ബെല്ലും ബ്രേക്കുമില്ലാതെ വരുന്ന ഫുഡ് ക്രേവിങ്‌സിനെ അടക്കിനിര്‍ത്താന്‍ പാടുപെടുന്നവരാണോ? ചോക്ലേറ്റും ഐസും എരിവുള്ള ഭക്ഷണസാധനങ്ങളും മധുരപലഹാരങ്ങളുമെല്ലാം കഴിക്കാന്‍ കൊതിവരുന്ന ചില നേരങ്ങളുണ്ടാകാറില്ലേ? എന്തായിരിക്കാം പെട്ടെന്നിങ്ങനെ അനുഭവപ്പെടാന്‍ കാരണം? 

To advertise here,

മാനസിക-വൈകാരികപ്രശ്നങ്ങൾ, ഹോർമോൺ വ്യതിയാനം എന്നിവയ്ക്ക് പുറമെ ക്രേവിങ്‌സ് തോന്നുന്നത് പോഷകാഹാരക്കുറവ് കാരണത്താലും ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എരിവുള്ള ഭക്ഷണം കഴിക്കാന്‍ തോന്നുന്നത് സിങ്കിന്റെ കുറവ് കാരണമായിരിക്കാം. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞതിനാലാണ് ചോക്ലേറ്റിനോട് ആസക്തി തോന്നുന്നത്. ഇത്തരത്തില്‍ ക്രേവിങ്‌സിന് പിറകിലുള്ള വസ്തുതകള്‍ വ്യക്തമാക്കിയിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ശ്വേതാ ഷാ തന്റെ സോഷ്യല്‍മീഡിയാ പോസ്റ്റിലൂടെ. അവ പരിശോധിക്കാം...

എരിവുള്ള ഭക്ഷണത്തോടുള്ള താല്‍പര്യം 
ക്രേവിങ്‌സ് കാരണം ഭക്ഷണം പാചകംചെയ്യുമ്പോള്‍ എരിവ് അധികം ചേര്‍ക്കാറുണ്ടോ? ഇത് ശരീരത്തിലെ സിങ്കിന്റെ അപര്യാപ്തയാണ് സൂചിപ്പിക്കുന്നത്.

അരിയോടുള്ള കൊതി
ചിലനേരം അരി കഴിക്കാന്‍ തോന്നുന്നവരുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ചോക്കിനോടാണ് ചിലര്‍ക്ക് ക്രേവിങ് തോന്നുക. ഇത് ശരീരത്തിലെ അയണിന്റെ അപര്യാപ്തതയെ സൂചിപ്പിക്കുന്നു. ഗര്‍ഭിണികളിലും മാനസിക സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെല്ലാം നേരിടുന്നവരിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്. 

ഇത് മറികടക്കാനായി ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്താവുന്നതാണ്. ഇതില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ചോക്ലേറ്റ് ക്രേവിങ്
ചോക്ലേറ്റിനോട് ക്രേവിങ്‌സ് തോന്നുന്നത് ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞതിനാലാകാം. മഗ്നീഷ്യത്തിന്റെ കലവറയാണ് ഡാര്‍ക്ക് ചോക്ലേറ്റ്. മഗ്നീഷ്യമടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തി ഈ ക്രേവിങ്‌സിനെ മറികടക്കാവുന്നതാണ്. 

തണുത്ത പാനീയങ്ങളോടുള്ള ക്രേവിങ്‌സ്
തണുത്ത പാനീയങ്ങളോ സോഡയോ കഴിക്കാന്‍ അതിയായ തോന്നലുണ്ടാകുന്നത് കാത്സ്യം കുറവുകൊണ്ടാകാം. സോഫ്റ്റ് ഡ്രിങ്‌സുകളുടെ ഉപയോഗം ശരീരത്തിലെ കാത്സ്യം കൂടുതല്‍ നഷ്ടപ്പെടുത്തും. 

ഐസ് കഴിക്കാനാണ് ചിലര്‍ക്ക് കൊതിവരിക. അപ്പോള്‍ ഐസ് ക്യൂബെടുത്ത് കടിച്ചുപൊട്ടിച്ച് കഴിക്കുന്നവര്‍ വിരളമല്ല. ഇത് അയണിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.