തൃശ്ശൂര്‍: കൊക്കോ തൊണ്ടില്‍നിന്നും പള്‍പ്പില്‍നിന്നും പരിസ്ഥിതി സൗഹൃദ ഭക്ഷ്യഉത്പന്നങ്ങള്‍ വികസിപ്പിച്ച് കേരള കാര്‍ഷിക സര്‍വകലാശാല. ചോക്ലേറ്റ് നിര്‍മാണത്തിനിടെ ബാക്കിയാകുന്ന തൊണ്ടില്‍നിന്നും പള്‍പ്പില്‍നിന്നുമാണ് പോഷകമൂല്യമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്. തൊണ്ടില്‍നിന്ന് കൊക്കോ ഹസ്‌ക് കുക്കികളും പള്‍പ്പില്‍നിന്ന് റെഡി ടു സര്‍വ് പാനീയവുമാണ് വികസിപ്പിച്ചത്.

To advertise here,

ചോക്ലേറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച് ബാക്കിയാകുന്ന കൊക്കോ വിത്തുകളുടെ തൊണ്ടും പള്‍പ്പും ഉപേക്ഷിക്കുകയാണ് പതിവ്. ശരിയായ രീതിയില്‍ നശിപ്പിച്ചില്ലെങ്കില്‍ ഇവ ഫംഗസുകളുടേയും കൊതുകുകളുടേയും വളര്‍ച്ചയ്ക്കിടയാക്കും. ഇവയില്‍ വളരുന്ന ഫൈറ്റോഫ്‌ത്തോറാ എന്ന ഫംഗസ് 40 ശതമാനം വരെ വിളനാശത്തിനിടയാക്കുമെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. തെങ്ങിലും റബ്ബറിലും രോഗം പരത്താനും ഇവയിടയാക്കും.

ധാരാളം നാരുകള്‍ അടങ്ങിയതും പോഷകമൂല്യത്താല്‍ സമൃദ്ധവുമാണ് കോക്കോ ഹസ്‌ക് കുക്കികള്‍. പ്രമേഹമുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും യോജിച്ച ആരോഗ്യകരമായ ഭക്ഷണമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജെ.എസ്. മിനിമോള്‍ പറഞ്ഞു.

ആരോഗ്യകരവും ആന്റിഓക്സിഡന്റുകളും നിറഞ്ഞതുമാണ് കൊക്കോ പള്‍പ്പുപയോഗിച്ചുള്ള പാനീയം. ഇതിന്റെ സാങ്കേതികവിദ്യ കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.