പൈനാപ്പിള്‍ പുളിയും മധുരവും ചേര്‍ന്ന രുചികരമായ ഫലം.പൊതുവേ ആളുകള്‍ക്ക് ഇഷ്ടമുള്ള ഒന്നാണിത്. എഴുത്തുകാരനായ കൃഷ് അശോക് പൈനാപ്പിളിനെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പൈനാപ്പിളിനെ പഴങ്ങളുടെ ലോകത്തെ 'ഫഹദ് ഫാസിലെന്നാണ് 'അദ്ദേഹം വിശേഷിപ്പിക്കുന്നത്. നമ്മള്‍ കരുതുന്നതിലും കൂടുതല്‍ അടരുകളിതിന് ഉള്ളത് കൊണ്ടാണ് ഇങ്ങനെ അദ്ദേഹം വിശേഷിപ്പിച്ചത്.

To advertise here,

ബ്രസീലില്‍ നിന്നാണ് ഈ പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തുന്നത്. ഓരോ ഭാഷയിലും ഇതിന് വ്യത്യസ്തമായ പേരുകളാണുള്ളത്. പൈനാപ്പിള്‍ ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്ക് എത്തിയതില്‍ ചരിത്രപരമായ കാരണങ്ങളുണ്ട്. നൂറ്റാണ്ടുകളോളം ബ്രസീലിലും  പരാഗ്വേയിലെയും ജനങ്ങളാണ് ഇത് നട്ടുവളര്‍ത്തിയിരുന്നത്. അവര്‍ ഇതിനെ നാന എന്നാണ് വിളിച്ചിരുന്നത്.

ഏറ്റവും നല്ലൊരു പഴമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ ക്രിസ്റ്റഫര്‍ കൊളമ്പസാണ് പൈനാപ്പിള്‍ യൂറോപ്പിലേയ്‌ക്കെത്തിക്കുന്നത്. പൈനാപ്പിള്‍ ഇന്ത്യയിലെത്തുന്നത് പോര്‍ച്ചുഗീസുകാരിലൂടെയാണ്.ഇതിനെക്കുറിച്ച് അദ്ദേഹം വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്.

പൈനാപ്പിളിനെക്കുറിച്ച് പിന്നെയും രസകരമായ വസ്തുതകള്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പൈനാപ്പിളിന് സ്വന്തമായി തന്നെ ശക്തമായ പ്രതിരോധസംവിധാനമുണ്ട്.  അതിന്റെ മുള്ളുകളോട് കൂടിയ കട്ടിയുള്ള ഇലകളും തൊലിയിലെ കട്ടിയുള്ള ഭാഗങ്ങളും പഴത്തിലുള്ള ചെറിയ മുള്ളുകള്‍ പോലെയുള്ള ഭാഗവുമെല്ലാം ഇതിന് ഉദാഹരണമാണ്. അതിനാല്‍ പെട്ടെന്ന് ഇത് കഴിക്കുന്നതും സാധ്യമല്ല.

പൈനാപ്പിളില്‍ ബ്രോമലൈന്‍ എന്ന  എന്‍സൈം അടങ്ങിയിട്ടുണ്ട്. അത് മാംസത്തെ മൃദുവാക്കുകയും വേഗത്തില്‍ ദഹിപ്പിക്കാനും സഹായിക്കുന്നു. രണ്ടുവര്‍ഷമാണ് പൈനാപ്പിളിന്റെ വളര്‍ച്ചകാലയളവ്. ഇതിനിടയില്‍ പഴം പാകമാകുന്നു. ഇത്തരത്തില്‍ പൈനാപ്പിളിനെക്കുറിച്ച് വിശദമായാണ് കൃഷ് അശോക് വിശദീകരിക്കുന്നത്.