സാമൂഹികമാധ്യമങ്ങളിൽ ഓരോ ദിവസവും ഓരോ തരത്തിലുള്ള വീഡിയോകളാണ് ശ്രദ്ധ നേടുന്നത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പാചകക്കുറിപ്പുകള്‍ വൈറലായതോടെ ഏതെങ്കിലും പച്ചക്കറിയ്ക്ക് വില കൂടിയതായി അറിയാമോ? എന്നാല്‍ അങ്ങനെയൊരു സംഭവം ഐസ്‌ലാന്റിലുണ്ടായിയെന്നാണ് വാര്‍ത്ത. സാലഡിനായി ഉപയോഗിക്കുന്ന കക്കിരിയ്ക്കാണ് ഇത്തരത്തില്‍ വലിയ രീതിയില്‍ രാജ്യത്ത് ഡിമാന്റ് കൂടിയത്. തുടര്‍ന്ന് രാജ്യത്ത് കക്കിരി കിട്ടാത്ത അവസ്ഥയുണ്ടായതാണ് റിപ്പോർട്ട്.

To advertise here,

ഇതിന് പിന്നിലെ പ്രധാനകാരണം ലോഗന്‍ മോഫിറ്റ് എന്ന കണ്ടന്റ് ക്രിയേറ്ററാണ്. 'കുക്കുമ്പര്‍ ഗൈ'  എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. പതിവായി കക്കിരിയുപയോഗിച്ചുള്ള വിഭവങ്ങളുടെ വീഡിയോയാണ് അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോകള്‍ക്ക് ഐസ്‌ലാന്റില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അങ്ങനെ ഐസ് ലാന്റില്‍ കക്കിരിയുടെ ഉപഭോഗം കൂടിയെന്നും പറയപ്പെടുന്നു.പാചകം അറിയാത്ത ആളുകള്‍ക്ക് പോലും പരിമിതമായ ചേരുവകള്‍ ഉപയോഗിച്ച് ഈ കക്കിരി വിഭവങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിയ്ക്കും. ഇത് വീഡിയോയ്ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുന്നതിന് കാരണമായത്.

ഇത്തരത്തില്‍ അവിടെ കക്കിരിക്ക് ക്ഷാമമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കര്‍ഷകര്‍ക്കും കക്കിരി എത്തിക്കാന്‍ പറ്റുന്നില്ല എന്നായതോടെ ഹോളണ്ടില്‍ നിന്നും അടിയന്തരമായി കക്കിരി ഇറക്കുമതി ചെയ്യുകയായിരുന്നുമെന്നുമാണ് ഐസ്‌ലാന്‍ഡിലെ ഓണ്‍ലൈന്‍ സ്റ്റോറായ ക്രോണന്‍ പറയുന്നത്. ആറ് ദശലക്ഷം കക്കിരിയാണ് രാജ്യത്ത് വിളവെടുക്കുന്നത്. രാജ്യത്തെ ജനസംഖ്യ 3.93 ലക്ഷവും.  

ഈ പാചകക്കുറിപ്പുകള്‍ വളരെ ഹിറ്റായതിനാല്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് ഐസ്ലന്‍ഡിലെ കര്‍ഷക സംഘടനയായ ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് സെയില്‍സ് കമ്പനി (എസ്.എഫ്.ജി)  ബിബിസിയോട് പറഞ്ഞു. ലോഗന്റെ പാചകക്കുറിപ്പ് കണ്ട് മറ്റുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരും ഇത്തരം വീഡിയോകള്‍ ചെയ്യുകയുണ്ടായി. അത് കക്കിരി റെസിപ്പികള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തുന്നതിന് കാരണമായി.

അതേസമയം തന്നെ കക്കിരി ക്ഷാമത്തിന് പിന്നില്‍ ഇത്തരം വൈറല്‍ വീഡിയോകള്‍ മാത്രമല്ലെന്നും കക്കിരി പുതുതായി നടുന്ന സമയമായതിനാല്‍ കൂടിയാണെന്നും പറയുന്നുണ്ട്. എല്ലാ വര്‍ഷവും ഈ സമയത്ത് രാജ്യത്ത് കക്കിരിക്ഷാമം ഉണ്ടാകാറുണ്ട് എന്നും ഒരു വിഭാഗം പറയുന്നു. അതേസമയം തന്നെ നേരത്തെ തന്നെ വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ കക്കിരിക്ക് വലിയ ഡിമാന്‍ഡായിരുന്നു എന്നും ആ സമയത്ത് നല്ല ഉത്പാദനം ഉണ്ടായതുകൊണ്ട് അറിയാത്തതാണ് എന്ന് കര്‍ഷകര്‍ പറയുന്നുണ്ട്. കക്കിരിയോടൊപ്പംഅനുബന്ധ ചേരുവകള്‍ക്ക് ഡിമാന്റ് കൂടിയതായി സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പറയുന്നു.