പാപ്പിച്ചേട്ടന് ഉഗ്രനൊരു പച്ചക്കറിത്തോട്ടമുണ്ട്. അവിടെ തടിച്ചുരുണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു. കുട്ടപ്പൻ എന്നായിരുന്നു അവന്റെ പേര്. മറ്റ് തണ്ണിമത്തങ്ങകളേക്കാൾ തടിയുള്ള അവനെ എല്ലാവരും കളിയാക്കും. തൊട്ടടുത്ത വള്ളിയിലെ തക്കാളിക്കുട്ടന്മാരാണ് അതിനേറ്റവും മുന്നിൽ.

To advertise here,

പരിഹാസം കേട്ടുകേട്ട് തണ്ണിമത്തൻ കുട്ടപ്പന് മടുത്തു. അങ്ങനെ അവൻ വ്യായാമം ചെയ്യാൻ തീരുമാനിച്ചു. ദിവസവും രാവിലെ അവൻ നേരത്തെ ഉണർന്ന് തടികുറയ്ക്കാൻ വ്യായാമങ്ങൾ ചെയ്യാൻ തുടങ്ങി.

''തടിയതു വേഗം കുറയേണം

നന്നായ് വേഗംകുറയേണം

മെലിഞ്ഞൊരെന്നെ കണ്ടാലോ

മുരിങ്ങാക്കോലായ് തോന്നേണം!''

രാവിലെത്തന്നെയുള്ള തണ്ണിമത്തന്റെ കസർത്തുകണ്ട് എല്ലാവരും മൂക്കത്തുവിരൽ വച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും തണ്ണിമത്തൻകുട്ടപ്പന്റെ തടി കുറഞ്ഞില്ല.

ആയിടയ്ക്ക് ഒരു ദിവസം പുലർച്ചെ ഒരാൾ പമ്മിപ്പമ്മി പാപ്പിച്ചേട്ടന്റെ തോട്ടത്തിലെത്തി. ആരാണെന്നോ? പെരുങ്കള്ളൻ ഉട്ടാപ്പു. ഉട്ടാപ്പു കുട്ട നിറയെ തക്കാളിയും വഴുതനങ്ങയും തണ്ണിമത്തനുമെല്ലാം പറിച്ചെടുക്കാൻ തുടങ്ങി. അപ്പോഴാണ് നമ്മുടെ തണ്ണിമത്തൻകുട്ടപ്പൻ വ്യായാമത്തിന് ഉണർന്നത്.

പച്ചക്കറിത്തോട്ടത്തിലെന്തോ അനക്കം കേട്ട് നോക്കിയ തണ്ണിമത്തൻകുട്ടപ്പന് കാര്യം മനസ്സിലായി. അവൻ വേഗം ഉട്ടാപ്പുച്ചേട്ടന്റെ ദേഹത്തേക്ക് ഒറ്റച്ചാട്ടം!

ഉരുണ്ടുരുണ്ട് തടിയനല്ലേ തണ്ണിമത്തൻകുട്ടൻ? ഉട്ടാപ്പുച്ചേട്ടൻ ''ഹീയ്യോ!'' എന്ന് നിലവിളിച്ചുപോയി. ഈ കോലാഹലം കേട്ട് ഉണർന്ന പാപ്പിച്ചേട്ടൻ കള്ളനെ കൈയോടെ പിടികൂടി. കള്ളനിൽ നിന്നും തങ്ങളെയൊക്കെ രക്ഷിച്ചത് തണ്ണിമത്തൻകുട്ടപ്പനാണെന്നറിഞ്ഞപ്പോൾ എല്ലാവരും അന്തംവിട്ടു. തക്കാളിക്കുട്ടന്മാർ അവനോട് മാപ്പുചോദിച്ചു. ആരെയും കളിയാക്കരുതെന്ന് അവർക്ക് മനസ്സിലായി. തണ്ണിമത്തൻകുട്ടപ്പനോ ഒത്തിരി ഒത്തിരി സന്തോഷമായി. സന്തോഷം കൊണ്ട് അവൻ പാടിയ പാട്ടുകേട്ടോ?

''ഉരുണ്ടുരുണ്ടൊരു കുട്ടപ്പൻ

ഞാനാണല്ലോ കുട്ടപ്പൻ

തടികണ്ടില്ലേ എന്നോട്

കളിവേണ്ടല്ലോ ഓടിക്കോ!''

തണ്ണിമത്തൻകുട്ടന്റെ പാട്ടുകേട്ട് തോട്ടത്തിലെ കുഞ്ഞനുറുമ്പിന് പോലും ചിരിവന്നുപോയി.