ഭക്ഷണം പ്രത്യേകിച്ചും ഉച്ചഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കുന്ന ശീലമുള്ളവരാണോ? മധുരത്തോടുള്ള ആളുകളുടെ ആസക്തിയെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും പോഷകാഹാര വിദഗ്ധ പൂജ മഖിജ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങളില്‍ ഒന്നാണ് പഞ്ചസാരയോടുള്ള വര്‍ധിച്ചുവരുന്ന ആശ്രിതത്വമെന്ന് അവര്‍ പറയുന്നു. 'കൊക്കെയ്നേക്കാള്‍ എട്ടിരട്ടി ആസക്തിയുണ്ടാക്കുന്നതാണ് പഞ്ചസാര,' എന്നാണ് പൂജ മഖിജ അഭിപ്രായപ്പെട്ടത്.
പഞ്ചസാര തങ്ങളെ എത്ര മോശമായി ബാധിക്കുന്നുവെന്ന് മിക്ക ആളുകളും അറിയുന്നില്ല. കൊക്കെയ്ന്‍ ദോഷകരമാണെന്ന് അറിയാവുന്നതുകൊണ്ട് ആളുകള്‍ അത് ഉപേക്ഷിക്കുന്നു, എന്നാല്‍ മധുരം കഴിക്കാനുള്ള ആഗ്രഹം തൃപ്തിപ്പെടുത്തുന്നു എന്നതുകൊണ്ട് മാത്രം പഞ്ചസാരയുടെ ഉപയോഗത്തെ പലപ്പോഴും നിസ്സാരവത്ക്കരിക്കുന്നു. ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ പലപ്പോഴും ദേഷ്യം, ഊര്‍ജത്തിലെ ഏറ്റക്കുറച്ചിലുകള്‍, ഉറക്കമില്ലായ്മ, അകാരണമായ ശരീരഭാരം വര്‍ധിക്കല്‍ എന്നിവയായി പ്രത്യക്ഷപ്പെടുന്നു.
ഭക്ഷണത്തിനു ശേഷമോ ഉച്ചകഴിഞ്ഞോ മധുരം കഴിക്കാനുള്ള തോന്നലിന് പിന്നില്‍ വലിയൊരു കാരണമുണ്ടെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ഇത് പലപ്പോഴും ഒരു സ്വഭാവ ശീലമല്ല, മറിച്ച് ശരീരത്തിലെ പ്രോട്ടീന്റെ കുറവിനെ സൂചിപ്പിക്കുന്ന സിഗ്‌നലാണ്. ശരീരത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കാതെ വരുമ്പോള്‍, അത് നികത്താനായി പഞ്ചസാരയോട് ഒരു തെറ്റായ ആസക്തി സൃഷ്ടിക്കുന്നു. ഇത് ആളുകളെ ഒരുതരം ആശ്രിതത്വത്തിലേക്ക് തള്ളിവിടുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും മഖിജ എടുത്തുപറഞ്ഞു. ദിവസത്തെ ആദ്യത്തെ ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പുണ്ടാക്കുക മാത്രമല്ല, അതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ഇത് വയറിലെ കൊഴുപ്പ് വര്‍ധിക്കുന്നതിനും അമിതവണ്ണത്തിലേക്കും നയിക്കാനുള്ള സാധ്യത കൂട്ടുന്നു.
പ്രഭാതത്തില്‍ ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും, ക്രമരഹിതമായ ആസക്തികള്‍ക്കും, ഊര്‍ജ നിയന്ത്രണത്തിലെ തകരാറുകള്‍ക്കും കാരണമാകുന്നുവെന്ന് പൂജ മഖിജ വിശദീകരിച്ചു.
ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതിനെ കുറിച്ചും അവര്‍ സംസാരിച്ചു. മിക്ക വീടുകളിലും ഫില്‍ട്ടര്‍ ചെയ്ത വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിലും, ആധുനിക ഫില്‍ട്ടറേഷന്‍ സംവിധാനങ്ങള്‍ മാലിന്യങ്ങളെ മാത്രമല്ല, അവശ്യ ധാതുക്കളെയും നീക്കം ചെയ്യുന്നുവെന്ന് മഖിജ പറഞ്ഞു. ഇത് കാലക്രമേണ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കാന്‍ കാരണമായേക്കാമെന്ന് അവര്‍ വിശദീകരിച്ചു.
പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകള്‍ തല്‍ക്ഷണം പുനഃസ്ഥാപിക്കാനും ആഗിരണം മെച്ചപ്പെടുത്താനും ഒരു ചെറിയ നുള്ള് ഇന്തുപ്പ് ചേര്‍ക്കുക എന്നതാണ് ലളിതമായ പരിഹാരമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: Nutritionist Pooja Makhija reveals why you crave sugar after meals. Discover the surprising link between protein deficiency & sweet cravings.
Published: 23 Nov 2025, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented