രോഗബാധിതരായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി റോഡരികില്‍ പഴങ്ങള്‍ വില്‍ക്കുന്ന ഭിന്നശേഷിക്കാരായ യുവാവിന്റെ വീഡിയോ കുറച്ചുനാളുകള്‍ക്ക് മുമ്പ് വൈറലായിരുന്നു. വീട്ടിലെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടും അധ്വാനിച്ച് ജീവിക്കാനുള്ള ആഗ്രഹവുമാണ് ആ യുവാവിനെ പഴങ്ങള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ചത്. 

To advertise here,

ഇപ്പോഴിതാ അപകടത്തില്‍ ശരീരം തളര്‍ന്നിട്ടും നിത്യവൃത്തിക്കായി വീല്‍ചെയറില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ഗണേഷ് മുരുഗന്‍ എന്ന 37-കാരനാണ് വീഡിയോയിലുള്ളത്. ഐ.പി.എസ്. ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്രയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 

ആറ് വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് ഗണേഷിന് നട്ടെല്ലിന് പരിക്ക് പറ്റുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശരീരം ഭാഗികമായി തളര്‍ന്നുപോയി. എന്നാല്‍, തനിക്ക് പറ്റിയ അപകടത്തില്‍ ശരീരത്തിനൊപ്പം മനസ്സിനെയും തളര്‍ത്താന്‍ ഗണേഷ് അനുവദിച്ചില്ല. അദ്ദേഹം മോട്ടോര്‍ പിടിപ്പിച്ച വീല്‍ചെയറില്‍ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി.

ഐ.ഐ.ടി. മദ്രാസ് വികസിപ്പിച്ചെടുത്ത വീല്‍ചെയറാണ് ഗണേഷ് ഉപയോഗിക്കുന്നതെന്ന് ദിപാന്‍ഷു കബ്ര പറഞ്ഞു. ഗണേഷ് എല്ലാവര്‍ക്കും പ്രചോദനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.