
കൊച്ചി: അച്ഛന്‍ മരിക്കുമ്പോള്‍ പാര്‍ഥസാരഥിക്ക് പ്രായം പത്ത്. പതിനേഴാം വയസ്സില്‍ അമ്മയും ലോകത്തോട് യാത്ര പറഞ്ഞതോടെ ഏകാന്തതയുടെ ഒറ്റത്തുരുത്തിലായ പാര്‍ഥസാരഥി രുചിയുടെ ലോകത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ആ ചിന്തയാണ് പ്ലസ് ടു കഴിഞ്ഞ് പാര്‍ഥസാരഥിയെ ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ എത്തിച്ചത്.
നാഗര്‍കോവില്‍ സ്വദേശിയായ പാര്‍ഥസാരഥി ഫുഡ് കോഴ്സ് കഴിഞ്ഞ് പിന്നെ പറന്നത് അമേരിക്കയിലേക്കായിരുന്നു. അമേരിക്കയും കാനഡയും കെനിയയും ഉള്‍പ്പെടെ ഒട്ടേറെ ഇന്റര്‍നാഷണല്‍ ഹോട്ടലുകളില്‍ ഷെഫ് ആയ പാര്‍ഥസാരഥി ഇപ്പോള്‍ കൊച്ചിയിലെത്തിയതും 'ഇന്റര്‍നാഷണലാ'യ ഒരു സ്വപ്പ്‌നത്തിന്റെ സാക്ഷാത്കാരത്തിനാണ്. കൊച്ചി ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ഷെഫ് ആയി വരുമ്പോള്‍ ഒട്ടേറെ ഇന്റര്‍നാഷണല്‍ ടേസ്റ്റുകളുടെ സിഗ്‌നേച്ചര്‍ ഡിഷുകളാണ് പാര്‍ഥസാരഥി കൊച്ചിയുടെ തീന്‍മേശയിലെത്തിക്കുന്നത്.
ഫ്‌ളോറിഡയിലെ ക്രൂയിസില്‍
ചെന്നൈയിലെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് അമേരിക്കയിലേക്ക് പറന്നപ്പോള്‍ കാര്‍ണിവല്‍ ക്രൂയിസിലാണ് പാര്‍ഥസാരഥിയുടെ രുചിസ്വപ്നങ്ങള്‍ നങ്കൂരമിട്ടത്. ''ഒരു ഷെഫ് എന്ന നിലയില്‍ വ്യത്യസ്തവും ത്രില്ലടിപ്പിക്കുന്നതുമായ രുചിയനുഭവങ്ങളാണ് ക്രൂയിസിലെ ജീവിതം സമ്മാനിച്ചത്. അമേരിക്കയിലെ മയാമി ഹോം പോര്‍ട്ടായ കാര്‍ണിവല്‍ ക്രൂയിസിന്റെ ഫ്രീഡം. സെന്‍സേഷന്‍, ഹോളിഡേ, ഇമാജിനേഷന്‍ എന്നിങ്ങനെ നാല് വ്യത്യസ്ത ക്രൂയിസുകളില്‍ ഷെഫ് ആയി ജോലി ചെയ്യാനായി.
വലിയ ആഡംബര ക്രൂയിസുകളില്‍ 4500-ഓളം അതിഥികളെയാണ് പ്രതിദിനം സത്ക്കരിക്കേണ്ടി വരുന്നത്. ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ക്രൂയിസിലെ എല്ലാ അതിഥികളും റസ്റ്ററന്റിലേക്ക് വരാറില്ലെങ്കിലും രാത്രി ഡിന്നറിന് എല്ലാവരുമെത്തും. അതായത് 4500-ഓളം പേര്‍ക്ക് ഒരേസമയം ഭക്ഷണമുണ്ടാക്കി വിളമ്പുകയെന്ന വലിയ ദൗത്യമാണ് മുന്നില്‍. 150-ലേറെ ജീവനക്കാരാണ് ഇതിനായി ഒരേസമയം അധ്വാനിക്കുന്നത്' - പാര്‍ഥസാരഥി ക്രൂയിസിലെ ജീവിതകഥ വിളമ്പി.
