2025  ഫെബ്രുവരി 28-ന്  വൈറ്റ് ഹൗസിൽവച്ച് യുക്രൈൻ പ്രസിഡൻറ്  വൊളോദിമിർ സെലൻസ്‌കിയും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച പരസ്യമായ കൊമ്പുകോർക്കലിലാണ് അവസാനിച്ചത്. സെലൻസ്‌കി മടങ്ങിയതിന് പിറകെ അദ്ദേഹം അമേരിക്കയോട് അനാദരവ് കാണിച്ചെന്ന ആരോപണവുമായി ട്രംപ് രംഗത്ത് വരികയും ചെയ്തു. ലോകമാധ്യമങ്ങളിലെല്ലാം ഈ സംഭവവികാസങ്ങൾ വാർത്തയുമായി. 

To advertise here,

ഇതിന് പിറകെ,  സെലൻസ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്കിടെ കയ്യാങ്കളിയും ഉണ്ടായി എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, ഈ ദൃശ്യങ്ങൾ AI നിർമിതമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

placeholder
ഫേസ്ബുക്കിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് 

https://www.facebook.com/share/v/1HJc5U8Pc2/

അന്വേഷണം

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽവച്ചായിരുന്നു  സെലൻസ്‌കി- ട്രംപ് കൂടിക്കാഴ്ച്ച. യുക്രൈന്റെ  ധാതുസമ്പത്തിൽ, ഒരു പങ്കിന്റെ അവകാശം യു.എസിന് നൽകുന്നതിനുള്ള കരാർ ഒപ്പിടൽ ആയിരുന്നു പ്രധാന ഉദ്ദേശ്യം. ഈ കൂടിക്കാഴ്ചയിൽ ട്രംപിനൊപ്പം അമേരിക്കൻ വൈസ് പ്രസിഡന്റ്‌റ് ജെ.ഡി. വാൻസും ഉണ്ടായിരുന്നു. കൂടിക്കാഴ്ച വാക്കുതർക്കത്തിൽ കലാശിച്ചതിനെ തുടർന്ന് കരാറിൽ ഒപ്പുവെക്കാതെയാണ് സെലൻസ്‌കി വൈറ്റ്ഹൗസിൽനിന്നു മടങ്ങിയത്.   

Watch tense Oval Office argument between Zelensky, Trump and Vance | CNN Politics 

വാക്കേറ്റവും വെല്ലുവിളിയും; ട്രംപ്-സെലൻസ്‌കി ചർച്ച അലസിപ്പിരിഞ്ഞു; നാടകീയം, ഇറങ്ങിപ്പോക്ക് |Video, trump and vance, zelensky, white house meeting, washington

അപ്രതീക്ഷിത വാക്‌പോരിൽ കലാശിച്ച കൂടിക്കാഴ്ച്ചയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.  എന്നാൽ ഇതിന് പിറകെ ഇറങ്ങിയ ഈ കയ്യാങ്കളി  വീഡിയോ യാഥാർത്ഥമാണോയെന്ന് സംശയിക്കത്തക്ക പല  അപാകതകളും ഈ ദൃശ്യങ്ങളിലുണ്ട്. വീഡിയോ പരിശോധിച്ചാൽ, സംവാദത്തിനിടയിൽ ട്രംപിന്റെ കയ്യിൽ സെലൻസ്‌കി കയറിപ്പിടിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കയ്യാങ്കളിക്കിടെ ട്രംപിനെ പിടിച്ചുമാറ്റാൻ വാൻസ് ശ്രമിക്കുന്നതും ഇതിൽ കാണാം. 

ദൃശ്യങ്ങളിലെ സംഭവവും നേതാക്കളുടെ മുഖഭാവങ്ങളും തമ്മിൽ ഒട്ടും ചേർച്ചയില്ല. മാത്രമല്ല, കയ്യാങ്കളി ദൃശ്യങ്ങളിൽ നേതാക്കളുടെ ശരീരഭാഗങ്ങളിൽ കൈകളും മറ്റും വ്യക്തതയില്ലാതെ മങ്ങിയാണ് ഇരിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാകാം ഈ വീഡിയോ എന്ന സൂചനയാണ് ഇത് നൽകുന്നത്. നിർമ്മിത ബുദ്ധി (എ.ഐ) അടക്കമുള്ളവ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും മിക്കപ്പോഴും ഇത്തരത്തിൽ വ്യക്തതക്കുറവും അപാകതകളും വരാറുണ്ട്. ഇത്തരത്തിൽ ഒരു സംഭവം നടന്നിരുവെങ്കിൽ  ഉറപ്പായും ഇത് വലിയ വാർത്താപ്രാധാന്യം നേടേണ്ടതാണ്. എന്നാൽ അങ്ങനെയുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല.  

പ്രചരിക്കുന്ന വീഡിയോയുടെ മുകൾഭാഗത്ത് ഒരു ലോഗോയ്ക്കൊപ്പം സറ്റൈർ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ആക്ഷേപഹാസ്യ (സറ്റൈറിക്കൽ) ന്യൂസ് വെബ്സൈറ്റായ ദി ഫോക്‌സിയുടെ ലോഗോയാണ് ഇതെന്ന് കണ്ടെത്തി. ഫോക്‌സിയുടെ സോഷ്യൽ മീഡിയ ഹാൻറിലുകൾ പരിശോധിച്ചതിൽനിന്ന് ഇതേ വീഡിയോ മാർച്ച് ഒന്നിന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 

placeholder
ദി ഫോക്‌സിയുടെ ഇൻസ്റ്റ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

സമാനമായി ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കി പല  AI നിർമിത വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

 

വാസ്തവം

ഫെബ്രുവരി  28 -ന് നടന്ന യോഗത്തിൽ ട്രംപും സെലൻസ്‌കിയും തമ്മിൽ വാക്കുതർക്കം ഉണ്ടായെങ്കിലും കയ്യാങ്കളി നടന്നിട്ടില്ല. പ്രചരിക്കുന്ന വീഡിയോ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ്.