
പപ്പടമില്ലാത്ത ഒരു ദിനം നമുക്ക് സങ്കല്പിക്കാനാവുമ? രാവിലെ പുട്ടിന് പപ്പടം, ഉച്ചയൂണിന് പപ്പടം, കഞ്ഞിക്കൊപ്പം പപ്പടം, സദ്യക്കും ബിരിയാണിക്കും പായസത്തിനും ഒപ്പം വരെയുണ്ട് പപ്പടം. പപ്പടം നമ്മുടെ നാട്ടിലെ മാത്രം ഭക്ഷണമല്ല. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും പപ്പടത്തിന്റെ പലരൂപങ്ങള്‍ ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. പണ്ട് കാലത്ത് വീടുകളില്‍ തന്നെയായിരുന്നു പപ്പടത്തിന്റെ നിര്‍മാണം. അതും ഉഴുന്നും പപ്പടക്കാരവും നല്ലെണ്ണയും ഉപ്പും ചേര്‍ത്ത്. ആ പപ്പടം അധിക ദിവസം കേടുകൂടാതെ ഇരിക്കില്ല. വേഗം തിന്നുതീര്‍ക്കണമെന്ന് ചുരുക്കം. ഇപ്പോഴാകട്ടെ രണ്ട് മാസം വരെ കേടുകൂടാതിരിക്കുന്ന പപ്പടമാണ് വിപണിയില്‍.
കൊറോണയും പപ്പടമുണ്ടാക്കാനുപയോഗിക്കുന്ന സാധനങ്ങളുടെ വിലക്കൂടുതലും പാരമ്പര്യമായി പപ്പടം ഉണ്ടാക്കിയിരുന്നവരുടെ തൊഴിലിനെ ബാധിച്ചിട്ടുണ്ട്. കൊറോണ മൊത്തം പപ്പടവിപണിയെ തന്നെ ബാധിച്ചിട്ടുണ്ടെന്ന് പറയാം. സാധാരണ ഓണക്കാലത്ത് ചെലവാകുന്ന പപ്പടത്തിന്റെ പകുതിമാത്രമാണ് ഇക്കാലയളവില്‍ ചെലവായത്. ഇതിനൊപ്പം മഴയും വെള്ളപ്പൊക്കവും എല്ലാമായി പപ്പട നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് ധാരാളം നഷ്ടം വന്നെന്നുവേണം കരുതാന്‍.
ഓണക്കിറ്റിലെ പപ്പടം കാലാവധി കഴിഞ്ഞതാണെന്ന വിവാദത്തോടെ പപ്പടം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇപ്പോഴുള്ള പപ്പടത്തില്‍ ധാരാളം രാസവസ്തുക്കള്‍ ചേരുന്നുണ്ട്. പപ്പടം അത്ര നിഷ്കളങ്കനായ ഭക്ഷണസാധനമല്ലെന്ന് ചുരുക്കം.
പപ്പടത്തിലെ രാസ വസ്തുക്കള്‍
കാര്‍ബണേറ്റ്സ്, ബൈകാര്ബണേറ്റ്സ്, ക്ലോറൈഡ്, സള്‍ഫേറ്റ് എന്നിവയെല്ലാം അടങ്ങിയതാണ് പപ്പടം. അല്പം ആസിഡ് കണ്ടെന്റും പപ്പടത്തില്‍ ഉണ്ടാകാറുണ്ട്. ഇതിനൊപ്പം പപ്പടം കുടുതല്‍ കാലം കേടാകാതിരിക്കാനുള്ള സോഡിയെ ബെന്‍സോയേറ്റ് എന്ന രാസവസ്തുവും.
ഈ രാസവസ്തുക്കള്‍ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുമോ
സോഡിയം ബെന്‍സോയേറ്റ് (sodium benzoate) കൂടുന്നതനുസരിച്ച് ആരോഗ്യ പ്രശ്നങ്ങളും കൂടും. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനും കൂടുതല്‍ കാലം കേടുകൂടാതിരിക്കാനാണ് ഇത് അധികമായി ചേര്‍ക്കുന്നത്. ഇവ കൂടുതലുള്ള പപ്പടം സ്ഥിരമായി ഉപയോഗിച്ചാല്‍ കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഉണ്ടാകാന്‍ ഈ രാസവസ്തു കാരണമാകും. പപ്പടത്തിലെ കൂടുതലളവിലുള്ള ഉപ്പ് ഹൃദയരോഗങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ക്ക് ദോഷകരമാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങളുള്ളവര്‍ പപ്പടം ഒഴിവാക്കുക തന്നെ വേണം. പപ്പടത്തിന് എണ്ണ വലിച്ചെടുക്കാനുള്ള കഴിവ് കൂടുതലാണ്. അതുകൊണ്ട് കൂടുതല്‍ പപ്പടം കഴിച്ചാല്‍ കൊളസ്ട്രോള്‍ പിന്നാലെ എത്തും. ആരോഗ്യകരമാണ് എന്ന് കരുതി നമ്മള് കഴിക്കുന്ന റോസ്റ്റഡ് പപ്പടം കാന്‍സറിന് കാരണമാകാം എന്നാണ് പഠനങ്ങള്‍.
ചെറിയ കുട്ടികള്‍ക്ക് പപ്പടം നല്‍കുന്നത് നല്ലതോ ചീത്തയോ
പപ്പടത്തിലെ സോഡിയം ബെന്‍സോയേറ്റ് പോലുള്ളവ കുട്ടികള്‍ക്ക് ഉദരസംബന്ധമായ അസുഖങ്ങളുണ്ടാക്കാം. അതുപോലെ ഹൈപ്പര്‍ ആക്ടിവിറ്റിപോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളില്‍ അവ കൂടാനും ഈ രാസവസ്തു കാരണമാകും. പപ്പടത്തിലടങ്ങിയ ഉപ്പ്, ആസിഡ്, വറുക്കുമ്പോള്‍ ആഗിരണം ചെയ്യുന്ന എണ്ണ എന്നിവയൊന്നും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല.
പപ്പടത്തിന്റെ പഴക്കം അതിനെ അപകടകരമാക്കുമോ
കാലാവധി കഴിഞ്ഞ പപ്പടം ഭക്ഷ്യവിഷബാധക്ക് കാരണമാകും. മറ്റ് ഭക്ഷണസാധനങ്ങളേക്കാള് അതിന് സാധ്യതയും ഏറെയാണ്. അതില്‍ വളരുന്ന പൂപ്പലുകളും ഫംഗസുമൊക്കെയാണ് ഇതിന് പിന്നില്‍. പപ്പടം നിര്‍മിക്കുമ്പോഴുള്ള വൃത്തിയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കാലാവധികഴിഞ്ഞ പപ്പടത്തിന്റെ രുചിയിലും മണത്തിലും വ്യത്യാസമുണ്ടാവും. അങ്ങനെ തോന്നുന്ന പപ്പടം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചില പപ്പടങ്ങളില്‍ പൂപ്പലും ഫംഗസും വളരുന്നതും നിറവ്യത്യാസമുണ്ടാവുന്നതും ശ്രദ്ധയോടെ പരിശോധിച്ചാല്‍ അറിയാം.
കടപ്പാട്: രഹന രാജന്
സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷന്‍
ആസ്റ്റര്‍ മെഡിസിറ്റി
കൊച്ചി
Content Highlights: health hazards of papadam
Published: 18 Sept 2020, 11:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented