ഇന്ത്യന്‍ രുചികളോട് വിദേശികള്‍ക്ക് വലിയ താത്പര്യമാണുളളത്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇവിടുത്തെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ പരീക്ഷിക്കാനും ഇഷ്ടമാണ്.    സ്‌പൈസിയാണ് എന്നതുമാത്രമാണ് നമ്മുടെ ഭക്ഷണത്തെക്കുറിച്ചുള്ള ആകെയുള്ള പരാതി. കറികളോടും പലഹാരങ്ങളോടുമെല്ലാം അവര്‍ക്ക് വലിയ താത്പര്യമാണ്.

To advertise here,

ഇപ്പോഴിതാ ഇന്ത്യന്‍ വിഭവം തയ്യാറാക്കുന്ന അമേരിക്കന്‍ ഷെഫിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
ഷെഫുമാര്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാര്‍ കൂടും. 

ഇന്ത്യക്കാര്‍ക്കിടയില്‍ തന്നെയാണ് എയ്‌റ്റെന്‍ ബെര്‍നാഥ് എന്ന ഷെഫിന്റെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധേയമായിരിക്കുന്നത്. മറ്റൊന്നുമല്ല, ഇന്ത്യയില്‍ അത്രയും പ്രശസ്തമായിട്ടുള്ളൊരു വിഭവമാണ് എയ്‌റ്റെന്‍ ബെര്‍നാഥ് തന്റെ പുതിയ വീഡിയോയില്‍ തയ്യാറാക്കുന്നത്. നമ്മളില്‍ പലരുടേയും ഇഷ്ടവിഭവമായ മസാലദോശയാണ് അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്.

നേരത്തെ ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് എയ്‌റ്റെന്‍ മസാല ദോശ കഴിച്ചിരുന്നു. രുചി ഇഷ്ടപ്പെട്ടതോടെ ഇതിന്റെ റെസിപി  പഠിച്ചശേഷം സ്വന്തം രാജ്യത്ത് പോയി ഇത് തയ്യാറാക്കി നോക്കുകയാണ് അദ്ദേഹം.
വളരെ കൃത്യമായും മനോഹരമായുമാണ് എയ്‌റ്റെന്‍ മസാലദോശ തയ്യാറാക്കുന്നതെന്ന് വീഡിയോയില്‍ കാണാം.

കൂടാതെ ഉരുളക്കിഴങ്ങ് മസാലയും ദോശയും തേങ്ങാ ചട്ണിയുമെല്ലാം തയ്യാറാക്കുന്നത് വീഡിയോയില്‍ അദ്ദേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഒടുവില്‍ താനുണ്ടാക്കിയ മസാലദോശ രുചിച്ചുനോക്കി സന്തോഷിക്കുന്ന ഷെഫിനെയും വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.ഒരു വിദേശിയായ ഒരാള്‍ ഇത്രയും നന്നായി മസാല ദോശയുണ്ടാക്കുമെന്ന്  കരുതിയില്ലെന്നും ഒരുപാട് സന്തോഷിപ്പിക്കുന്ന കാഴ്ചയാണിതെന്നും ഇന്ത്യക്കാരായ കാഴ്ചക്കാര്‍  കമന്റിട്ടു.