ഈയടുത്ത കാലത്ത് ഏറെ ജനപ്രീതിയാര്‍ജിച്ച ഭക്ഷ്യവസ്തുവാണ് മത്തന്റെ വിത്തുകള്‍. വെറുംവയറ്റില്‍ മത്തങ്ങ വിത്തിട്ട വെള്ളം കുടിക്കുന്നതിനെ കുറിച്ച് കേട്ടിട്ടില്ലേ? വിറ്റാമിനുകളും പോഷകങ്ങളുമടങ്ങിയ മത്തന്‍ വിത്ത് കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക?

To advertise here,

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, മഗ്നീഷ്യം, സിങ്ക് എന്നിവയ്ക്ക് പുറമെ ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ് മത്തന്‍ വിത്തുകള്‍. ഇവ ഭക്ഷണത്തിലുള്‍പ്പെടുത്തി കഴിക്കുകയോ അല്ലെങ്കില്‍ മത്തന്‍ വിത്തുകള്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുകയോ ആ വെള്ളം കുടിക്കുകയോ ചെയ്യാവുന്നതാണ്. 

മത്തന്‍ വിത്തിട്ട വെള്ളം കുടിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളില്‍ ചിലത് താഴെ നല്‍കിയിരിക്കുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
പ്രതിരോധശേഷി കുറഞ്ഞയാളാണ് നിങ്ങളെങ്കില്‍ എന്നും രാവിലെ മത്തന്‍ വിത്തിട്ട വെള്ളം കുടിക്കുന്നത് നന്നായിരിക്കും. ഈ വിത്തുകളിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളാണ് അതിന് സഹായിക്കുന്നത്. പെട്ടെന്ന് രോഗങ്ങള്‍ പിടിപെടുന്നവര്‍ സ്ഥിരമായി മത്തന്‍ വിത്തിട്ട വെള്ളം കുടിച്ചു തുടങ്ങിയാല്‍ ആ സ്ഥിതി മാറിക്കിട്ടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മത്തന്‍ വിത്തിട്ട വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. നാഷ്ണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠനത്തില്‍ മത്തന്‍ വിത്തിന് കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സാധിക്കുമെന്ന് വിശദമാക്കിയിട്ടുണ്ട്. കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയാഘാതം തടയുകയും ചെയ്യുന്നു. 

ഉറക്കം മെച്ചപ്പെടുത്തുന്നു
മത്തന്‍ വിത്തിട്ട വെള്ളം കുടിക്കുന്നത് വഴി നന്നായി ഉറങ്ങാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വക്കുമോ? നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്‍ ഈ വിത്തുകളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മത്തന്‍ വിത്തിട്ടവെള്ളം കുടിച്ചയുടനെ ഉടനെ ഉറക്കം കിട്ടുമെന്നല്ല, മറിച്ച് സ്ഥിരമായി അങ്ങനെ ചെയ്യുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  

ദഹനത്തിന് അത്യുത്തമം
മത്തന്‍ വിത്തുകളില്‍ ഫൈബര്‍ അടങ്ങിയതിനാല്‍ ഇത് ശരിയായ ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ശരീരഭാരം കുറയാനും ഇത് സഹായിക്കും. 

പോഷകഘടകങ്ങളുടെ ആഗിരണം
ശരീരത്തിലേക്ക് പോഷകഘടകങ്ങള്‍ ആഗിരണം ചെയ്യാന്‍ മത്തന്‍ വിത്തിട്ടവെള്ളം കുടിക്കുന്നത് സഹായിക്കുന്നു. ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ശരീരത്തിലേക്ക് വിറ്റാമിനുകളും ധാതുക്കളും ശരിയായി ലഭിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)