കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ടായ അത്യാഹിതത്തിന്റേത് എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ദേഹത്ത് തീ ആളിപ്പടരുന്നതും ഇയാളെ സഹായിക്കാനായി ഏതാനും പേർ ഓടിയെത്തുന്നതുമാണ് വീഡിയോയിലുള്ളത്. പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്ക് ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യവെയായിരുന്നു ദേഹത്തേക്ക് തീപിടിച്ചതെന്നാണ് വാദം. യഥാർഥത്തിൽ, ഈ പ്രചാരണം വ്യാജമാണ്.

അന്വേഷണം
ദേഹമാസകലം ആളിപ്പടരുന്ന തീയുമായി ഒരാൾ ഓടുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇയാളെ സഹായിക്കാനായി ഏതാനും പേർ അടുത്തേക്ക് ചെല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. വശാലമായൊരു ഹാളിനകത്താണ് ഇത് നടക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, പ്രചരിക്കുന്ന വീഡിയോ കണ്ണൂർ വിമാനത്തവാളത്തിൽ നിന്നുള്ളതല്ല എന്ന് വിമാനത്താവള അധികൃതർ സമൂഹ മാധ്യമ അക്കൗണ്ട് വഴി വ്യക്തമാക്കിയിട്ടുണ്ട്.
സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇതേ വീഡിയോ മുൻപ് ദുബായിയിലുണ്ടായ ഒരു അപകടത്തിന്റേതെന്ന തരത്തിലും പ്രചരിച്ചിരുന്നതായി കണ്ടെത്തി. എന്നാൽ, യു.എ.ഇയിൽ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയതായി മാധ്യമ റിപ്പോർട്ടുകളുണ്ട്.
തുടർന്നുള്ള അന്വേഷണത്തിൽ, മൊറോക്കോ വേൾഡ് ന്യൂസ്, ഹെസ്പ്രെസ്സ്, അൻവർ പ്രസ്, അൽയൂം 24 എന്നീ മൊറോക്കാൻ മാധ്യമങ്ങൾ 2018-ൽ പ്രസിദ്ധീകരിച്ച വാർത്തകളിൽ ഇതേ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട് കണ്ടെത്തി.
വാർത്തകൾ പ്രകാരം, മൊറോക്കോയിലെ അഗാദിർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മർജേൻ മാളിലാണ് സംഭവമുണ്ടായത്. മുകളിൽ സൂചിപ്പിച്ച മാധ്യമങ്ങളിൽ ചിലത് അഗാദിർ24 എന്ന ഒരു പ്രാദേശിക ഓൺലൈൻ മാധ്യമത്തിനാണ് വാർത്തയ്ക്ക് കടപ്പാട് നൽകിയിട്ടിട്ടുള്ളത്. അന്വേഷണത്തിൽ, അഗാദിർ24 ഈ സംഭവത്തെ കുറിച്ച് വിശദമായ വാർത്ത നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി.

വാർത്ത അനുസരിച്ച്, 2018 ജൂൺ മൂന്നിന് അഗാദിറിലെ മർജേൻ മാളിലെ ഒരു സ്ഥാപനത്തിൽനിന്നും ഡ്രില്ലിങ് മെഷീൻ മോഷ്ടിച്ചതിന് സെക്യൂരിറ്റി ജീവനക്കാർ പിടികൂടിയ യുവാവാണ് സ്വയം തീകൊളുത്തിയത്. മോഷണശ്രമം പിടിക്കപ്പെട്ടതിനെ തുടർന്ന് ഇയാൾക്ക് മെഷീന്റെ വില മുഴുവനായും നൽകേണ്ടി വന്നു. സംഭവം കഴിഞ്ഞ് മാളിൽനിന്നു പുറത്തുപോയ ഇയാൾ അരമണിക്കൂറിനു ശേഷം തിരികെ വരികയും കയ്യിൽ കരുതിയിരുന്ന ഒരു ദ്രാവകം ദേഹത്തൊഴിച്ച് സ്വയം തീകൊളുത്തുകയും ചെയ്തു. മാളിലെ ജീവനക്കാർ തീ അണച്ച ശേഷം യുവാവിനെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
References:
https://stomp.straitstimes.com/singapore-seen/incident-of-man-on-fire-did-not-happen-anywhere-in-the-uae-say-dubai-authorities
https://www.moroccoworldnews.com/2018/06/248294/agadir-the-man-fire-supermarket-died
https://www.hespress.com/%D8%B4%D8%A7%D8%A8-%D9%8A%D9%8F%D8%AD%D8%B1%D9%82-%D9%86%D9%81%D8%B3%D9%87-%D8%AF%D8%A7%D8%AE%D9%84-%D8%B3%D9%88%D9%82-%D9%85%D9%85%D8%AA%D8%A7%D8%B2-%D8%A8%D8%A3%D9%83%D8%A7%D8%AF%D9%8A%D8%B1-431642.html
https://anwarpress.com/4983/
https://alyaoum24.com/1094163.html
https://agadir24.info/%D8%A7%D9%84%D9%82%D8%B5%D8%A9-%D8%A7%D9%84%D9%83%D8%A7%D9%85%D9%84%D8%A9-%D9%84%D9%84%D8%B5-%D8%A7%D9%84%D8%B0%D9%8A-%D8%B6%D8%A8%D8%B7-%D9%85%D8%AA%D9%84%D8%A8%D8%B3%D8%A7-%D8%A8%D8%A7%D9%84%D8%B3/
വാസ്തവം
കണ്ണൂർ വിമാനത്താവളത്തിൽവച്ച് ഒരാൾ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്ക് ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യവെ തീ പടർന്നു എന്ന പ്രചാരണം വ്യാജമാണ്. കണ്ണൂർ വിമാനത്താവളത്തിൽ ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഒരു മാളിൽവെച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: In the video, a man's body is on fire and a few people rush to help him | Fact Check
Published: 11 May 2024, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented