
പുഴ മീനിൻ്റെ രുചിയും കടലിലെ ഉപ്പുവെള്ളത്തിൽ വളരുന്ന മത്സ്യങ്ങളുടെ രുചിയും തമ്മിൽ വ്യത്യാസമുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പുഴ മീനിന്റെ രുചി ഇഷ്ടമുള്ളവർക്ക് ഏറെ പരിചിതമായ മീനായിരിക്കും കുറുവ മീൻ. പുഴയിൽ നിന്നും ചൂണ്ടയിട്ടു പിടിച്ച മീൻ കൊണ്ട്, പുഴയോര വാസിയായിരുന്ന പ്രിയ സുഹൃത്ത് സതീശന്റെ അമ്മ രുചികരമായ മീൻ കറി ഉണ്ടാക്കുമായിരുന്നു. തൊടിയിൽ വീണു കിടന്നിരുന്ന കുറച്ച് കശുവണ്ടി അരച്ച്, പപ്പായയും മാങ്ങയും ഇട്ട് തേങ്ങയും ചേർത്ത് സതീശന്റെ അമ്മ ഉണ്ടാക്കി തയ്യാറാക്കുന്ന രുചികരമായ മീൻ കറിയുടെ ഓർമയിൽ..
മൂവാറ്റുപുഴയാറിൽ നിന്നും ഇന്നു കിട്ടിയ കുറുവ മീൻ കൊണ്ട് മീൻ കറി ഉണ്ടാക്കിയത് ഇങ്ങനെയാണ്. കുറുവ പോലുള്ള പുഴ മീനുകൾ കൊണ്ട് മാത്രമല്ല, നെയ്മീൻ അടക്കമുള്ള കടൽ മീനുകൾ കൊണ്ടും ഇത്തരത്തിലുള്ള രുചികരമായ മീൻ കറി ഉണ്ടാക്കാറുണ്ട്.
ഹോട്ടൽ ഭക്ഷണമല്ല, കുട്ടികളെ ആകർഷിക്കും ഈ വിഭവം; തയ്യാറാക്കാം രുചികരമായ കോഴിക്കറി
ചേരുവകൾ (നാലുപേർക്കുള്ള കറിക്ക്)
ചെതുമ്പൽ കളഞ്ഞ് വെട്ടി കഴുകി വൃത്തിയാക്കിയ മീൻ - അരക്കിലോ (ഇന്നു കിട്ടിയത് കുറച്ച് പുഴ മീനാണ് - കുറുവ )
പപ്പായ - 1 കപ്പ് (കനം കുറച്ച് രണ്ടിഞ്ച് നീളത്തിൽ കീറിയത്)
മാങ്ങ - രണ്ടു പൂള് (തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞത്)
കാശ്മീരി മുളക് പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - അര ടീ സ്പൂൺ
ചുവന്നുള്ളി - ഒന്നര ടേബിൾ സ്പൂൺ ( കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത് )
ഇഞ്ചി - 1 ടീ സ്പൂൺ ( അരിഞ്ഞു ചതച്ച് വിടർത്തി എടുത്തത്)
വെളുത്തുള്ളി - 1 ടീ സ്പൂൺ ( അരിഞ്ഞു ചതച്ച് വിടർത്തി എടുത്തത്)
തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്
കശുവണ്ടി - 10 എണ്ണം ( അര മണിക്കൂർ കുതിർത്തിയത് )
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്
പാചക ക്രമം
1. വെള്ളത്തിലിട്ട് അര മണിക്കൂർ കുതിർത്ത കശുവണ്ടിയും തേങ്ങയും ലേശം വെള്ളം ചേർത്ത് നന്നായി അരച്ച് അരപ്പ് തയ്യാറാക്കുക.
2. ഉപ്പും കാശ്മീരി മുളക് പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് കലക്കി വയ്ക്കുക.
3. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ ചുവന്നുള്ളിയും ചതച്ച ഇഞ്ചിയും ചതച്ച വെളുത്തുള്ളിയും സ്വർണ്ണ നിറമാകുന്നത് വരെ മൂപ്പിക്കുക.
4. ഇഞ്ചിയും ഉള്ളികളും മൂപ്പാകുന്ന മുറയ്ക്ക് അതിലേക്ക് ആദ്യം കലക്കി വച്ച മുളക് വെള്ളം ചേർത്ത് തിള വരുമ്പോൾ നുറുക്കിയ മീനും പപ്പായയും മാങ്ങയും ചേർത്ത് യോജിപ്പിച്ച് വേവിക്കുക.
5. കഷണങ്ങൾ വെന്തു കഴിയുമ്പോൾ അരപ്പ് കലക്കി ചേർത്ത് തിള വരുമ്പോൾ വാങ്ങാം.
Content Highlights: Savor the authentic taste of Kurua fish curry!
Published: 27 Dec 2025, 05:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented