ഒരു യുവതി നടന്നുപോകുന്നതിനിടെ റോഡ് ഇടിഞ്ഞ് താഴ്ന്ന് അവർ വലിയൊരു കുഴിയിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിച്ചിരുന്നു. അയാധ്യ ക്ഷേത്രത്തിലേക്ക് നിർമിച്ച രാം പഥ് റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നായിരുന്നു അവകാശവാദം. നിർമിച്ച ശേഷം പെയ്ത ആദ്യ മഴയിൽതന്നെ റോഡ് തകർന്നുവെന്നും ഗുജറാത്തിൽ നിന്നുള്ള ഭുവൻ ഇൻഫ്രാ കോം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു നിർമാണ ചുമതലയെന്നും വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നു.  

To advertise here,

എന്നാൽ ഈ ദൃശ്യങ്ങൾ അയോധ്യയിൽ നിന്നുള്ളതല്ല എന്നതാണ് യാഥാർഥ്യം. വിശദാംശങ്ങൾ ചുവടെ വായിക്കാം. 

പരിശോധനയിൽ നിരവധി പേർ സമാന അവകാശവാദങ്ങളോടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടു. 

 

 

 

 

വെറും അഞ്ച് സെക്കൻറ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിലെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ സംഭവത്തിന്റെ വ്യക്തവും അൽപംകൂടെ ദൈർഘ്യവുമുള്ള വീഡിയോകൾ കണ്ടെത്തി. ഇൻസ്റ്റഗ്രാമിൽ 2022 ജൂൺ 18, 26 തീയ്യതികളിലായിട്ടാണ് ഇവ പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴയ ദൃശ്യങ്ങളാണ് രാം പഥിൻറേത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എന്ന സൂചന ഇതിലൂടെ ലഭിച്ചു. മാത്രമല്ല ഈ ഇൻസ്റ്റ പോസ്റ്റുകൾ വിദേശഭാഷകളിലുമാണുള്ളത്. 

 

 

തുടർപരിശോധനയിൽ 2022 ജൂൺ ആറിലെ ഒരു ഇൻസ്റ്റാ പോസ്റ്റ് ലഭിച്ചു. മറ്റൊരു സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ഇതേ സംഭവത്തിന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങളാണിതിൽ. പോസ്റ്റിൽ വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണവും ഇതിന് ലഭിച്ചിരിക്കുന്ന കമൻറുകളുമെല്ലാം പോർച്ചുഗീസ് ഭാഷയിലാണ്. ദൃശ്യങ്ങൾക്ക് മുകളിൽ ബ്രസീൽ പതാകയുടേതിന് സമാനമായ ചിഹ്നവും നൽകിയിട്ടുണ്ട്. 

 

സൂചനകളുടെ അടിസ്ഥാനത്തിൽ കീവേർഡ് സർച്ച് ചെയ്തതിൽ നിന്നും 2022 ജൂൺ രണ്ടിന് ബ്രസീലിയൻ മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.  ടാബ്ലോയിഡായ ഒ പോവോയുടെ റിപ്പോർട്ട് അനുസരിച്ച്, ബ്രസീലിയൻ നഗരമായ കാസ്‌കവലിലായിരുന്നു സംഭവം. മരിയ റോസ്ലിൻ എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടത്.

പ്രസ്തുത സംഭവത്തിന് മുൻപായി പ്രദേശത്തെ നടപ്പാതയിൽ അറ്റുകറ്റപ്പണി നടത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്  ആ സ്ഥലത്തിന് നാല് വശത്തുമായി സുരക്ഷാ കോണുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ റോസ്ലിൻ ഇത് ശ്രദ്ധിക്കാതെ നടന്നതാണ് അപകടത്തിന് കാരണം എന്നാണ് വാർത്തകളിൽ പറയുന്നത്.

placeholder
ഒ പോവോ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

വാർത്താ ലിങ്ക് -  
https://www.opovo.com.br/noticias/ceara/cascavel/2022/06/02/mulher-cai-em-cratera-que-se-abriu-no-centro-de-cascavel-veja-video.html 

 

 

ബ്രസീൽ മാധ്യമമായ യുഒഎൽ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ

അയോധ്യയിലെ രാം പഥുമായി ബന്ധപ്പെടുത്തി നടക്കുന്ന ഈ പ്രചാരണം തെറ്റാണെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അയോധ്യ പോലീസും എക്‌സിലൂടെ (നേരത്തെ ട്വിറ്റർ) വ്യക്തമാക്കിയിട്ടുണ്ട്. 

 

അതേസമയം, അയോധ്യയിലെ രാം പഥിൽ വലിയ കുഴികൾ രൂപപ്പെട്ടതും വെള്ളക്കെട്ടുണ്ടായതും ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ വാർത്തയാക്കിയിരുന്നു. തുടർന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശാനുസരണം ആറ് പി.ഡബ്ല്യൂ.ഡി, ജൽ നിഗം ഉദ്യോഗസ്ഥരെ സസ്പൻറ് ചെയ്തു. 

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി നിർമ്മിച്ച റോഡിലെ പത്തിലധികം സ്ഥലങ്ങളിൽ വലിയ കുഴികൾ ഉണ്ടായതായാണ് മാധ്യമ വാർത്തകളിൽ പറയുന്നത്. 

placeholder
ഇന്ത്യൻ എക്‌സ്പ്രസ്സ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്