കഴിയുന്നതും ചെറിയ മത്സ്യങ്ങള്, ഉദാഹരണത്തിന് മത്തി, അയല, നെത്തോലി തുടങ്ങിയവ ഉപയോഗിക്കുന്നത് ആരോഗ്യപരമായി കൂടുതല് നല്ലതാണ്.

വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടുപേർ മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയല്ല വില്ലൻ എന്ന് റിപ്പോർട്ട് വന്നിരുന്നു. മരണകാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് നിഗമനം. ഈ പശ്ചാത്തലത്തിൽ മത്സ്യവിഭവങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ ആശങ്കയും ചർച്ചയും വർധിച്ചിട്ടുണ്ട്. എന്നാൽ മത്സ്യം പൂർണ്ണമായി ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നും, ജാഗ്രതയാണ് പ്രധാനമെന്നും വിദഗ്ധർ പറയുന്നു.
മത്സ്യം കഴിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും ചില കാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടതെന്നും ഡയറ്റീഷ്യൻ ഡോ. അനിത മോഹൻ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. മത്സ്യവിഭവങ്ങൾ കഴിച്ചതിനുശേഷം എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടായാൽ അവഗണിക്കാൻ പാടില്ലെന്നും എത്രയും വേഗം വൈദ്യസഹായം തേടണമെന്നും ഡോക്ടർ പറയുന്നു.
മറൈൻ ടോക്‌സിൻ അപകടകാരി, ജീവൻ നഷ്ടപ്പെട്ടേക്കാം
ചില ആളുകൾക്ക് മീൻ വിഭവങ്ങൾ കഴിക്കുമ്പോൾ അലർജി ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഷെൽ ഫിഷ് കൊണ്ടുള്ള വിഭവങ്ങൾ. വിഴിഞ്ഞത്ത് രണ്ടുപേർ മീൻ വിഭവങ്ങൾ കഴിച്ചതിനുപിന്നാലെ മരിച്ച സംഭവം ഭക്ഷ്യ വിഷബാധ മൂലമാണെന്ന് നാം വിചാരിച്ചെങ്കിലും അതിന് പിന്നിൽ മറൈൻ ടോക്സിൻ ആകാമെന്നാണ് ?പരിശോധനകളിൽ നിന്നും മനസ്സിലായത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ
മത്സ്യം പാടെ ഉപേക്ഷിക്കേണ്ട ആവശ്യമല്ല.
ചില പ്രത്യേക സാഹചര്യങ്ങളിൽ സമുദ്രങ്ങളിൽ ആൽഗേകളുടെ അനിയന്ത്രിത വളർച്ച (algal bloom) ഉണ്ടാകുന്നു. ഈ ആൽഗേകൾ സ്വാഭാവികമായി ടോക്‌സിനുകൾ നിർമ്മിക്കുന്നു. പലപ്പോഴും അതിജീവനത്തിനായാണ് ടോക്‌സിൻ പുറപ്പെടുവിക്കുന്നത്. ഈ ആൽഗയെ ഭക്ഷണമാക്കുന്ന ചെറിയ മത്സ്യങ്ങളുടെ ശരീരത്തിൽ ടോക്‌സിൻ എത്തുകയും, അവയെ ഭക്ഷിക്കുന്ന വലിയ മത്സ്യങ്ങളിൽ അത് കൂടുതൽ അളവിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ബയോമാഗ്‌നിഫിക്കേഷൻ സംഭവിച്ച് ഓരോ ഘട്ടത്തിലും ടോക്‌സിന്റെ തീവ്രത വർധിക്കുന്നു. സാധാരണയായി വേനൽക്കാലങ്ങളിൽ സമുദ്രങ്ങളിൽ ആൽഗേകളുടെ വളർച്ച കൂടുതലായി കാണാം.
ഇത്തരം ടോക്‌സിൻ അടങ്ങിയ മത്സ്യം കഴിക്കുന്നവർക്കാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഇത് സാധാരണ ഭക്ഷ്യവിഷബാധയിൽ നിന്ന് വ്യത്യസ്തമാണ്. വയറിളക്കം, ഛർദി, പേശി വേദന, നാക്കിന് ചുറ്റുമുള്ള ചൊറിച്ചിൽ/മറവ് എന്നിവ പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. ഗുരുതരമായാൽ ജീവന് ഭീഷണിയാകാം. എന്നാൽ മത്സ്യം പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല, വേണ്ട കരുതലുകൾ മാത്രം മതിയാകും. വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് വാങ്ങുകയും ആരോഗ്യ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങൾ ചെറുതാണെന്ന് തോന്നിയാലും അവഗണിക്കരുത്. സംശയം തോന്നുന്ന പക്ഷം ഉടൻ ചികിത്സ തേടുക. അതാണ് ജീവൻ രക്ഷിക്കുന്ന ഏറ്റവും വലിയ മുൻകരുതൽ.
ചൂടാക്കിയാൽ നശിക്കുന്നതല്ല മറൈൻ ടോക്‌സിൻ
ചൂടാക്കിയാലോ, തണുപ്പിച്ചാലോ ടോക്‌സിൻ ഇല്ലാതാകില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. രുചിയിലും മണത്തിലും യാതൊരു മാറ്റവും ഉണ്ടാകില്ല. അതുകൊണ്ട് സാധാരണ ഭക്ഷണം പോലെ തന്നെ ആളുകൾ അത് കഴിക്കാറുണ്ട്. വലിയ മത്സ്യങ്ങളിൽ കൂടുതൽ അളവിൽ ടോക്‌സിൻ അടിഞ്ഞുകൂടിയിട്ടുണ്ടാകാം. മാംസത്തിലും ടോക്‌സിൻ ഉണ്ടാകുമെങ്കിലും കരൾ, കുടൽ തുടങ്ങിയ ഭാഗങ്ങളിൽ ടോക്‌സിന്റെ അളവ് കൂടുതലായിരിക്കും.
അലർജിയും മറൈൻ ടോക്‌സിൻ വിഷബാധയും വ്യത്യസ്തം
മറൈൻ ടോക്‌സിൻ മൂലമുള്ള ഭക്ഷ്യവിഷബാധയും മത്സ്യ വിഭവങ്ങളിൽ നിന്നുള്ള അലർജിയും വ്യത്യസ്തമാണ്. അലർജി എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു ആരോഗ്യപ്രശ്‌നമാണ്. എന്നാൽ മറൈൻ ടോക്‌സിൻ മൂലമുള്ള പ്രശ്‌നങ്ങളും അലർജിയും തമ്മിൽ വ്യത്യാസമുണ്ട്. കക്ക, കൊഞ്ച് പോലുള്ള ഷെൽ ഫിഷുകൾ ചില ആളുകളിൽ അലർജി ഉണ്ടാക്കാറുണ്ട്. ഇത് ശ്വാസതടസ്സം, ചൊറിച്ചിൽ, മുഖം അല്ലെങ്കിൽ വായയുടെ ചുറ്റുമുള്ള വീക്കം, ചിലപ്പോൾ ആസ്മ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കാം. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണമാണിത്.
അലർജി പ്രശ്‌നം ഉള്ളവർ ഷെൽഫിഷ് ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ഭക്ഷണം കഴിച്ചതിന് ശേഷം ശ്വാസതടസ്സം, ശരീരത്തിൽ വീക്കം, അല്ലെങ്കിൽ മറ്റു അസ്വസ്ഥതകൾ ഉണ്ടാകുന്നുവെങ്കിൽ ഉടൻ തന്നെ ആ ഭക്ഷണം ഒഴിവാക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. ശരീരത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം തിരിച്ചറിയുകയും അതനുസരിച്ച് മുൻകരുതൽ എടുക്കുകയും ചെയ്യുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
അലർജി തിരിച്ചറിയണം, ഫുഡ് ഡയറി ക്രമീകരിക്കാം
ഏത് ഭക്ഷണമാണ് അലർജി ഉണ്ടാക്കുന്നത് എന്ന് നേരിട്ട് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഒരു ഫുഡ് ഡയറി സൂക്ഷിക്കുന്നത് വളരെ സഹായകരമാണ്. പ്രതിദിനം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് കുറിച്ച് വെക്കണം. പ്രത്യേകിച്ച് അലർജി പ്രശ്‌നങ്ങൾ ഉള്ളവർക്ക്, ഓരോ ഭക്ഷണത്തിനും ശേഷം ഉണ്ടാകുന്ന ലക്ഷണങ്ങളും രേഖപ്പെടുത്തുന്നത് ഏറെ പ്രയോജനകരമാണ്. ഇങ്ങനെ രേഖപ്പെടുത്തുന്നതിലൂടെ ഏത് ഭക്ഷണമാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ക്രമേണ തിരിച്ചറിയാൻ സാധിക്കും.
ഇന്നത്തെ കാലത്ത് പുറത്തുനിന്ന് ലഭിക്കുന്ന പ്രോസസ്ഡ് ഫുഡുകളിൽ നിറം, രുചി, മണം എന്നിവയ്ക്കായി വിവിധ പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ചേർക്കാറുണ്ട്. ഇവയിൽ ഏതെങ്കിലും ഘടകങ്ങൾ ചില ആളുകളിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഇത്തരം അലർജി തിരിച്ചറിയാൻ, ഭക്ഷണവും ലക്ഷണങ്ങളും തമ്മിലുള്ള ബന്ധം നിരീക്ഷിക്കുകയാണ് പ്രധാന മാർഗം. അതായത്, ഏത് ഭക്ഷണം കഴിച്ച ശേഷം ലക്ഷണങ്ങൾ വരുന്നു എന്ന് ശ്രദ്ധിക്കുക, പിന്നീട് അത് വീണ്ടും കഴിക്കുമ്പോൾ അവസ്ഥ ആവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇത് കൂടാതെ, ആവശ്യമായ സാഹചര്യങ്ങളിൽ ഡോക്ടർമാർ അലർജി ടെസ്റ്റുകൾ (രക്ത പരിശോധന ഉൾപ്പെടെ) നിർദേശിക്കാറുണ്ട്. അതിലൂടെ ചില പ്രത്യേക അലർജികൾ കണ്ടെത്താൻ കഴിയും.
എങ്കിലും സാധാരണ സാഹചര്യങ്ങളിൽ, പലപ്പോഴും വ്യക്തി തന്നെ നിരീക്ഷണത്തിലൂടെ ഏത് ഭക്ഷണമാണ് അലർജി ഉണ്ടാക്കുന്നത് എന്ന് സ്വയം തിരിച്ചറിയേണ്ടി വരും. ചിലർക്കു മുട്ട, ചിലർക്കു ബീഫ്, മറ്റുചിലർക്കു ഷെൽഫിഷ് പോലുള്ള ഭക്ഷണങ്ങൾ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്.അതിനാൽ, ശരീരത്തിന്റെ പ്രതികരണങ്ങൾ ശ്രദ്ധിക്കുകയും അനുയോജ്യമല്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം
മത്സ്യവിഭവങ്ങൾ - ശ്രദ്ധിക്കേണ്ടതെല്ലാം
കടലിൽ അസാധാരണമായ മാറ്റങ്ങൾ, ഉദാഹരണത്തിന് വെള്ളത്തിൽ ചുവപ്പ് നിറം കാണുക പോലുള്ള സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ആ സമയത്ത് മത്സ്യവിഭവങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധവേണം. ഈ സമയത്ത് മത്സ്യം ഉപയോഗിക്കുമ്പോൾ തലയും മുട്ടയും കളഞ്ഞതിനുശേഷം നന്നായിട്ട് കഴുകി മാത്രം ഉപയോഗിക്കുക. ഒരു ചെറിയ മുൻകരുതൽ തീർച്ചയായിട്ടും ആവശ്യമാണ്.
കഴിയുന്നതും ചെറിയ മത്സ്യങ്ങൾ, ഉദാഹരണത്തിന് മത്തി, അയല, നെത്തോലി തുടങ്ങിയവ ഉപയോഗിക്കുന്നത് ആരോഗ്യപരമായി കൂടുതൽ നല്ലതാണ്. ഇവയിൽ വലിയ മത്സ്യങ്ങളെ അപേക്ഷിച്ച് കണ്ടാമിനേഷൻ കുറവായിരിക്കും, കൂടാതെ ചില ടോക്‌സിനുകളുടെ അളവും താരതമ്യേന കുറവായിരിക്കും. അതിനാൽ സാധാരണയായി ഇത്തരം ചെറിയ മീനുകൾ സുരക്ഷിതമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു.
പാചക രീതിയിലും ശ്രദ്ധ ആവശ്യമാണ്. മത്സ്യം കുറഞ്ഞത് ഏകദേശം 145°F (സുരക്ഷിതമായ പാകം താപനില) വരെ പാകം ചെയ്യുന്നത് ഉചിതമാണ്. അപര്യാപ്തമായ പാചക രീതികൾ ഒഴിവാക്കി, നന്നായി പാകം ചെയ്ത് ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
ഭക്ഷണരീതിയിലും ശ്രദ്ധവേണം, എല്ലാവർക്കും ഒരേ ഡയറ്റല്ല
മലയാളികളുടെ പരമ്പരാഗത ഭക്ഷണരീതി പൊതുവേ ആരോഗ്യകരമാണ്. എന്നാൽ ഇന്ന് ജീവിതശൈലി വലിയ രീതിയിൽ മാറിയിട്ടുണ്ട്. ശാരീരിക അധ്വാനം കുറയുകയും, വ്യായാമം പോലും നിയന്ത്രിതമായ സമയത്തേക്ക് മാത്രം പരിമിതപ്പെടുകയും ചെയ്തിട്ടുണ്ട്. ഭക്ഷണരീതികളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഉയർന്ന കൊഴുപ്പ്, പഞ്ചസാര, കൃത്രിമ ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു.
അതിനാൽ, പരമ്പരാഗത ഭക്ഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് നല്ലത്. വിവിധ നിറങ്ങളിലുള്ള പച്ചക്കറികൾ, പ്രകൃതിദത്ത ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്. പുതിയ ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല, പക്ഷേ അവയെ നിയന്ത്രിതമായി മാത്രം ഉപയോഗിക്കണം.
ഭക്ഷണരീതി ഓരോ വ്യക്തിയുടെയും ശരീരഘടനയും ആവശ്യകതയും അനുസരിച്ച് വ്യത്യാസപ്പെടും. അതിനാൽ എല്ലാവർക്കും ഒരേ ഡയറ്റ് പ്ലാൻ അനുയോജ്യമല്ല. വെയിറ്റ് കുറയ്ക്കുന്നതിനുള്ള ഡയറ്റ് പ്ലാനുകൾ പലപ്പോഴും താൽക്കാലിക ഫലങ്ങൾ മാത്രമേ നൽകൂ. ദീർഘകാല ആരോഗ്യത്തിനായി സ്ഥിരമായ, ബാലൻസ്ഡ് ഭക്ഷണരീതി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
Content Highlights: Clarification that the Vizhinjam incident was likely due to marine toxins, not standard food poisoning., Explanation of how algal blooms lead to bioaccumulation of toxins in fish., Expert advice on identifying symptoms like muscle pain, vomiting, and numbness., Emphasis on not avoiding fish entirely, but exercising caution in selection and consumption., Urgent call to action: Seek medical help immediately if symptoms appear.
Published: 27 Apr 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented