അച്ചാറുകൾ, തൊടുകറികൾ, ഉപ്പേരികൾ ഒക്കെ ഒരൂണിന്റെ മാറ്റ് കൂട്ടാൻ ഉപകരിക്കുന്നു. ചിലർക്ക് ചോറിന്റെ കൂടെ ഒരിത്തിരി അച്ചാർ നിർബന്ധവുമാണ്. അപ്പോൾ ഇന്നൊരു അച്ചാർ വിശേഷമായാലോ?
വർഷങ്ങളും ദിവസങ്ങളും കേടുകൂടാതെ സൂക്ഷിക്കുന്ന അച്ചാർ ഉണ്ടാക്കുന്ന പ്രക്രിയ ശരിക്കും ഒരു ചടങ്ങ് തന്നെയാണ്. അളവുകളിലും ഓരോ ഘട്ടങ്ങളിലും സൂക്ഷിക്കേണ്ട ചില ചിട്ടകളുണ്ട്. പാളിച്ചകൾ കൂടാതെ സൂക്ഷ്മതയോടെ തയ്യാറാക്കുന്ന ഇത്തരം അച്ചാറുകൾ തുണി വച്ച് വാ മൂടികെട്ടിയ ഭരണികളിൽ സൂക്ഷിക്കും.
Also Read
എന്നാലിന്നു ഞാൻ പരിചയപ്പെടുത്തുന്നത് കൊങ്കണികളുടെ ഏറ്റവും പ്രിയപ്പെട്ട ' ഇൻസ്റ്റന്റ് അച്ചാറുകളിൽ ' ഒന്നായ 'ബട്ടാട്ട ലോൺചേ' അല്ലെങ്കിൽ ഉരുളക്കിഴങ്ങ് കൊണ്ടുള്ള അച്ചാർ ആണ്. സൂചിപ്പിച്ചതുപോലെ ദിവസങ്ങളോളം സൂക്ഷിക്കാവുന്ന ഗണത്തിൽ പെടുന്ന അച്ചാറല്ല ഇത്. പേരിലെ ലോൺചേ എന്ന അച്ചാറിൽ തീരുന്നു ആ ബന്ധം. എങ്കിലും സദ്യകളിലും മറ്റും അച്ചാറിന്റെ സ്ഥാനത്ത് തന്നെയാണ് ഇവ വിളമ്പുക . അച്ചാർ എന്നതിലുപരി നല്ല എരിവും പുളിയുമുള്ള തൊടുകറി എന്നും വിളിക്കാം.
ഇത്തരം അച്ചാറുകളിൽ ഉരുളക്കിഴങ്ങിന് പകരം ചേന, കൂർക്ക, പാവയ്ക്ക, ചേമ്പ് ഒക്കെ ചേർക്കാവുന്നതാണ്. ചോറിന്റെ കൂടെ മാത്രമല്ല ഇഡ്ഡലികളുടെ കൂടെയും ഇത്തരം അച്ചാറുകൾ വിളമ്പാറുണ്ട്. അതിനൊരു പ്രത്യേക രുചിയുമാണ്.
പാചകരീതിയിലേക്ക്
ചേരുവകൾ
1.ഉരുളക്കിഴങ്ങ് 2 വലുത്
2.വറ്റൽ മുളക്- 10- 15 എണ്ണം
3.കടുക് -1 ടീസ്പൂൺ
4.കായപ്പൊടി - 1 ടീസ്പൂൺ
5.വാളൻ പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ .
6.കടുക് - 1 ടീസ്പൂൺ
7.കറിവേപ്പില- 2 കതിർപ്പ്
8.വെളിച്ചെണ്ണ- 3 ടീസ്പൂൺ 9.ഉപ്പ് - ആവശ്യത്തിന്
10.എണ്ണ - വറുക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
- ഉരുളക്കിഴങ് ചെറു ചതുര കഷ്ണങ്ങൾ ആക്കുക.
- ഇവയിൽ അല്പം ഉപ്പ് പുരട്ടി അരമണിക്കൂറോളം വെയ്ക്കുക .
- ശേഷം ഈ കഷ്ണങ്ങൾ നന്നായി പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തു കോരുക. നല്ല മൊരിഞ്ഞു ബ്രൗൺ നിറത്തിൽ തന്നെ വേണം വറുത്തെടുക്കാൻ.
- ഇനി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വറ്റൽ മുളക് ചേർത്ത് ചെറുതീയിൽ വറുക്കുക .മുളകിന്റെ നിറം മാറി വരുമ്പോൾ മുളക് വറുത്തു കോരി മാറ്റി വെയ്ക്കുക.
- ഇതേ എണ്ണയിൽ തന്നെ കടുകും കായവും ചേർത്ത് വറുത്തു മാറ്റിവെയ്ക്കുക.
- ഇനി മുളകും പുളിയും അല്പം വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
- അവസാനം കടുകും കായവും ചേർത്ത് ഒന്ന് കൂടെ അരച്ചെടുക്കുക .കടുക് കൂടുതൽ അരയരുത് അല്പം ചതഞ്ഞു വന്നാൽ മാത്രം മതിയാകും.
- ഇനി ഈ അരപ്പ് അല്പം വെള്ളം ചേർത്തു ചാറു രൂപത്തിലാക്കി അല്പം മാത്രം ഉപ്പ് ചേർത്തു നന്നായി തിളപ്പിക്കുക .
- തിളച്ചു വന്നതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി, അതിലേക്ക് കടുകും കറിവേപ്പിലയും മൂപ്പിച്ചു താളിച്ചു ചേർക്കാം.
- ഇനി ഈ അരപ്പ് നന്നായി ചൂടാറിയതിനു ശേഷം ഇതിലേക്ക് വറുത്തു വെച്ച ഉരുളക്കിഴങ് ചേർത്തു നന്നായി ഇളക്കുക.
വീണ്ടും ചൂടാക്കേണ്ടതില്ല. ബട്ടാട്ട ലോൺചേ തയ്യാർ. നാലഞ്ചു മണിക്കൂറിനു ശേഷം മാത്രമേ ഇവ വിളമ്പാറുള്ളു. വിളമ്പാൻ നേരത്ത് രുചിച്ചു നോക്കി ഉപ്പ് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.
ശ്രദ്ധിക്കുക:
1. ഗ്രേവിയിൽ അധികം ഉപ്പു ചേർക്കാതിരിക്കുക. തീരെ ചേർക്കാതിരിക്കുകയും ചെയ്യാം.കാരണം ഉരുളക്കിഴങ് ഉപ്പു ചേർത്ത് വറുത്തതു കൊണ്ട് സമയം പോകുന്തോറും ഇതിലെ ഉപ്പു ഗ്രേവിയിൽ ഊർന്നു വരും. പിന്നീട് രുചിച്ചു നോക്കി ആവശ്യമെങ്കിൽ മാത്രം ചേർക്കാം.
2. നാലഞ്ചു മണിക്കൂറുകൾക്ക് ശേഷം മാത്രമേ ഈ അച്ചാറിന്റെ രുചിയുമായി നമുക്ക് സമരസപ്പെടാൻ സാധിക്കുകയുള്ളൂ.
3. ഇതേ റെസിപ്പി വെച്ച് പാവയ്ക്ക , ചേന, ചേമ്പ് കൂർക്ക മുതലായവ കൊണ്ടും അച്ചാറുണ്ടാക്കാം.
4.പാവയ്ക്ക വറ്റൽ വറുത്ത് ചേർത്തും ഇതേ അച്ചാറുണ്ടാക്കാറുണ്ട് .
5.അച്ചാർ എന്ന് പേരിൽ മാത്രമേ ഉള്ളു. ദിവസം രണ്ട് നേരം നന്നായി തിളപ്പിച്ച് വെച്ചാൽ മൂന്നാലു ദിവസങ്ങളെങ്കിലും കഴിക്കാവുന്നതാണ്.
Content Highlights: Quick & easy Konkani instant potato pickle
Published: 07 Aug 2025, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented