ഒരുപാട് പോഷകഗുണങ്ങളുള്ള പഴമാണ് നെല്ലിക്ക. വെറുതെ കഴിക്കാന്‍ മാത്രമല്ല ചട്നികളും കറികളുമെല്ലാം നെല്ലിക്ക ഉപയോഗിച്ച് ഉണ്ടാക്കം. പാനീയങ്ങളും ഇതുപയോഗിച്ച് തയ്യാറാക്കാം. ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങള്‍ നോക്കാം. 

To advertise here,

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിക്ക് നല്ലതാണ്. ഒരു നേരം നെല്ലിക്ക കഴിക്കുന്നത് ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ സി നല്‍കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു 
നെല്ലിക്കയില്‍ വിറ്റാമിന്‍ സി മാത്രമല്ല, നാരുകളും (osluble fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുകയും വയറുവീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു
ലയിക്കുന്ന നാരുകള്‍ അടങ്ങിയതിനാല്‍, കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാന്‍ സഹായിക്കുന്നു, അതിനാല്‍ പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്താവുന്നതാണ്. 

മുടികൊഴിച്ചിലും താരനും കുറയ്ക്കുന്നു
ജലദോഷം, ചുമ, വായ് പുണ്ണ്, താരന്‍ തുടങ്ങിയെ ചെറുക്കാന്‍ തയ്യാറാക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനിയാണ് നെല്ലിക്ക. എന്നും നെല്ലിക്ക കഴിക്കുന്നത് താരന്‍ നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. 

ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു
നെല്ലിക്കയിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി, കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്നു. ഇത് ചര്‍മത്തിന് പ്രായംതോന്നിപ്പിക്കാതിരിക്കും. ചര്‍മം മിനുസവും തിളക്കവുമുള്ളതായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. 

നെല്ലിക്ക എന്തെല്ലാം ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താം എന്ന് നോക്കാം

സാലഡ്  
സാലഡില്‍ നാരങ്ങാനീര് ഒഴിക്കുന്നതിന് പകരമായി നെല്ലിക്ക ജ്യൂസ് ഉപയോഗിക്കാം. ഇത് ആവശ്യമായ പുളിപ്പ് നല്‍കുന്നതോടൊപ്പം കൂടുതല്‍ വിറ്റാമിന്‍ സിയും രോഗപ്രതിരോധ ശേഷിയും നല്‍കുന്നു.

നെല്ലിക്ക ജ്യൂസ് 
ജലദോഷവും ചുമയും തടയാന്‍ നെല്ലിക്ക ജ്യൂസ് സഹായിക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അല്‍പം തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ ജ്യൂസ് കുടിക്കാവുന്നതാണ്. 

ചമ്മന്തി
പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ് നെല്ലിക്ക ചമ്മന്തി. ഇത് മിക്ക ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്കും ഒപ്പം ചേരുന്നതുമാണ്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)