കനേഡിയന്‍ റോക്ക് ഗായകന്‍ ബ്രയാന്‍ ആഡംസിന്റെ സംഗീതപരിപാടി കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ അരങ്ങേറിയത്. 'സോ ഹാപ്പി ഇറ്റ്‌ ഹര്‍ട്‌സ്' പര്യടനത്തിന്റെ ഭാഗമായാണ് ബ്രയാന്‍ മുംബൈയിലെത്തിയത്. ബോംബെ കണ്‍വെന്‍ഷന്‍ ആന്‍ഡ്‌ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. 

To advertise here,

ഇപ്പോഴിതാ മുംബൈ നഗരത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ​ഗായകൻ. മുംബൈ തെരുവുകളിലെ ചില കാഴ്ചകളും ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ചിത്രങ്ങളുമുള്‍പ്പെട്ട റീല്‍ ബ്രയാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വടപാവിനായി മുംബൈ തെരുവുകളിലൂടെ നടന്നെന്നും തെരുവുകളിലെ ഭക്ഷണങ്ങളില്‍ ഏറ്റവും രുചികരമായതാണ് ഇതെന്നും അദ്ദേഹം കുറിച്ചു.

മുംബൈ, പ്രഭാതം നഗരത്തില്‍ ചെലവഴിച്ചു. എല്ലാ ടൂറിസ്റ്റുകളും ചെയ്യുന്നതുപോലെ ഇന്ത്യാ ഗേറ്റ് സന്ദര്‍ശിച്ചു. പിന്നീട് വടപാവിനായി തെരുവുകളിലൂടെ നടന്നു. ബർഗർ ബണ്ണിൽ ഒരു ചെറിയ ഇന്ത്യൻ മസാല ചേർത്ത ഉരുളക്കിഴങ്ങ് കേക്ക് അടങ്ങുന്ന ഏറ്റവും സ്വാദിഷ്ടമായ വീഗൻ സ്ട്രീറ്റ് വിഭവമാണിത്. ഇത് ലഭിക്കുമ്പോൾ ആർക്കാണ് വ്യാജ ബർഗർ ഇറച്ചി വേണ്ടത്?. - ബ്രയാൻ ചോദിച്ചു. ഇന്ത്യയിലെ ആറ് നഗരങ്ങളിലാണ് സംഗീതപര്യടനത്തിന്റെ ഭാഗമായി ബ്രയാന്‍ ആഡംസ് പരിപാടി അവതരിപ്പിക്കുന്നത്. ഡിസംബര്‍ എട്ടിന് കൊല്‍ക്കത്തയിലായിരുന്നു ആദ്യ പരിപാടി.

മുംബൈയിലെ തെരുവുകളില്‍ വളരെ ഡിമാന്റുള്ള ഒരു വിഭവവമാണ് വടപാവ്. ജനപ്രിയ ഭക്ഷണ യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിലടക്കം നേരത്തേ വടാപാവ് സ്ഥാനം പിടിച്ചിരുന്നു. 1970-80 കാലഘട്ടത്തിലാണ് വടാപാവ് വലിയ ശ്രദ്ധനേടുന്നത്. പിന്നീട് പല പരീക്ഷണങ്ങളും വടപാവില്‍ വന്നു. തൊഴിലാളികളുടേയും സാധാരണക്കാരുടേയും ഭക്ഷണമായാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. മുംബൈ തെരുവുകളില്‍  വടപാവ് വില്‍പ്പന നടത്തി ജീവിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. വിലക്കുറവും കഴിക്കാനുള്ള എളുപ്പവുമെല്ലാം ഇതിനെ വളരെ പെട്ടെന്ന് ജനപ്രിയ ഭക്ഷണമാക്കി മാറ്റി.