തായ്ലാന്‍ഡും ജാസ്മിനും
'നമ്മുടെ മട്ട അരിപോലെ തായ്‌ലാന്‍ഡില്‍ ഒരു സാധനം ഇറക്കിയാലോ?' ചോദ്യത്തിനൊപ്പം പാര്‍ഥസാരഥി മുന്നോട്ടു നീക്കിവെച്ചത് കൊറിയന്‍ ബൗളായിരുന്നു. തായ്ലാന്‍ഡിന്റെ പേരുപറഞ്ഞിട്ട് കൊറിയ വന്നതെന്തേയെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ പാര്‍ഥസാരഥി കൊച്ചിയിലെ ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ രുചിലോകങ്ങളുടെ കഥ പറഞ്ഞു.
'മെക്സിക്കോ മുതല്‍ തായ്ലാന്‍ഡ് വരെയുള്ള രാജ്യങ്ങളിലെ രുചികളാണ് കൊച്ചിയില്‍ വിളമ്പാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ മട്ട അരിപോലെ തായ്ലാന്‍ഡില്‍നിന്നുള്ള അരിയാണ് ജാസ്മിന്‍. മുല്ലപ്പൂപോലെ സുഗന്ധമുള്ള അരിയായതുകൊണ്ടാണ് ഈ പേരുവന്നത്. കൊറിയന്‍ ചിക്കനും ജാസ്മിന്‍ റൈസും ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് കൊറിയന്‍ ബൗള്‍.
അതുപോലെ വ്യത്യസ്തമായ ഒരു ഐറ്റമാണ് മെക്‌സിക്കന്‍ ഹോട്ട് പോക്കറ്റ്. അമേരിക്കന്‍ ചോളവും ചീസും സുഗന്ധ മസാലകളും ചേര്‍ത്തുണ്ടാക്കുന്നതാണ് ഈ വിഭവം. ജപ്പാനിലും തായ്ലാന്‍ഡിലുമൊക്കെ പ്രിയങ്കരമായ ടെംപുര പ്രോണ്‍സും എനിക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ്. കടല്‍വിഭവങ്ങളും മാംസവും പച്ചക്കറികളുമൊക്കെ ടെംപുരയുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്' - പാര്‍ഥസാരഥി പറഞ്ഞു.
ഡൈനമിറ്റ് പൊട്ടിച്ചാലോ!
വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളുടെ ലോകമൊരുക്കി കൊച്ചിയിലെത്തുമ്പോള്‍ പാര്‍ഥസാരഥിക്ക് പറയാന്‍ പിന്നെയും ഒരുപാട് രുചിക്കഥകളുണ്ട്. ''അമേരിക്കയിലെ ക്രൂയിസുകളില്‍ ലോകത്തിലെ വ്യത്യസ്തങ്ങളായ പല ഭക്ഷണങ്ങളും ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. അതുകഴിഞ്ഞ് കാനഡയിലെ ലേ കോര്‍ഡോണ്‍ ബ്ലൂവില്‍ ഫുഡ് കോഴ്‌സ് ചെയ്തിറങ്ങിയപ്പോഴും ലോകത്തിന്റെ രുചിവൈവിധ്യങ്ങള്‍ തന്നെയാണ് വിസ്മയമായത്. കൊച്ചിയിലെത്തുമ്പോള്‍ ഭക്ഷണത്തെ ഏറെ സ്‌നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു നാടായിട്ടാണ് അനുഭവപ്പെട്ടത്.
ഡൈനമിറ്റ് ചിക്കനും ഡൈനമിറ്റ് പ്രോണ്‍സുമൊക്കെ ഇവിടെ വിളമ്പിയപ്പോള്‍ കിട്ടിയ സ്വീകാര്യത അതിന്റെ തെളിവാണ്. അതുപോലെ മെക്സിക്കന്‍ ഐറ്റമായ ചിപോറ്റ്‌ലെ പ്രോണ്‍സും സ്പിനാഷ് ചീസ് ഡംപ്ലിങ്ങും ഫ്രഞ്ച് ഐറ്റമായ റോസ് മേരി റോസ് ചിക്കനുമൊക്കെ കൊച്ചിയിലെ ഭക്ഷണപ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൊച്ചിയുടെ തീന്‍മേശയില്‍ ഇനിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പണമെന്നു തന്നെയാണ് എന്റെ ആഗ്രഹം' - പാര്‍ഥസാരഥിയുടെ വാക്കുകളില്‍ പ്രതീക്ഷയുടെ രുചി പടര്‍ന്നു.
Content Highlights: Chef Parthasarathi`s Culinary Journey: Kochi`s International Flavors
Published: 12 Jul 2025, 10:24 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented