ലഡാക്കിലെ ബിജെപി നേതാവ് വിനയ് കുമാർ ആർഎസ്എസ് പ്രവർത്തകരുടെ സഹായത്തോടെ കോൺഗ്രസ് അനുകൂലിയായ പെൺകുട്ടിയെ അവരുടെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി എന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമമായ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

To advertise here,

വെറും പതിനാറ് സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിൽ രണ്ടു പേർ ചേർന്ന് ഒരു പെൺകുട്ടി പിടികൂടാൻ ശ്രമിക്കുന്നതായി കാണാം. ഒരാൾ പെൺകുട്ടിയുടെ വായ അടച്ച് പിടിച്ചിരിക്കുന്നതും മറ്റൊരാൾ അളുടെ കാലുകൾ പിടിച്ചുവച്ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. സമീപത്തായി മറ്റ് ചിലർ നിൽക്കുന്നതായും വീഡിയോയിലുണ്ട്. പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ നിലവിളിയുടെയും ചില വാദ്യോപകരങ്ങളുടെയും ശബ്ദങ്ങളും കേൾക്കാം.

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ഒരു സംഭവം നടന്നിരുന്നോ കീ വേർഡ് സർച്ച് ചെയ്തു പരിശോധിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് വൈറൽ ദൃശ്യങ്ങളിൽനിന്ന് കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. ‘tubagusjakaa’ എന്ന ഇൻസ്റ്റ അക്കൗണ്ടിൽ ഇതേ വീഡിയോ കഴിഞ്ഞ ഓഗസ്റ്റ് 29-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇതിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മുകളിൽ ‘tabagus jaka jaranan’ എന്നും വിവരണത്തിൽ ‘Mendem Jaranan’ എന്നും എഴുതിയിട്ടുണ്ട്. ഇവ സൂചനകളായെടുത്ത് തുടരന്വേഷണം നടത്തി.

https://www.instagram.com/p/DcoFPzkDOPE/ 

ഇൻഡൊനീഷ്യയിലെ പരമ്പരാഗത കലാരൂപമാണ് 'ജാരാനൻ' എന്ന് പറയാം. ഇത് അവതരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ജാരാനന്‍റെ ദൃശ്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും ശ്രമിക്കുന്ന കലാകാരനാണ് തബാഗസ് ജാക്ക. ജാരാനൻ നടത്തുന്നതിന്‍റെ ഒട്ടേറെ വീഡിയോകൾ അദ്ദേഹം തന്‍റെ ഇൻസ്റ്റ പേജിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽനിന്നു സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

ഇൻഡൊനീഷ്യയിലെ ജാരാനൻ എന്ന കലാരൂപാവതരണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.