ഇടയ്ക്കെങ്കിലും കോളിഫ്ളവര്‍ വിഭവങ്ങള്‍ പാചകംചെയ്യുന്നവരാകും നമ്മളില്‍ പലരും. മറ്റ് പച്ചക്കറികള്‍ പോലെയല്ല, വളരെ ശ്രദ്ധയോടെ വേണം കോളിഫ്ളവര്‍ വൃത്തിയാക്കാന്‍. അതില്‍ പുഴുക്കളോ പ്രാണികളോ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ അല്‍പം പ്രയാസമാണെന്നതുതന്നെയാണ് അതിന് കാരണം.

To advertise here,

കോളിഫ്ളവര്‍ പുറമേ നിന്ന് കാണാന്‍ വൃത്തിയുള്ളതായി തോന്നാമെങ്കിലും അതിന്റെ ഇടതൂര്‍ന്ന പൂക്കള്‍ക്കുള്ളില്‍ ചെറിയ പുഴുക്കള്‍ മുതല്‍ മണ്ണിന്റെയും കീടനാശിനികളുടെയും അംശംവരെ ഉണ്ടാകാം. ഇതില്‍ ആശങ്ക വേണ്ട, കോളിഫ്ളവര്‍ വൃത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

കോളിഫ്ലവര്‍ എങ്ങനെ നന്നായി വൃത്തിയാക്കാം
ആദ്യം പുറത്തുള്ള പച്ച ഇലകള്‍ നീക്കം ചെയ്ത് കോളിഫ്ളവര്‍ ഇടത്തരം വലുപ്പമുള്ള പൂക്കളായി മുറിക്കുക. വളരെ ചെറുതാക്കി മുറിക്കരുത്. വെള്ളത്തില്‍ മുക്കിവെക്കുമ്പോള്‍ പൂക്കള്‍ ഉടഞ്ഞുപോകാതിരിക്കാന്‍ ഇത് സഹായിക്കും.

വൃത്തിയാക്കാനുള്ള ലായനി തയ്യാറാക്കുക
ഒരു വലിയ പാത്രത്തില്‍ ചെറുചൂടുവെള്ളത്തില്‍ ഉപ്പും മഞ്ഞളും കലര്‍ത്തുക. കോളിഫ്ളവറില്‍ അഴുക്കോ പുഴുവോ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. ഇങ്ങനെ ചെയ്യുന്നത് അഴുക്ക് ഇളക്കി കളയാനും ഒളിച്ചിരിക്കുന്ന പ്രാണികളെ നശിപ്പിക്കാനും സഹായിക്കുന്നു. കോളിഫ്ളവര്‍ പാത്രത്തിലിട്ട് 15-20 മിനിറ്റ് ലായനിയില്‍ മുക്കിവെക്കണം.

നന്നായി കഴുകുക
മുക്കിവെച്ചതിന് ശേഷം, വെള്ളം ഊറ്റിക്കളഞ്ഞ് കോളിഫ്ളവര്‍ ഒഴുകുന്ന വെള്ളത്തില്‍ കഴുകുക. അഴുക്ക് പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ളഭാഗം വിരലുകള്‍ ഉപയോഗിച്ച് നന്നായി കഴുകുക.

പാചകം ചെയ്യുന്നതിന് മുന്‍പ് ഉണക്കുക
വൃത്തിയാക്കിയ കോളിഫ്‌ളവര്‍ ഒരു കിച്ചണ്‍ ടവ്വലില്‍ നിരത്തി കുറച്ച് മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. ഇങ്ങനെ ചെയ്യുന്നത് റോസ്റ്റ് ചെയ്യുകയോ സ്റ്റിര്‍-ഫ്രൈ ചെയ്യുകയോ ചെയ്യുമ്പോള്‍ കോളിഫ്ളവര്‍ കുഴഞ്ഞുപോകാതിരിക്കാന്‍ സഹായിക്കുന്നു. ഉണങ്ങിയശേഷം കോളിഫ്ലവര്‍ ഗോബി മഞ്ചൂരിയന്‍ മുതല്‍ റോസ്റ്റഡ് ഗോബി ടിക്ക വരെയുള്ള ഏത് വിഭവത്തിലും ഉപയോഗിക്കാവുന്നതാണ്.

സാലഡിലോ പകുതി വേവിച്ച വിഭവങ്ങളിലോ കോളിഫ്ളവര്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ബ്ലാഞ്ചിങ് അധിക സുരക്ഷ നല്‍കുന്നു. ഇങ്ങനെ ചെയ്യാന്‍ പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. വൃത്തിയാക്കിയ കോളിഫ്‌ളവര്‍ ചേര്‍ത്ത് 2-3 മിനിറ്റ് തിളപ്പിക്കുക. വെള്ളം ഊറ്റിക്കളഞ്ഞ്, തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് ശുചിത്വം ഉറപ്പാക്കുക മാത്രമല്ല, കോളിഫ്ളവറിന് നല്ല ഘടനയും തിളക്കമുള്ള നിറവും നല്‍കുന്നു.

ഒഴിവാക്കേണ്ട കാര്യങ്ങള്‍
കോളിഫ്ളവര്‍ വെള്ളത്തില്‍ മുക്കിവെക്കാതിരിക്കരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ അതില്‍ ഒളിച്ചിരിക്കുന്ന പുഴുക്കളെയോ അഴുക്കിനെയോ നീക്കം ചെയ്യാനാവില്ല. കഴുകിയെടുത്ത കോളിഫ്ളവര്‍ ഉണക്കാതെ പാചകം ചെയ്യുകയാണ് പൊതുവെ പലരും ചെയ്യാറുള്ളത്. ശരിയായി ഉണക്കാതിരിക്കുന്നാല്‍ പാചകം ചെയ്യുമ്പോള്‍ അവ കുഴഞ്ഞുപോകാം.

ഇക്കാര്യങ്ങൾ ഓർത്തുവെക്കാം
ഉപ്പിനും മഞ്ഞളിനും പകരം ചെറുചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ ഉപയോഗിച്ചും കോളിഫ്ളവര്‍ വൃത്തിയാക്കാം. കോളിഫ്‌ളവര്‍ നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ സാലഡുകളിലും മറ്റും ചേര്‍ത്ത് പച്ചയ്ക്ക് കഴിക്കാവൂ. കോളിഫ്‌ളവര്‍ വൃത്തിയാക്കി ഉണക്കിയ ശേഷം, വായു കടക്കാത്ത പാത്രത്തില്‍ റെഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്നതാണ്. ഫ്രഷ്നസ്സിനായി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.