ഉറക്കമുണര്‍ന്നപാടെ ഒരുഗ്ലാസ് ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നമ്മളില്‍ പലരും. ചായയും കാപ്പിയും കുടിക്കുന്നത് ശരീരം കൂടുതല്‍ ഊര്‍ജസ്വലമാക്കുമെങ്കിലും വെറും വയറ്റില്‍ അവ കുടിക്കുമ്പോള്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ചായക്കും കാപ്പിക്കും പകരമായി ആപ്പിള്‍ കഴിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സെലബ്രിറ്റി ന്യൂട്രീഷനിസ്റ്റായ നമാമി അഗര്‍വാള്‍.

To advertise here,

ആപ്പിളില്‍ കഫീന്‍ അടങ്ങിയിട്ടില്ല എന്നതിന് പുറമെ പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുണ്ടെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആപ്പിള്‍ സഹായിക്കുന്നു. ഇത് കൂടാതെ ആപ്പിളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു-പോസ്റ്റില്‍ ന്യൂട്രീഷനിസ്റ്റ് വ്യക്തമാക്കി.

ആപ്പിള്‍ കഴിക്കുമ്പോള്‍ ഇനിയുമുണ്ട് ധാരാളം ആരോഗ്യഗുണങ്ങള്‍

ശരീരഭാരം നിയന്ത്രിക്കുന്നു

ആപ്പിളില്‍ ധാരാളം ഫൈബറും ജലാംശവും അടങ്ങിയിരിക്കുന്നതിനാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞതുപോലെ തോന്നിക്കും. ഏറെ നേരം ഇങ്ങനെ തോന്നുന്നതിനാല്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ കഴിയും. അതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നു. 

ഹൃദയാരോഗ്യത്തിന്

ആപ്പിള്‍ പതിവായി കഴിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കുറവാണെന്ന് വിവിധ പഠനങ്ങളില്‍ പറയുന്നു. ആപ്പിളില്‍ ധാരാളം ദഹിക്കുന്ന ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഇതിന് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ കഴിയും. ആപ്പിളിലുള്ള പോളിഫിനോളുകള്‍ രക്ത സമ്മര്‍ദം കുറയ്ക്കുന്നു.  

ദഹനം മെച്ചപ്പെടുത്തുന്നു

കുടലിലുള്ള സൂക്ഷമജീവികള്‍ക്ക് സമാനമായ പ്രവര്‍ത്തനമാണ് ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബര്‍ കുടലുകളില്‍ നടത്തുന്നത്. ഇത് ദഹനം മെച്ചപ്പെടുത്തുകയും മികച്ച ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.