മിസ്റ്റർ ബീൻ എന്ന ഹാസ്യകഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച റൊവാൻ അറ്റ്കിൻസൺ വളരെ മോശം ആരോഗ്യസ്ഥിതിയിലാണെന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്തുത അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ് ലൈനിൽ ലഭിച്ച ഈ സന്ദേശം പരിശോധിച്ചതിൽനിന്നു പ്രചരാണം വ്യാജമാണെന്ന് കണ്ടെത്തി. വിശദാംശങ്ങൾ ചുവടെ.

പ്രാഥമിക പരിശോധനയിൽ പല ഭാഷകളിലായി ഇതേ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതായി കണ്ടെത്തി.
റൊവാൻ അറ്റ്കിൻസണുമായി ബന്ധപ്പെട്ട് ഇങ്ങനൊരു കാര്യമുണ്ടായിരുന്നെങ്കിൽ തീർച്ചയായും അത് മാധ്യമങ്ങളിൽ വാർത്തയായേനേ. കീ വേർഡ് സർച്ച് ചെയ്തതിൽനിന്ന് അത്തരം റിപ്പോർട്ടുകളൊന്നും കണ്ടെത്തിയില്ല. തുടർന്ന് അസുഖബാധിതനായ അറ്റ്കിൻസണിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം പരിശോധനയ്കക്ക് വിധേയമാക്കി.
അന്വേഷണത്തിൽ സമാനമായൊരു ചിത്രം ചില മാധ്യമ വാർത്തകൾക്കൊപ്പം നൽകിയിരിക്കുന്നതായി കണ്ടെത്തി (ഇരുചിത്രങ്ങളിലും കാണുന്ന പശ്ചാത്തലവും വസ്ത്രവുമെല്ലാം ഒന്നുതന്നെയാണ്). 2020 ജനുവരി 30-ന് പ്രസിദ്ധീകരിച്ച ഈ വാർത്ത, ബാരി ബാൽഡര്‍സ്റ്റോൺ എന്ന എഴുപത്തഞ്ചുകാരനെക്കുറിച്ചാണ്. പാർക്കിൻസൺസ്, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങി പല രോഗങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു ബാരി. ഇംഗ്ലണ്ടിലെ ബോളിംഗ്ടണ്ണിലുള്ള മൗണ്ട് ഹാൾ കെയർ ഹോമിലായിരുന്നു ഇദ്ദേഹത്തിന്റെ ചികിത്സ. നേരത്തെ സിവിൽ എഞ്ചിനീയർ ആയിരുന്ന ഇദ്ദേഹവും ഭാര്യ മെറിലിനും 2017-ലാണ് കെയർ ഹോമിലെത്തിയത്.
ബാരിയുടെ ചികിത്സാർത്ഥം ഹെൽത്ത് കെയർ സ്‌കീം വഴി ലഭിക്കുന്ന തുക പര്യാപ്തമല്ലെന്ന് കാട്ടി ഭാര്യ അധികൃതർക്ക് രണ്ട് തവണ (2017-ലും 2018-ലും) അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല എന്നാണ് വാർത്തയിൽ പറയുന്നത്. തുടർന്ന് 2019-ൽ ഇവർ അപ്പീൽ നൽകിയെങ്കിലും അതും തള്ളിപ്പോയി. 2019 ഒക്ടോബർ ആറാം തീയ്യതി അപ്പീൽ തള്ളിയ ദിവസം മെറിലിൻ പകർത്തിയ ബാരിയുടെ ചിത്രമാണ് വാർത്തകളിൽ നൽകിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം ബാരി മരണത്തിന് കീഴടങ്ങിയതായും വാർത്തയിലുണ്ട്.

https://www.mirror.co.uk/news/uk-news/seriously-ill-man-weighing-7st-21394214


ലണ്ടനിലെ ബോളിംഗ്ടൺ സ്വദേശിയായിരുന്നു ബാരി ബാൽഡര്‍സ്റ്റോൺ എന്നയാളുടെ ചിത്രം എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയാണ് റൊവാൻ അറ്റ്കിൻസണിന്റേത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
റൊവാൻ അറ്റ്കിൻസണുമായി ബന്ധപ്പെട്ട് ലഭ്യമായ പുതിയ വിവരങ്ങളും തുടർന്ന് പരിശോധിച്ചു. അദ്ദേഹത്തിന്റേതായി ചില ദൃശ്യങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നതായി കണ്ടെത്തി. ബ്രിട്ടീഷ് ഗ്രാൻ പ്രീ ഫോർമുല വൺ മത്സരം കാണാൻ അറ്റ്കിൻസൺ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണിത്. സ്‌കൈ സ്‌പോർട്ട്‌സ് അവതാരകനും മുൻ റേസ് കാർ ഡ്രൈവറുമായ മാർട്ടിൻ ബ്രണ്ടിൽ റോവൻ അറ്റ്കിൻസണുമായി നടത്തിയ ഹ്രസ്വ അഭിമുഖമാണ് വീഡിയോയിലുളളത്. 2024 ജൂലൈ ഏഴിന് ഇംഗ്ലണ്ടിലെ നോർത്താംപ്ടൺഷയറിലെ സിൽവര്‍സ്റ്റോൺ സർക്യൂട്ടിൽ ആയിരുന്നു മത്സരം നടന്നത്.
അമേരിക്കൻ സ്‌പോർട്‌സ് ചാനലായ ബീ ഇൻ സ്‌പോർട്‌സ് യുഎസ്എയുടെ ഫേസ്ബുക്ക് പേജിൽ ജൂലൈ 12-ന് പോസ്റ്റ് ചെയ്ത അറ്റ്കിൻസണിന്റെ മറ്റൊരു വീഡിയോയും ലഭിച്ചു.
https://www.facebook.com/watch/?v=371030962758818
ഈ വീഡിയോകളിലെല്ലാം മിസ്റ്റർ ബീൻ ആരോഗ്യവാനായാണ് കാണപ്പെടുന്നത്.
വാസ്തവം
പ്രമുഖ നടൻ റൊവാൻ അറ്റ്കിൻസണിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം ലണ്ടനിലെ ബോളിംഗ്ടൺ സ്വദേശി ബാരി ബാൽഡര്‍സ്റ്റോൺ എന്നയാളുടേതാണ്. ബാരിയുടെ ചിത്രത്തിൽ സാങ്കേതികമായി മാറ്റം വരുത്തിയാണ് അറ്റ്കിൻസണിന്റേതെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത്.
Content Highlights: Picture claiming Rowan Atkinson of Mr. Bean fame is in a very poor state of health
Published: 19 Jul 2024, 06:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented