കിയേക്കമെന്നാണ് ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് വ്യക്തമാക്കുന്നത്.

To advertise here,

മൊത്തത്തിലുള്ള ക്ഷേമത്തിന് വിത്തുകൾ ഒരു മികച്ച സൂപ്പർഫുഡ് ആയി മാറിയിരിക്കുന്നു. ആർത്തവചക്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത വിത്തുകൾ കഴിക്കുന്ന പ്രവണതയും നിലവിലുണ്ട്. സീഡ് സൈക്ലിങ് എന്നാണിതിനെ പറയുന്നത്. മലബന്ധം അകറ്റാനും ആർത്തവമുള്ള സ്ത്രീകളിൽ ഹോർമോൺ ബാലൻസ് ചെയ്യാനുമെല്ലാം ഇവ കഴിക്കുന്നവരുണ്ട്. 

എന്നാൽ ഇതേ വിത്തുകളുടെ ദോഷവശങ്ങളെക്കുറിച്ച് അറിയാതെ കഴിക്കുന്നത് അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ ഇല്ലാതാക്കിയേക്കാം. ഇതേക്കുറിച്ച് വ്യക്തമാക്കികൊണ്ട് ഇൻസ്റ്റാഗ്രാമിൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്  ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേത്തി. വിത്തുകൾ കഴിക്കുമ്പോൾ ആളുകൾക്ക് പറ്റുന്ന ചില തെറ്റുകൾ അതിൽ അദ്ദേഹം പട്ടികപ്പെടുത്തുന്നു. 

എല്ലാ വിത്തുകളും ഒരുപോലെയാണോ? 
എല്ലാ വിത്തുകളും ഒരുപോലെയാണെന്നും അവ പരസ്പരം കലർത്തി കഴിക്കാമെന്നുമാണ് പല ആളുകളും ധരിച്ചിരിക്കുന്നത്. എന്നാൽ, ആ ധാരണ ശരിയല്ല. ചിയ വിത്തുകൾ ഫ്‌ളാക്‌സ് വിത്തുകൾക്ക് തുല്യമല്ലെന്നും, മത്തൻ വിത്തുകളും സൂര്യകാന്തി വിത്തുകളും പരസ്പരം മാറ്റാൻ കഴിയില്ലെന്നും ഡോക്ടർ വിശദമാക്കുന്നു. ഓരോന്നിനും വ്യത്യസ്തമായ നാരുകൾ, കൊഴുപ്പുകൾ, ഗുണങ്ങൾ എന്നിവയുണ്ട്. 'സ്മാർട്ട് ഗട്ട് ഹെൽത്ത് = സ്മാർട്ട് വെറൈറ്റി,' അദ്ദേഹം കൂട്ടിച്ചേർത്തു.

പച്ച ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നത് നല്ലതാണോ 
ഫ്‌ളാക്‌സ് വിത്തുകളിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളും നാരുകളും പ്രയോജനപ്പെടുത്താൻ ഫ്‌ലളാക്‌സ് വിത്തുകൾ പൊടിച്ചാണ് കഴിക്കേണ്ടത്. അല്ലെങ്കിൽ, അത് കുടലിലെ അസ്വസ്ഥതയ്ക്ക് കാരണമാകുമെന്നാണ് ഡോക്ടർ പറയുന്നത്.

വിത്തുകൾക്ക് വെള്ളം ആവശ്യമില്ലെന്നത് തെറ്റായ ധാരണ 
ചിയ, ഫ്‌ളാക്‌സ്, തുളസി വിത്തുകൾ എന്നിവ ദ്രാവകം വലിച്ചെടുക്കുമെന്നും വെള്ളത്തിൽ ചേർക്കുമ്പോൾ അവ വീർക്കുമെന്നും ഡോ. സേത്തി വിവരിച്ചു. അതിനാൽ, അവ ഉണങ്ങിയ രീതിയിൽ കഴിച്ചാൽ, വീക്കം, മലബന്ധം എന്നിവ ഉണ്ടാകാം. ഈ വിത്തുകൾ കഴിക്കുമ്പോൾ ഈർപ്പം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിത്തുകൾ ഭക്ഷണം അലങ്കരിക്കാൻ മാത്രമുള്ളതല്ല
വിത്തുകൾ വെറും അലങ്കാരത്തിന് മാത്രമല്ലെന്നും, അതുകൊണ്ടാണ് ഒരു ടീസ്പൂൺ കൊണ്ട് കാര്യമായ ഗുണം ലഭിക്കില്ലെന്ന് പറയുന്നത്, ഡോ. സേത്തി കുറിച്ചു. 'അവ മതിയായ അളവിൽ കഴിക്കണം, സാധാരണയായി പ്രതിദിനം ഒന്നോ രണ്ടോ ടേബിൾസ്പൂൺ. ഭക്ഷണങ്ങളിൽ അല്പം വിതറുന്നതിനേക്കാൾ അളവ് പ്രധാനമാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.

ചിയയും തുളസി വിത്തുകളും
ചിയയും തുളസി വിത്തുകളും ഒന്നാണെന്നും അല്ലെങ്കിൽ ഒന്നിനു പകരം മറ്റൊന്ന് ഉപയോഗിക്കമാമെന്നും കരുതുന്നുവെങ്കിൽ അത് തെറ്റാണ്. രണ്ടും വെള്ളത്തിൽ കുതിർക്കേണ്ടതുണ്ടെങ്കിലും, അവയുടെ ഗുണങ്ങൾ വ്യത്യസ്തമാണെന്ന് ഡോ. സേത്തി വിവരിച്ചു. 'തുളസി വിത്തുകൾ കുടലിനെ തണുപ്പിക്കാനും നെഞ്ചെരിച്ചിൽ ലഘൂകരിക്കാനും സഹായിച്ചേക്കാം. ചിയ വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകൾക്കും സംതൃപ്തിക്കും മികച്ചതാണ്. ഒരേപോലത്തെ ഘടന, വ്യത്യസ്ത പ്രവർത്തനം,' അദ്ദേഹം കുറിച്ചു.

വിത്തുകൾ = കുറഞ്ഞ കലോറി? 
വിത്തുകൾക്ക് കലോറി കുറവല്ലെന്ന് ഡോ. സേത്തി ചൂണ്ടിക്കാട്ടി. 'വിത്തുകൾ പോഷക സമ്പുഷ്ടമാണ്, കൊഴുപ്പ്, നാരുകൾ, കലോറി എന്നിവ നിറഞ്ഞതാണ്. പ്രതിദിനം ഒന്നോ രണ്ടോ ടേബിൾസ്പൂൺ കഴിക്കുന്നത് വളരെ നല്ലതാണ്. ഓരോ ഭക്ഷണത്തിലും ആറോ അതിലധികമോ ടേബിൾസ്പൂൺ കഴിക്കുന്നത് അത്ര നല്ലതല്ല. അളവാണ് പ്രധാനം,' അദ്ദേഹം വിശദീകരിച്ചു.

വിത്തുകൾ കുടലിനെ സഹായിക്കുന്നുണ്ടോ? 
വിത്തുകളിലെ നാരുകൾ, പ്രീബയോട്ടിക്കുകൾ, ഇൻഫ്‌ളമേഷൻ കുറയ്ക്കുന്ന കൊഴുപ്പുകൾ എന്നിവയ്ക്ക് ദഹനത്തെ സഹായിക്കാനും ബ്ലോട്ടിങ് കുറയ്ക്കാനും സൂക്ഷ്മാണുക്കളെ വർധിപ്പിക്കാനും കഴിയുമെന്ന് ഡോക്ടർ പറയുന്നു. 'വിത്തുകൾ ചെറുതാണ്, പക്ഷെ ശക്തവുമാണ്. വിത്തുകൾ മാന്ത്രികമല്ല, പക്ഷെ ശരിയായി ഉപയോഗിക്കുമ്പോൾ അവ ശക്തമാണ്. അവയുടെ ആ കഴിവ് പാഴാക്കരുത്,' അദ്ദേഹം കൂട്ടിച്ചേർത്തു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)