മലപ്പുറം ചെമ്മണിയോട് ഐലക്കരയിൽ സി.പി.എം. ബ്രാഞ്ച് കമ്മറ്റി ഓഫീസ് കോൺഗ്രസ് ഓഫീസായി എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. ''ഒൻപത് മാസം മുൻപ് പ്രദേശത്തെ 9 കുടുംബങ്ങൾ കോൺഗ്രസ്സിൽ ചേർന്നിരുന്നു. ഇന്ന് 14 പേർകൂടെ കോൺഗ്രസ്സ് അംഗത്വം എടുത്തു. അതോടെ സി.പി.എം ഓഫീസ് കോണ്ഗ്രസ് ഇന്ദിരാ പ്രിയദർശിനി സെന്ററായി മാറിയിരിക്കുന്നു'' എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദം.
എന്നാൽ പരിശോധനയിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

https://x.com/aprnaksd/status/1872664736065900916?t=EljT34wdLcFyhlQQJbpP9w&s=09

അന്വേഷണം
പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്ന ഐലക്കര, മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഗ്രാമപഞ്ചായത്തിൽ വരുന്ന ചെമ്മണിയോട് വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ്. സന്ദേശത്തിൽ പറയുന്ന വിവരങ്ങൾ ഉപയോഗിച്ച് കീവേർഡ് സർച്ച് ചെയ്തതിൽനിന്ന് ഇതേ പ്രചാരണം മുൻവർഷവും നടന്നതായി കണ്ടെത്തി. മലപ്പുറം ഡി.സി.സ.ി പ്രസിഡൻറ് അഡ്വ. വി.എസ്. ജോയി ഇതേ പോസ്റ്റ് 2023 സെപ്തംബർ 9-ന് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

ജോയിയുടെ പോസ്റ്റിലെ അതേ ചിത്രവും വിവരണവുമാണ് ഇപ്പോൾ പ്രചരിക്കുന്നവയിലും ഉള്ളത് . ഇതിൽനിന്നു പ്രചരിക്കുന്നത് പഴയ വിവരങ്ങളാണ് വ്യക്തമായി. അതേസമയം, സി.പി.എം. ബ്രാഞ്ച് ഓഫീസ് ഇന്ദിര പ്രിയദർശിനി സെന്ററായതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി സി.പി.എമ്മിന്റെ അന്നത്തെ ലോക്കൽ കമ്മറ്റി സെക്രട്ടറി ആയിരുന്ന പി.രാമചന്ദ്രനുമായി ബന്ധപ്പെട്ടു. പാർട്ടി അനുഭാവിയായിരുന്ന അബ്ബാസ് എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിലെ ഒരു മുറി വാടകയ്ക്കെടുത്താണ് ബ്രാഞ്ച് കമ്മറ്റി പ്രവർത്തിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2018 മുതൽ മൂന്ന് വർഷത്തേക്കായിരുന്നു കരാർ. 2021 ജനുവരിയിൽ ഇത് അവസാനിച്ചതോടെ ഓഫീസ് ഒഴിഞ്ഞു. സാധനങ്ങളെല്ലാം മാറ്റിയിരുന്നെങ്കിലും ബോർഡ് നീക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസ് ഈ കെട്ടിടം പിന്നീട് മറ്റൊരാൾക്ക് മറിച്ചു വിൽക്കുകയും കോൺഗ്രസ് ഇത് വാടകയ്ക്കെടുക്കുകയുമായിരുന്നു. കോൺഗ്രസുകാർ അവകാശപ്പെടുന്നതുപോലെ സി.പി.എം. അംഗങ്ങളാരും പാർട്ടി വിട്ട് കോൺഗ്രസ്സിൽ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഈ പ്രചാരണം വ്യാപകമായ സമയത്ത് സി.പി.എം. നേതാക്കൾ പ്രാദേശിക ചാനലിന് നൽകിയ പ്രതികരണവും ലഭിച്ചു. അതിൻറെ വീഡിയോ ചുവടെ കാണാം.
ഐലക്കര കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സാജിദ് ബാബുവും ഈ സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകി. സി.പി.എം. ബ്രാഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്ന മുറി അവർ ഒഴിഞ്ഞതിന് ശേഷം ഒന്നര വർഷത്തോളം കഴിഞ്ഞാണ് കോൺഗ്രസ് വാടകയ്ക്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് സി.പി.എം. ബ്രാഞ്ച് ഓഫീസ് എന്ന് ബോർഡ് നീക്കം ചെയ്തിരുന്നില്ല. ഇന്ദിര പ്രിയദർശിനി സെൻററിനായി മുറി നവീകരിക്കുന്നതിനിടെ പകർത്തിയ ചിത്രമാണ് പ്രചരിച്ചതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അതോടൊപ്പം സി.പി.എം. അംഗങ്ങളല്ല മറിച്ച് അനുഭാവികളായ നാലുപേരും മുസ്ലീം ലീഗുകാരായ അഞ്ചു പേരുമാണ് കോൺഗ്രസിലേക്ക് വന്നതെന്നും സാജിദ് ബാബു പറഞ്ഞു
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.
വാസ്തവം
സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കോൺഗ്രസ് ഓഫീസായി എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സിപിഎം ഐലക്കര ബ്രാഞ്ച് കമ്മറ്റി ഓഫിസ് പ്രവർത്തിച്ചിരുന്നത് (2018 മുതൽ 2021വരെ) ഒരു വാടകമുറിയിലാണ്. 2021-ൽ സി.പി.എം. ഓഫിസ് ഒഴിഞ്ഞെങ്കിലും അവിടെ സ്ഥാപിച്ചിരുന്ന ബോർഡ് മാത്രം നീക്കം ചെയ്തിരുന്നില്ല. ഒന്നര വർഷത്തോളം കഴിഞ്ഞ് കോൺഗ്രസ് ഇത് വാടകയ്ക്ക് എടുത്ത് ഓഫീസാക്കുകയായിരുന്നു. മുൻവർഷവും ഇതേ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നിട്ടുണ്ട്.
Content Highlights: "The CPM office has become the Congress Indira Priyadarshini Center," claims the viral post
Published: 28 Dec 2024, 07:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented