പറവൂർ: ഓൺലൈനിൽ ഓർഡർനൽകി വീട്ടിലേക്ക് വാങ്ങിയ മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയതായി പരാതി. ഇതേത്തുടർന്ന് നഗരസഭയുടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാവിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിനു സമീപം ഫോർട്ട്‌റോഡിലുള്ള 'ചായ് പീടിക' എന്ന ഹോട്ടലിൽ ശുചിത്വമില്ലായ്മയും മറ്റും കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ അധികൃതർ പൂട്ടിച്ചു.

To advertise here,

ഹോട്ടലിൽനിന്നും പറയകാട് സ്വദേശിയാണ് ഓൺലൈനിൽ ഓർഡർ നൽകി മുട്ടറോസ്റ്റ് വാങ്ങിയത്. കഴിച്ചു തുടങ്ങിയതിനിടെയാണ് കറിക്കുള്ളിൽ വെന്തനിലയിൽ തോടുള്ള ഒച്ചിനെ കിട്ടിയത്. അതോടെ കറി വാങ്ങിയ ആൾ ഒച്ച് ഉൾപ്പെടെയുള്ള കറിയുടെ ഫോട്ടോയും ബില്ലും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി അയച്ചു. ബില്ലിൽ പേരുള്ള ഹോട്ടൽ പ്രവർത്തിക്കുന്നത് നഗരസഭാ അതിർത്തിയിലാണ്. നഗരസഭയിൽ ഔദ്യോഗികമായി പരാതി ലഭിച്ചില്ലെങ്കിലും വിഷയം സാമൂഹികമാധ്യമങ്ങളിൽ കണ്ടതോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നുവെന്ന് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി പഞ്ഞിക്കാരൻ പറഞ്ഞു.

ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരും നഗരസഭാ ആരോഗ്യവിഭാഗവും ചേർന്ന് സംയുക്ത പരിശോധന നടത്തിയശേഷമാണ് ഹോട്ടൽ പൂട്ടാൻ നോട്ടീസ് നൽകിയത്. പരിശോധനയിൽ ശുചിത്വമില്ലായ്മ കണ്ടെത്തിയതായും ജോബി പഞ്ഞിക്കാരൻ പറഞ്ഞു. ഹോട്ടലിൽനിന്ന് ഒരു ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നുവെന്നും അതിന്റെ പിന്നിലുള്ള വ്യാജപരാതിയാകും ഇതെന്നാണ് ഹോട്ടലുടമകളുടെ വാദം.