ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വളരെയേറെ ആരോഗ്യഗുണമുള്ള ഒന്നാണ് ഉണക്കിയ ആപ്രിക്കോട്ട്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയുടെ സാധ്യത കുറയ്ക്കും. കൂടാതെയിതില്‍ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റു വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

To advertise here,

ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണക്കിയ ആപ്രിക്കോട്ട് കഴിക്കുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും കലോറി ഉപഭോഗം നിയന്ത്രിക്കാനും ഗുണം ചെയ്യും. ഇതില്‍ വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്്.

കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍ എ, ഇ എന്നിവയുള്‍പ്പെടെ പോഷകങ്ങളും ഉണക്കിയ ആപ്രിക്കോട്ടിലുണ്ട്. വിറ്റാമിന്‍ എ റെറ്റിനയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിറ്റാമിന്‍ സി കൊളാജന്‍ ഉത്പ്പാദനത്തിന് സഹായിക്കും. കൊളാജനാണ് ചര്‍മത്തിന് തിളക്കവും ഇലാസ്തികയും പ്രദാനം ചെയ്ത് യുവത്വം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നത്. അതിനൊപ്പം ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളാല്‍ ഉണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും വിറ്റാമിന്‍ സി സഹായിക്കും.

പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഒരു ഡ്രൈ ഫ്രൂട്ടാണിത്. ഇത് ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് പ്രത്യേകിച്ചും ഗുണം ചെയ്യും. ഉണക്കിയ ആപ്രിക്കോട്ട് നാരുകളാല്‍ സമ്പന്നമാണ്. മലബന്ധം തടയാനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും നാരുകള്‍ ഗുണം ചെയ്യും. നാരുകളുള്ള ഭക്ഷണം കഴിക്കുന്നത് കുടലിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)