ചോറും അരികൊണ്ടുള്ള വിഭവങ്ങളും ഇന്ത്യയിലെ അടുക്കളയിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. മസില്‍ വര്‍ധിപ്പിക്കാനും ആരോഗ്യമുള്ള ശരീരം നേടാനും ഡയറ്റില്‍ നിന്നും ചോറ് ഒഴിവാക്കുന്നവർ അനവധിയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ അരിയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തിരുത്തുകയാണ് ന്യൂട്രീഷനിസ്റ്റായ നിധി കക്കർ. 

To advertise here,

അരിയാഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ധാരണകൾ നിരത്തിയാണ് നിധി കക്കർ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിലെ പ്രാധാന ഭാഗങ്ങൾ.

അരി ശരീരഭാരം വർധിപ്പിക്കുമെന്ന വിശ്വാസം തെറ്റാണ്. ശരീരഭാരം വർധിപ്പിക്കുന്നത് അമിത കലോറി ഉപഭോഗമാണ്. ശരീരഭാരം വർധിക്കുന്നതിന് അരിയെ മാത്രം പഴിചാരാനാകില്ല, 

പ്രമേഹ രോഗികൾ അരി പൂർണമായി ഒഴിവാക്കണമെന്ന് പറയുന്നത് തെറ്റാണ്. പ്രോട്ടീൻ, പച്ചക്കറികൾ എന്നിവയോടൊപ്പം മിതമായ അളവിൽ അരി കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. 

അരി ഗ്ലൂട്ടൻ ഫ്രീയാണെന്നത് ശരിയാണ്. ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന ഭക്ഷണങ്ങളിൽ കണ്ടുവരുന്ന ഒരു പ്രോട്ടീൻ ആണ് ഗ്ലൂട്ടൻ. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

വെള്ള അരി പോഷകമൂല്യമല്ലെന്നത് തെറ്റിദ്ധാരണയാണ്. വിറ്റാമിനുകൾ, ബിയുടെ ചില അംശങ്ങൾ, ഇരുമ്പ് എന്നിവ വെള്ള അരിയിൽ നിന്ന് ലഭിക്കും. 

രാത്രിയിൽ അരി കഴിക്കുന്നതിൽ തെറ്റില്ല. അരി എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്. കാർബോഹൈഡ്രേറ്റിൻ്റെ അളവ് അരിയിൽ കൂടുതൽ ആയതിനാൽ അരി കഴിക്കുന്ന അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ശാരീരിക പ്രവർത്തനം കുറവുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

വയറിൽ കൊഴുപ്പ് അടിയുന്നതിൻ്റെ കാരണം ചോറല്ല. വ്യായാമമില്ലാത്തതും അമിത കലോറി അടങ്ങിയ ഭക്ഷണവുമാണ് കൊഴുപ്പിന് പിന്നിലെ കാരണം. 

ബ്രൌൺ റൈസ് വെള്ള അരിയേക്കാൾ മികച്ചതാണെന്ന വാദം തെറ്റാണ്. ചുമന്ന അരിയിലെ ഫൈബറും ആന്റി-ന്യൂട്രിയന്റുകളും ചിലരുടെ ശരീരത്തിന് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. 

അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുമെന്നതും തെറ്റാണ്. ചോറിൻ്റെ കൂടെ കഴിക്കുന്ന ഭക്ഷണമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. എത്ര അളിവിൽ അരി കഴിക്കുന്നു എന്നതും ബാധകമാണ്. 

ശരീരഭാരം കുറയ്ക്കാൻ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്. 

(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)