കപ്പയേ നമ്മൾ മലയാളികൾ എത്രയേറെ ഇഷ്ട്ടപ്പെടുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തൊടിയിലും പറമ്പിലുമൊക്കെ ഒരു നാലഞ്ചു കപ്പ മൂടെങ്കിലും ഇല്ലെങ്കിൽ നമുക്ക് ഒരു വല്ലായ്മ ആണ്. കാര്യമായ പരിചരണം ഇല്ലെങ്കിലും കപ്പ അത്യാവശ്യം നന്നായി വളരുകയും ചെയ്യും. കൃഷി ഇല്ലാത്തവർക്ക് നമ്മുടെ നാട്ടിൽ സുലഭമായി വിലക്കുറവിൽ ലഭിക്കുകയും ചെയ്യും. ഇതൊക്കെ കൊണ്ട് തന്നെയാണ് കപ്പ നമ്മുടെ ഭക്ഷണ പാരമ്പര്യത്തിലെ അവിഭാജ്യ ഘടകമായി മാറിയതും.
കൊങ്കണികളും കപ്പ ഏറെ ഇഷ്ടപ്പെടുന്നു. കപ്പ കൊണ്ട് വിവിധ തരം വിഭവങ്ങൾ പരമ്പരാഗത കൊങ്കണി പാചകത്തിലുണ്ട്. 'ബടികണങ്ക്' എന്നും 'കൊള്ളി' എന്നും കപ്പയെ കൊങ്കണികൾ വിളിക്കും. കപ്പ കൊണ്ട് ‘ഉപ്കരി’, 'ഉസ്‌ലി', 'ഫോടോ', പോലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രുചികളും, 'ഫോഡി', 'ബജ്ജോ' പോലെ എണ്ണയിൽ വറുത്തു കോരിയെടുക്കുന്ന പലഹാരങ്ങളും കൊങ്കണികളുണ്ടാക്കും.
ഇനി വേനൽക്കാലത്തു ചുട്ടു പൊള്ളുന്ന വെയിലത്തുണക്കി എടുക്കുന്ന പപ്പടങ്ങളിലും വറ്റലുകളിലും കാണും കപ്പയുടെ മാജിക്. കപ്പ പപ്പടത്തിന്റെ രുചി ഒരിക്കലെങ്കിലും കഴിച്ചവർ പിന്നീട് മറക്കില്ല. എന്തിനേറെ കപ്പയുടെ ഇളം റോസ് നിറത്തിലെ തൊലി പോലും വെയിലത്തു ഉണക്കി വറ്റൽ ആക്കും. കൊച്ചി ഭാഗത്തുള്ള കൊങ്കണികൾ കപ്പ അരച്ച് ദോശയുമുണ്ടാക്കും. ഇതൊക്കെ കപ്പയോടുള്ള കൊങ്കണികളുടെ പ്രിയം രേഖപ്പെടുത്തുന്നു.
ഇന്ന് പരിചയപ്പെടുത്തുന്നത് കപ്പ കൊണ്ടുള്ള മറ്റൊരു പ്രധാനി ആയ ബാജി ആണ്. ദോശയ്ക്കൊപ്പമോ ഇഡ്ഡലിക്കോപ്പമോ ഒക്കെ ഈ കൊള്ളി ബാജിയുണ്ടാക്കും. നമ്മുടെ ഉരുളക്കിഴങ് ബാജിയിൽ നിന്നും നന്നേ വ്യത്യാസമുണ്ട് കൊള്ളി ബാജിയ്ക്ക്. കപ്പ പ്രേമികൾ തീർച്ചയായും കഴിച്ചു നോക്കേണ്ട ഒരു കോമ്പിനേഷൻ തന്നെയാണിവ.
പാചകരീതിയിലേക്ക്:
ചേരുവകൾ:
1.കപ്പ -ഒരു കിലോ
2.സവാള -2 വലുത്
3.ഇഞ്ചി -ഒരിഞ്ച് വലുപ്പത്തിൽ
4.പച്ചമുളക് -3 എണ്ണം
5.തേങ്ങ -കാൽ കപ്പ്
6.വറ്റൽ മുളക് -3 എണ്ണം
7.ജീരകം -ഒരു ടീസ്പൂൺ
8.മഞ്ഞൾപ്പൊടി -ഒരു ടീസ്പൂൺ
9.കടുക് -ഒരു ടീസ്പൂൺ
10.കറിവേപ്പില -രണ്ട് കതിർപ്പ്
11.ഉപ്പ് -ആവശ്യത്തിന്
12.വെളിച്ചെണ്ണ -3 ടീസ്പൂൺ
കപ്പ കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് ഉടഞ്ഞു പോവാതേ വേവിച്ചൂറ്റി വെയ്ക്കുക.
ഒരു ചെറുപാനിൽ അര ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വറ്റൽമുളക് ചേർത്ത്, ചെറുതീയിൽ വറുത്തു മാറ്റി വെയ്ക്കുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിക്കുക.
ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചിയും, രണ്ടായി കീറിയ പച്ചമുളകും ചേർത്ത് വഴറ്റുക.
ഇതിലേക്ക് രണ്ട് വലിയ സവാള ഇട്ട് വഴറ്റുക.
അല്പം ഉപ്പും ചേർക്കാം. സവാള വഴണ്ട് വരുമ്പോൾ കപ്പ ചേർക്കാം. അല്പം വെള്ളവും ഒഴിക്കാം.
ഇനി തേങ്ങ, വറ്റൽമുളക്, ജീരകം എന്നിവ അല്പം തരുതരുപ്പായി അരച്ചെടക്കുക.
വെന്തു വന്ന കപ്പയിൽ ഈ അരപ്പ് ചേർത്ത് തിളപ്പിക്കുക.
കൂട്ട് തിളച്ചു ആവശ്യത്തിന് കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം. കപ്പ ബാജി തയ്യാർ.
Content Highlights: Traditional Konkani preparation of tapioca.
Published: 24 Mar 2026, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented