'ഇന്ന് എന്ത് ഡ്രസ് ഇടും?'ഫ്രണ്ട്‌സിനൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ മനസ്സിൽ ആദ്യം വരുന്ന ചോദ്യമാണ്. എന്നാൽ ഫ്‌ളോറിഡയിലെ ഹോളിവുഡിലുള്ള സിഎൽഎഎസ്എസ് സോയ്‌റീ സ്റ്റീക്ക്ഹൗസ് എന്ന റെസ്‌റ്റോറന്റിലാണ് നിങ്ങൾ ഭക്ഷണം കഴിക്കാൻ പോകുന്നത് എങ്കിൽ വസ്ത്രത്തെക്കുറിച്ചുള്ള ഈ വേവലാതികളൊന്നും വേണ്ട. പൂർണ നഗ്നരായിരുന്ന് ഭക്ഷണം ആസ്വദിക്കാം. അശ്ലീലതയുടെ കണ്ണിലൂടെ മാത്രം കാണുന്ന നഗ്നതയ്ക്ക് ബോഡി പോസ്റ്റിവിറ്റിയിലൂടെ പുതുഭാഷ്യം രചിക്കുകയാണ് റെസ്റ്ററന്റ് അധികൃതർ.

To advertise here,

പൂർണമായും വസ്ത്രം ധരിച്ചാണ് ഇവിടെ അതിഥികളെത്തുക. വാതിൽ കടന്നെത്തുന്ന അതിഥികളെ അകത്തേക്ക് സ്വീകരിച്ച് ആനയിക്കുന്നതിനായി ഒരു ഹോസ്റ്റസ് എത്തും. മിക്കവാറും ഇവരും നഗ്നരായിരിക്കും. വരുന്ന അതിഥികൾക്ക് സങ്കോചമൊന്നും തോന്നാതിരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വരുന്ന എല്ലാവർക്കും ഒരു ടവ്വലും സീറ്റ് കവറും റോബും റെസ്റ്ററന്റ് അധികൃതർ നൽകും. പതിയെ വസ്ത്രം മാറ്റി റോബ് ധരിക്കുകയോ, നഗ്നരായി ഇരിക്കുകയോ, ഭാഗികമായി വസ്ത്രം ധരിച്ച് ഇരിക്കുകയോ ചെയ്യാം. അത് അതിഥികളുടെ തീരുമാനം. ജനാലകളും വാതിലുകളും അടച്ചിടുന്നത് ഉൾപ്പെടെയുള്ള പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പുതിയ ആശയം നടപ്പിലാക്കുന്നതെന്ന് റെസ്റ്ററന്റ് അധികൃതർ പറയുന്നു.

അതിഥികൾക്ക് ഇവിടെ വിളമ്പുന്നത് ഷാമ്പെയ്ൻ ടോസ്റ്റ് ഉൾപ്പെടെയുള്ള ഫൈവ് കോഴ്‌സ് മീലാണ്. സിംഗിൾ വുമണാണെങ്കിൽ ഏകദേശം 14,300 രൂപയ്ക്ക് നിങ്ങൾക്ക് മീൽസ് ബുക്ക് ചെയ്യാൻ സാധിക്കും. സിംഗിൾ പുരുഷന്മാരാണെങ്കിൽ 23,842 രൂപ വരും. ദമ്പതിമാർക്ക് ഏകദേശം 28,575 രൂപയാണ് വേണ്ടത്.

ഇരുട്ടത്ത് ഇരുന്ന് ഭക്ഷണം ആസ്വദിക്കാം, പെയ്ന്റ് ചെയ്തുകൊണ്ട് കോഫീ കുടിക്കാം, പുസ്തകം വായിച്ചുകൊണ്ട് ഭക്ഷണം കഴിക്കാം തുടങ്ങി പലവിധ വെറൈറ്റികൾ റെസ്റ്ററന്റുകൾ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. നഗ്നരായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആശയവും പുതിയതല്ല. അതുകൊണ്ടുതന്നെ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന ഒരു നീക്കമായി റെസ്റ്ററിന്റെ ഉടമയും ഷെഫുമായ മൗറാദ് അലി ഇതിനെ കാണുന്നില്ല.

ഇത്തരത്തിലുള്ള വ്യത്യസ്ത അനുഭവങ്ങൾക്ക് ഉപഭോക്താക്കളുണ്ടെന്ന് അലി പറയുന്നു. അതിനെ പ്രീമിയം ലെവലിൽ അവതരിപ്പിക്കുകമാത്രമാണ് ഇവർ ചെയ്യുന്നത്. വൈകുന്നേരം തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഒരു റെസ്റ്ററന്റിൽ ഇവർക്ക് ചെലവഴിക്കാം.

സ്വമേധയാ തിരഞ്ഞെടുക്കുന്ന, ലൈംഗികതയ്ക്കും അശ്ലീലതയ്ക്കും അപ്പുറത്തുള്ള നഗ്നത സ്വന്തം ശരീരത്തെ കുറേക്കൂടി സ്‌നേഹിക്കാനും പ്രകൃതിയോട് അടുക്കാനും മനുഷ്യരെ സഹായിക്കും. മനുഷ്യശരീരവുമായി ബന്ധപ്പെട്ട സ്റ്റിഗ്മയെ മറികടക്കാൻ ഇത് സഹായിക്കുമെന്നാണ് അലിയുടെ വിശ്വാസം. ശരീത്തെ കുറിച്ചുള്ള തുറന്ന സംസാരത്തിലേക്കും ഇത് നയിക്കും.