നടൻ മോഹൻലാലിന്റെ കോളേജ് കാലത്തെ ഒരു ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലാൽ  എ.ബി.വി.പി യൂണിയൻ മെമ്പർ ആയിരുന്നു എന്ന തരത്തിലാണ് പ്രചാരണം.. എന്നാൽ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

To advertise here,
placeholder
ഫേസ്ബുക്കിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് 

ലിങ്ക് - https://www.facebook.com/TrollJimitt/posts

അന്വേഷണം

ഒൻപത് പേരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫോട്ടോയാണ് പ്രചരിക്കുന്നത്. ഇതിൻറെ മധ്യഭാഗത്തായി മോഹൻ ലാലിന്റെ ചിത്രവും കാണാം. ലാലിന്റെയും അതിന് തൊട്ടുമുകളിലുള്ള ഫോട്ടോയ്ക്കും താഴെയായി എ.ബി.വി.പി. എം.ജി. കോളേജ് യൂണിയൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തപ്പോൾ ഇതേ ചിത്രം ഉൾക്കൊള്ളുന്നൊരു യൂട്യൂബ് വീഡിയോ ലഭിച്ചു. 'എം.ജി. കൂട്ടുകാർ, മഹാത്മാഗാന്ധി കോളേജ് ട്രിവാൻഡ്രം' എന്ന യൂടൂബ് ചാനലിൽ 2023 ഡിസംബർ ആറിനാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. 1979-ലെ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചതാണ് ഈ ചിത്രമെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം, പ്രചരിക്കുന്ന ചിത്രത്തിലേതുപോലെ 'എ.ബി.വി.പി  യൂണിയൻ മെമ്പർ' എന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. മാഗസിനിലെ ചിത്രത്തിൽ മധ്യഭാഗത്തായി കാണുന്നത് മോഹൻലാൽ ആണെങ്കിൽ മുകൾഭാഗത്തെ ആദ്യ ചിത്രം  സംഗീതജ്ഞൻ കാവാലം ശ്രീകുമാറിന്റെതാണെന്നുള്ള സൂചനയും വീഡിയോയിൽനിന്ന് ലഭിച്ചു. 


 
ഈ ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞനും ഗായകനുമായ കാവാലം ശ്രീകുമാറുമായി ബന്ധപ്പെട്ടു. 'കോളേജ് ആർട്‌സ് ഫെസ്റ്റിൽ വിജയികളായവരുടെ ഫോട്ടോ അന്ന് മാഗസീനിൽ പ്രസിദ്ധീകരിച്ചിരുന്നു, ആ ചിത്രം എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്' എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല തന്റെ കൈവശമുള്ള മാഗസീനിലെ ചിത്രവും അദ്ദേഹം നൽകി. അത് ചുവടെ ചേർക്കുന്നു. 

placeholder
കാവാലം ശ്രീകുമാർ നൽകിയ ചിത്രം 

പ്രചരിക്കുന്ന ചിത്രത്തിന്റെ പൂർണ്ണരൂപമാണ് മുകളിൽ. ഇതിൽ ആർട്ട്‌സ് ഫെസ്റ്റിവൽ വിജയികൾ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ നൽകിയിരിക്കുന്നത്. മോഹൻലാൽ, കാവാലം ശ്രീകുമാർ എന്നിവർ ഉൾപ്പെടെ മത്സരത്തിൽ വിജയ്കളായവരുടെ പേരും അവർ നേടിയ സ്ഥാനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രമാണ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.
  
വാസ്തവം 

പണ്ട് കോളേജ് മാഗസീനിൽ വന്ന മോഹൻ ലാലിന്റെ ചിത്രത്തിൽ എ.ബി.വി.പി. യൂണിയൻ ഭാരവാഹിയെന്ന് എഡിറ്റ് ചെയ്ത് ചേർത്ത് തെറ്റായി പ്രചരിപ്പിക്കുകയാണ്. ആർട്‌സ് ഫെസ്റ്റിവലിൽ വിജയികളായവരുടെ ചിത്രങ്ങളായിരുന്നു മാഗസീനിൽ നൽകിയിരുന്നത്.