അഭിമുഖങ്ങളും അതോടൊപ്പം പാചകവുമൊക്കെയായി തന്റെ യൂട്യൂബ് ചാനലില്‍ സജീവമാണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍. കുക്ക് ആയ ദിലീപിനൊപ്പമാണ് ഫറാ ഖാന്‍ വീഡിയോ ചെയ്യാറുള്ളത്. ഈ മാസം റിലീസാകാനിരിക്കുന്ന രജനീകാന്ത് ചിത്രം കൂലിയുടെ പ്രമോഷന്റെ ഭാഗമായി നടി ശ്രുതി ഹാസന്റെ മുംബൈയിലെ വീട്ടില്‍വെച്ച് നടത്തിയ അഭിമുഖത്തില്‍ പാചകക്കാരനായ ദിലീപിന്റെ വരുമാനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഫറാ ഖാന്‍. 

To advertise here,

ശ്രുതിയുമായുള്ള സംഭാഷണത്തിനിടെ, ദിലീപിന് അധികപണമോ റോയല്‍റ്റിയോ നല്‍കാറുണ്ടോ എന്ന് ഫറയോട് നടി നേരിട്ട് ചോദിച്ചു. 

അതെ, അദ്ദേഹത്തിന് ഒരുപാട് കിട്ടാറുണ്ട്. അത് ഇവിടെയുള്ള എല്ലാവരുടേതും ചേര്‍ത്തുവെച്ച് കിട്ടുന്നതിനേക്കാള്‍ അധികമാണ് എന്നായിരുന്നു മറുപടി ഫറയുടെ മറുപടി. ഞങ്ങള്‍ ദിലീപിനെപ്പറ്റി ആകുലരാണെന്ന് ശ്രുതി നര്‍മേണ പ്രതികരിച്ചു. ദിലീപിന്റെ കാര്യത്തിലല്ല, തന്റെ കാര്യത്തിലാണ് പേടിക്കേണ്ടത് എന്നാണ് അപ്പോൾ ഫറ പറഞ്ഞത്. 

2024-ല്‍ യൂട്യൂബില്‍ കുക്കിങ് സീരീസ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയതു മുതല്‍ ഫറാ ഖാനും ദിലീപിനും ആരാധകരേറെയുണ്ട്. സെലിബ്രിറ്റികളുടെ വീട്ടിലെത്തി സംഭാഷണം നടത്തുന്നതും പാചകംചെയ്യുന്നതുമാണ് ഫറാ ഖാന്‍ വീഡിയോകളില്‍ ഉള്‍പ്പെടുത്താറുള്ളത്.