തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ അതിന്റെ വിത്ത് കൂടി കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അത് വയറ്റിലെത്തിയാല്‍ എന്താണ് സംഭവിക്കുക? തണ്ണിമത്തന്‍ വിത്തുകള്‍ വിറ്റാമിന്റെയും പോഷകഘടകങ്ങളുടേയും കലവറയാണെന്നും അവ ഏതെല്ലാം തരത്തിലാണ് ശരീരത്തിന് ഗുണകരമാകുന്നതെന്നും വിദഗ്ധര്‍ വിശദമാക്കിയ കാര്യമാണ്.

To advertise here,

ജലാംശം ഏറെയുള്ള പഴമാണ് തണ്ണിമത്തന്‍. കഷ്ണങ്ങളായോ ജ്യൂസായോ തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ നാം അതിലെ വിത്തുകള്‍ കളയുകയോ കഴിക്കുകയോ ചെയ്യാറുണ്ട്. ഈ വിത്തുകള്‍ വയറ്റിലെത്തിയാല്‍ പ്രശ്‌നമാണെന്ന തരത്തില്‍ ഒരുപാട് മിഥ്യാധാരണകളും ആളുകള്‍ക്കിടയിലുണ്ട്. തണ്ണിമത്തന്‍ വിത്തുകള്‍ കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണുള്ളതെന്ന് വിശദമാക്കിയിരിക്കുകയാണ് ഡയറ്റീഷ്യനും ന്യുട്രീഷ്യനിസ്റ്റുമായ ഗരിമ ഗോയൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് അവർ ഇക്കാര്യങ്ങൾ പറയുന്നത്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം...

അവശ്യ പോഷകങ്ങള്‍ 

തണ്ണിമത്തന്റെ വിത്തില്‍ മഗ്നീഷ്യം, അയണ്‍, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഇവയിലടങ്ങിയിട്ടുണ്ട്. ഈ വിത്തുകള്‍ കഴിക്കുന്നത് ബിപി കുറയാനും എല്ലുകളെ ബലപ്പെടുത്താനും സഹായിക്കും. 

ഊര്‍ജസംഭരണി

തണ്ണിമത്തനിലെ വിത്തിലടങ്ങിയ ഘടകങ്ങള്‍ മനുഷ്യശരീരത്തിലെ ഊര്‍ജം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ ഈ വിത്തുകള്‍ കഴിക്കുന്നത് സഹായിക്കും. 

തലച്ചോറിന്റെ ആരോഗ്യം

മെഡിറ്റ്‌ഗോ ജേണല്‍ നെറ്റ്‌വര്‍ക്കില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും പറയപ്പെടുന്നു.

ഹൃദയാരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഡയറ്റും ആരോഗ്യകരമായ ഫാറ്റും എല്ലാം ആവശ്യമാണ്. തണ്ണിമത്തന്‍ വിത്തുകള്‍ പതിവായി കഴിക്കുന്നത് രക്തചംക്രമണത്തിന് സഹായിക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയാന്‍ സഹായിക്കുകയും ചെയ്യുന്നു. 

ദഹനസഹായി

തണ്ണിമത്തന്‍ വിത്തുകളില്‍ കൂടിയതോതില്‍ ഫൈബറടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു. അനിയന്ത്രിതമായ വിശപ്പ് കുറയുന്നതിനാല്‍ ഭാരം കുറയാനും സഹായിക്കുന്നു.