കൊതിപ്പിക്കുന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അത് കയ്യിൽ നിന്ന് വഴുതി നിലത്തു വീണാൽ നിങ്ങൾ എന്താണ് ചെയ്യുക? പൊടി തട്ടിക്കളഞ്ഞ് കഴിക്കാൻ പറ്റുന്നവയാണെങ്കിൽ ഉടൻ നിലത്തു നിന്ന് എടുത്തു കഴിക്കുന്നവരും അത് തൊടാൻ തന്നെ തയ്യാറാകാത്തവരുമുണ്ട്. ആഹാര സാധനങ്ങൾ നിലത്തു വീണ് നിമിഷങ്ങൾക്കകം തിരിച്ചെടുക്കാനായാൽ അത് ഭക്ഷ്യയോഗ്യമാണെന്ന തരത്തിൽ ചില 'നിയമങ്ങൾ' പ്രചാരത്തിലുണ്ട്. ഇതിൽ പ്രധാനിയാണ് ഫൈവ് സെക്കൻഡ് നിയമം (5 second rule). ഭക്ഷണം നിലത്ത് വീണ് അഞ്ച് സെക്കൻ്റിനുള്ളിൽ തിരികെ എടുത്താൽ അത് ഭക്ഷ്യയോഗ്യമാണെന്നതാണ് ഫൈവ് സെക്കൻഡ് നിയമത്തിൽ പറയുന്നത്.
ഇതിലെ വാസ്തവം തെളിയിക്കുകയാണ് മൈക്രോബയോളജിസ്റ്റും ചിക്കാഗോ സ്വദേശിയുമായ നിക്കോളാസ് എയ്ച്ചർ. സാമ്പിൾ ശേഖരിച്ച് സിനിമാ തിയേറ്ററടക്കമുള്ള പൊതു ഇടങ്ങളിലെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുന്ന നിക്കോളാസ്, ടിക്‌ടോകിലൂടെയാണ് വീഡിയോ പങ്കുവെക്കാറുള്ളത്. ഇത്തരത്തിൽ പരീക്ഷണങ്ങളിൽ തല്പരനായ നിക്കോളാസ് ടിക്ടോക് ഫോളോവേഴ്സിൻ്റെ അഭ്യർഥന മാനിച്ചാണ് ഫൈവ് സെക്കൻഡ് നിയമം പരീക്ഷിക്കുന്നത്.
സൂക്ഷ്മാണുക്കളെ വീക്ഷിക്കാൻ മൈക്രോബയോളജിസ്റ്റുകൾ ഉപയോഗിക്കാറുള്ള പെട്രി ഡിഷ് സ്ഥാപിച്ചായിരുന്നു പരീക്ഷണം. വിവിധ ഇടങ്ങളിൽ പല സമയ ദൈർഘ്യങ്ങളിലായാണ് സാമ്പിൾ ശേഖരിച്ചത്. താഴെവീണ ഭക്ഷണം പൂജ്യം സെക്കന്റ് മുതൽ ഒരു മിനിറ്റിനുള്ളിൽ എടുത്തു നോക്കി ഈ സാമ്പിളുകളിലെ ബാക്ടീരിയയുടെ വളർച്ച കണ്ടെത്തലായിരുന്നു ലക്ഷ്യം.
നിലത്തു വീണ ഭക്ഷണം എത്ര വേഗത്തിൽ താഴെ നിന്നെടുത്തിട്ടും അതിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായെന്നാണ് നിക്കോളാസ് പറയുന്നത്. ഭക്ഷണം താഴെ വീണ് എത്ര പെട്ടെന്ന് എടുത്താൽപ്പോലും ബാക്ടീരിയ കടന്നുകൂടാമെന്ന് നിക്കോളാസ് വ്യക്തമാക്കുന്നു. താഴെവീണ ഭക്ഷണം എടുക്കാൻ എത്രത്തോളം സമയംവൈകുന്നോ അത്രത്തോളം ബാക്ടീരിയകൾ കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നിലത്ത് വീഴുന്ന ഭക്ഷണ പദാർത്ഥത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുംതോറും ബാക്ടീരിയ സഞ്ചരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന പരീക്ഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
Content Highlights: Does the 5-second rule really work?
Published: 29 Apr 2025, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented